Powered By Blogger

Sunday, November 23, 2014

ലാഭക്കച്ചവടം




വീട്ടിൽ ഒരു നേരത്തെ അന്നം ചോദിച്ചു വരുന്നവരെ പട്ടിയെ അഴിച്ചു വിട്ടു ഓടിക്കുന്നവർ ഫേസ്ബുക്കിൽ പാവങ്ങൾക്ക് നേരെ സഹതപിക്കുന്നത് കാണുമ്പോ ഒരു സംഭവം ഓർമ്മ വരുന്നു. ഒരു പഴയ ഓർമ്മ

മണ്ണാർക്കാട് ടൌണിൽ ഒരു ചെരുപ്പുകുത്തി ഉണ്ട്. ഒരു പാവം വൃദ്ധൻ.
സാഹിത്യ ഭാഷയിൽ പറഞ്ഞാൽ വിധിയുടെ ബലിമൃഗങ്ങളുടെ നിരന്തരമായ ആക്രമണം കൊണ്ട് പരിക്ഷീണിതനായ ഒരു മനുഷ്യൻ മുഖത്ത് വിശപ്പിന്റെ ആണോ എന്നറിയില്ല. ഒരു നിർവികാരത.

ഒരു ദിവസം, ഒരു ഞായറാഴ്ച ആണെന്നാണ് എന്റെ ഓർമ്മ.

ടൌണിലെ പെരുമാളിൻറെ കടയുടെ മുന്നിൽ നട്ടുച്ചക്ക് നട്ടപ്ര വെയിലത്ത്‌ ഒരുത്തനേം കാത്തു നിൽക്കുമ്പോൾ (അവൻ വന്നില്ല. അവനെ എന്റെ കയ്യിൽ പിന്നീട് കിട്ടി) ഒരു മാന്യൻ. ഇന്നോവ കാറിൽ വന്നിറങ്ങി. ഇറങ്ങി ഒന്ന് നോക്കി. ഒപ്പമുള്ള ആളോട് കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. എന്നിട്ട് നേരെ ആ ചെരുപ്പ് തുന്നുന്ന ആളുടെ അടുത്ത് ചെന്ന്.

മ്മടെ മാന്യൻ കയ്യിൽ ഉള്ള സ്വർണ്ണ ചങ്ങല ചന്തത്തിൽ ഒന്ന് കയറ്റി വെച്ച്. തടിയൻ പെർസും, തേക്കിന്റെ പലകപോലത്തെ രണ്ടു മൊബൈലും പതിയെ ശ്രദ്ധയോടെ താഴെ വെച്ച്. എന്നോ വംശനാശം വന്ന ഒരു ലെതെർ ചെരുപ്പ് ഒരു കവറിൽ നിന്ന് എടുത്തു. തുന്നാൻ ഏൽപ്പിച്ചു, എന്നിട്ട് ഒന്ന് രണ്ടു ചുവടു മാറി നിന്നു.

ആൾടെ മുഖം കണ്ടാൽ പ്രൌഡ ഗംഭീര ഭാവം. ഒരു അസ്സൽ മൊതലാളി. കയ്യിലെ പെരുംബാബിനെ പോലുള്ള തടിച്ച വാച്ചിൽ സമയം നോക്കി നിൽക്കുന്നു.

പാവം നമ്മുടെ ചെരുപ്പ് തുന്നുന്ന ആൾ ഒരു മുതലാളിയെ ജീവനോടെ അടുത്ത് കണ്ടപ്പോ മിക്കവാറും ഇത് തുന്നി തീർന്ന എന്തേലും കഴിക്കാം എന്നാ ഒരു ആശ്വാസത്തിൽ ആയിരിക്കും ഒരു പ്രസന്നത മുഖത്ത്.. കഷ്ടപ്പെട്ട്, അതിൽ അയാളെ കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം തുന്നി ചേർത്തു. ആ ചെരുപ്പിൽ നാല് ഉണ്ട നൂൽ ഉപയോഗിക്കേണ്ടി വരും എന്ന് തോന്നി കണ്ടപ്പോ തന്നെ. അത്രേം കീറി പറിഞ്ഞിരിക്കുന്നു. കഷ്ടപ്പെട്ട് പെട്ടന്നു തന്നെ ക്ഷീണിച്ച വിരലുകൾ കൊണ്ട് പണി തീർത്തു കൊടുത്തു

മൊതലാളി ഒരു അറപ്പ് കലർന്ന ഭാവത്തോടെ എങ്ങും തൊടാതെ ശ്രദ്ധിച്ചു ചെരുപ്പ് വാങ്ങി കവറിൽ ഇട്ടു.

