Powered By Blogger

Saturday, February 28, 2015

വീണ്ടും ഒരു ഓർമ്മ


സ്കൂളിൽ പോകുക എന്ന് പറഞ്ഞാൽ ആക്ച്വലി ഒരു അർമാദിക്കൽ ആയിരുന്നു. നല്ല രസല്ലേ....അഴിച്ചു വിട്ട കാളയെ പോലെ ഒരു പോക്ക്. പ്രത്യേകിച്ചും മഴക്കാലത്ത്.

സ്കൂളിലേക്ക് നടന്നു പോകുന്ന ആ പോക്ക്. ഹോ... ഇന്നിപ്പോ പറഞ്ഞാ വിശ്വസിക്കാൻ പ്രയാസമുള്ള പയ്യൻസ് ഉണ്ടാവും. നമ്മുടെ നവയുഗ ഫ്രീക്കന്മാർ..

പഴയ ആളുകൾ പറയുന്ന പോലെ പറഞ്ഞു തുടങ്ങാം.. ഹാ..അതൊക്കെ ഒരു കാലം..

റോഡിലെ കുഴികളിലെ ചെളി പരസ്പരം തെറിപ്പിച്ചും. വഴിയിൽ നിന്നും മാങ്ങ, പുളി എന്നീ സാധങ്ങൾ എറിഞ്ഞും പെറുക്കിയും ഒരു കാലവണ്ടിയെങ്ങാൻ കണ്ടാൽ അതിന്റെ പുറകിൽ തൂങ്ങി...നടന്നിരുന്ന മനോഹരമായ ബാല്യകാലം.

വെള്ള യൂനിഫൊർമിൽ താഴെ മുതൽ വീ കെ സി യുടെ വയലറ്റ് കളർ ചെരുപ്പ് കൊണ്ട് അടിച്ചു കയറ്റിയ ചെളി തുള്ളികൾ... പരസ്പരം കുത്ത് കൂടി തുളഞ്ഞ കുടകൾ.. എല്ലാ കുടകളും കൂടെ നിരത്തി വെച്ച് നടക്കാൻ പോലും സ്ഥലമില്ലാത്ത ക്ലാസ്സ് മുറികൾ

ക്ലാസ്സ്‌ മുറികളിലെ അരമതിലിൻറെ പാതി മറച്ചിരുന്ന തട്ടികയുടെ ഇടയിലൂടെ വരുന്ന മഴത്തുള്ളികൾ... പൊട്ടിയ ഓടിന്റെ ഇടയിലൂടെ മഴവെള്ളം ചോരുന്ന ക്ലാസ് മുറികൾ...ഹൌ....ആലോചിക്കാൻ വയ്യ. മഴപെയ്താൽ സ്കൂളിലെ മുറ്റത്ത് നിറയെ വെള്ള ചാലുകൾ ഉണ്ടാവും. അതിനു റൂട്ട് ഉണ്ടാക്കൽ ആണ് പ്രധാന കളി. സൂയസ് കനാലിനെ വരെ തോൽപ്പിക്കുന്ന തരത്തില്ലുള്ള വെള്ള ചാലുകൾ

ഇത്യാദി കളികൾ എല്ലാം കഴിഞ്ഞു നനഞ്ഞു ഒട്ടി ക്ലാസ്സിൽ ഇരിക്കണം...പെരുംജാതി സുഖാ അതിനു. എന്നിട്ട് വൈകുന്നേരം വീട്ടില് ചെന്ന് നോക്കിയാ അറിയാം അക്രമം. ഷർട്ട്‌ കരിമ്പന പിടിച്ച നല്ല ഡിസൈൻ ഒക്കെ ആയി.. അമ്മ ഓടിക്കാൻ വേറെ വല്ലോം വേണോ??

എനാലും അതൊരു നല്ല കാലം തന്നെ ആയിരുന്നു. ബാഗ്‌ ഒക്കെ ഉണ്ടെങ്കിലും മഴത്തുള്ളികൾ വീണു പേര് മാഞ്ഞു തുടങ്ങിയ പുസ്തകങ്ങളും ...എഴുത്തു പടർന്ന പേജുകളും.... ഓർമകൾക്ക്‌ പണ്ടത്തെ പോലെ തന്നെ ഇന്നും ഒരു സുഗന്ധം.......