മൊ : എത്രയാ
ചെ. കു. : 15 രൂപ സർ
മൊ. : 15 രൂപയോ. ഈ പഴയ ചെരിപ്പിനൊ?
ചെ. കു. : സാർ അത് മുഴുവൻ കീറിയിരുന്നു. സാറിന് നോക്കിയാ അറിയാം. മുഴുവൻ തുന്നിയിട്ടുണ്ട്
മൊ . : ഇതിപ്പോ പുതിയ ചെരിപ്പിന് ഈ വില ഇല്ലല്ലോ. അതിന്റെ വിട്ടുപോയ ഭാഗം ഒന്ന് തുന്നിയാ പോരെ?
ചെ. കു. :സാർ, അത്രയേ ചെയ്തിട്ടുള്ളൂ. അതിനുള്ള കൂലിയാ ചോദിച്ചേ
മൊ : അതേയ് ഞാനും ഈ നാട്ടുകാരനാ. എന്ത് കൂലിയാ ഇത്? ചെരുപ്പ് തുന്നുന്നതിനു 15 രൂപയോ? അതിനു മാത്രം പണി ഉണ്ടെങ്കിൽ പോട്ടെ. ഇതാണെങ്കിൽ ഒരു പഴയ ചെരിപ്പും. വീട്ടില് ഇടാമല്ലോ ഏന്നു വിചാരിച്ചപ്പോ?? ഞാൻ പുതിയത് വാങ്ങുമായിരുന്നല്ലോ.
ചെ. കു. : സാറിനെ പോലുള്ളവർ ഇങ്ങനെ പറയാമോ സാർ. ശരി, സാറിനു തരാൻ പറ്റുന്നത് സാറ് തന്നോളു. മുഖത്തെ എല്ലാ പ്രതീക്ഷയും വറ്റി വരണ്ട ഒരു ഭാവം അയാളിൽ കണ്ടു.,
ആ മൊതലാളി തടിയൻ പേർസിൽ നിന്നും. പരമാവധി മുഷിഞ്ഞ ഒരു 10 രൂപയുടെ നോട്ടു എടുത്തു ആ പാവത്തിൻറെ മുന്നിലെ പ്ലാസ്ടിക് ഷീറ്റിലേക്ക് ഇട്ടു. ആ പാവം മനുഷ്യൻ ഏന്ത് പറയണം എന്നറിയാതെ നിർവികാരനായി മാന്യൻറെ മുഖത്തേക്ക് ഒന്ന് നോക്കി.

അപോഴെക്കും മാന്യൻ ഇന്നോവക്കാരനെ വിളിച്ചു വരുത്തി.

കാറിൽ കേറുമ്പോൾ ഒപ്പമുള്ള ആളോട് പറയുന്നത് കേട്ടു.
ചെരുപ്പ് തുന്നാൻ ഒക്കെ ഇപ്പൊ ആളെ കൊള്ളുന്ന ചാർജ്ജാ. എങ്ങനെ ആളെ പറ്റിക്കാം എന്ന് ഓർത്തു നടക്കുകയ ഓരോരുത്തർ.

കാർ പോയപ്പോ. ആരോടും പരാതി പറയാനില്ലാതെ അന്നത്തെ സമ്പാദ്യം ആയ ആ 10 രൂപ എടുത്ത് നോക്കുന്ന ആ വൃദ്ധനെ കണ്ടപ്പോ. എവിടെ നിന്നോ ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ വന്നു. ആ പാവത്തിന്റെ കയ്യിൽ നിന്നും തട്ടി പറച്ച 5 രൂപകൊണ്ട് മൊതലാളി പിന്നേം മൊതലാളി ആയി.
അങ്ങേർ ആ രൂപയ്ക്കു വേറെ ഒരു ഇന്നോവ വാങ്ങിച്ചു കാണും. തെങ്ങിൻ തോട്ടവും, ആനയേം വാങ്ങിക്കാണും. ബാക്കി പണം സ്വിസ്സ് ബാങ്കിലേക്ക് തള്ളി കാണും..
നന്നാവട്ടെ. മോതലാലീടെ ദാരിദ്രമെങ്കിലും മാറണമല്ലോ.

ആരെയും നോവിക്കാനോ പരിഹസിക്കാനോ അല്ല ഈ പോസ്റ്റ്‌, നേരിൽ കണ്ട ഒരു സംഭവം. അത് ഓർത്തെടുത്തു എന്നെ ഉള്ളു...
വിലപേശൽ ആകാം. അത് അന്നത്തിനു വഴി ഇല്ലാത്ത പാവങ്ങളോട് ആവരുത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി, അയാളുടെ വരവും കാത്തു ചിലപ്പോ അയാളുടെ വീട്ടില് മറ്റു കണ്ണുകൾ കാത്തിരിക്കുന്നുണ്ടാകം.
ആ 5 രൂപ കൂടെ ഉണ്ടായിരുന്നെങ്കിൽ ആ പാവത്തിന്റെ ബുദ്ധിമുട്ടുകൾ കുറയില്ല. പക്ഷെ. അയാൾക് അയാൾ അർഹിക്കുന്ന ഒരു കൂലി ആകുമായിരുന്നു അത്.
വിശപ്പും പട്ടിണിയും ഒന്നും പറഞ്ഞാലോ വായിച്ചാലോ വാ തോരാതെ പ്രസംഗിച്ചാലോ മനസിലാവില്ല. അത് അനുഭവിച്ചറിയണം

തേനീച്ചയും രാമേട്ടനും...!!













നാട്ടിൽ തെങ്ങ് കയറ്റക്കാരെ കിട്ടാൻ വല്