ഇന്നത്തെ കാലത്ത് സ്കൂളിലെ വെള്ളച്ചാലുകളിൽ കടലാസ് കപ്പൽ ഉണ്ടാക്കി രസിച്ചിരുന്ന എത്ര പേരുണ്ടാവും??? കൂട്ടുകാരന്റെ കപ്പൽ മുക്കുമ്പോൾ കിട്ടുന്ന ഒരു ആത്മനിർവൃതി,,ഹോ....തിരിച്ചും പണി കിട്ടും..അത് വേറെ കാര്യം...

ഇനി വേനൽ കാലത്ത് നേരിട്ടിരുന്ന ഒരു വലിയ പ്രശ്നം ആയിരുന്നു കുടി വെള്ളം. ചുക്കുവെള്ളത്തിന്റെ കറ പിടിച്ച പ്ലാസ്റ്റികിന്റെ കുപ്പിയിൽ കൊണ്ടുപോയ വെള്ളം ഉച്ച ആവുമ്പോഴേക്കും തീർന്നിട്ടുണ്ടാകും.. പിന്നെ പൈപ്പിലെ വെള്ളം. അതും തീരും. വീട്ടിൽ നിന്നും പ്രത്യേകം പറയും..പൈപ്പ് വെള്ളം കുടിക്കല്ലേ എന്ന്... ദാഹിച്ചു എരിപൊരി സഞ്ചാരം തുടങ്ങിയാ പിന്നെ എന്ത് പൈപ്പ്...

എല്ലാം തീർന്നാ പിന്നെ ദാഹിച് കരിഞ്ഞു ഇരിക്കും.പെണ്‍കുട്ടികളോട് കടം വാങ്ങി കുടിക്കും..തന്നില്ലെങ്കിലോ, മാന്യമായി കട്ട് കുടിക്കും..ഹമ്പട... സ്കൂളിലെ അരമതിലിൽ നിരത്തി വെച്ചിട്ടുണ്ടാകും പല കളറിൽ ഉള്ള വാട്ടർ ബോട്ടിലുകൾ... അതിൽ നിന്നും എടുത്തു കുടിക്കാനും ഉണ്ട് ഒരു സുഖം

സ്കൂൾ വിട്ടു പോകുമ്പോൾ പഞ്ചായത്ത്‌ കിണറ്റിൽ നിനും വെള്ളം കോരുന്ന ലലനാമണികളുടെ ദയക്ക് വേണ്ടി കാത്തു നിൽക്കും. ഒരു കൈക്കുമ്പിൾ വെള്ളം കിട്ടണമെങ്കിൽ രണ്ടു ടാങ്കർ ഇരക്കണം.. ഒരു വിധം എല്ലാരും തരും. എന്നാലും ഉണ്ടാകും ചില ച്യാച്ചിമാര്. ദാഹിച്ചാ വെള്ളം തരില്ലാന്നെയ്...അപ്പോ പിന്നെ അവര് വല്ല ഇടിവെട്ടി ചവണേ എന്നോ, വെള്ളം കോരുമ്പോ കിണറ്റിൽ വീഴണേ എന്നോ ഒരു പ്രാർത്ഥനയാ...!! അല്ല കൊടിയ പാപം അല്ലെ അവർ ചെയ്യുന്നത്. ദേഷ്യം വരില്ലേ പിന്നെ....കുടിവെള്ളം പൂഴ്ത്തിവേക്കുന്നോ??

ഒരുവിധം വാടിത്തളർന്ന് വീട്ടിലെത്തുമ്പോഴേക്കും ഒരു വഴിക്ക് ആയിട്ടുണ്ടാകും. പക്ഷെ മ്മടെ പരിപാടി തൊടങ്ങാൻ പോണല്ലേ ഉള്ളു. പാടത്ത് കുത്തി മറയണ്ടേ?? പാടത്തെ കളി ഒക്കെ കഴിഞ്ഞു വീട്ടിലേക്കു ഒരു പോക്കുണ്ട്. പെറ്റ അമ്മ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ..

എന്നാലും ആ കാലത്തിനു ഒരു സുഖമുണ്ടായിരുന്നു. കമ്പ്യുട്ടെർ ഗെയുമുകൾ സമയം കാർന്നു തിന്നാത്ത, സീരിയലുകൾ അമ്മമാരേ കരയിക്കാത്ത വൈകുന്നേരങ്ങൾ... അടുത്ത വീട്ടിലെ കോലായിൽ വിശേഷങ്ങൾ പങ്കു വെച്ചിരുന്ന സായാഹ്നങ്ങൾ... നന്മ നിറഞ്ഞ നാട്ടിൻപുറങ്ങൾ

ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന...!!!!

രഞ്ജിത്ത് മണ്ണാർക്കാട്

No comments: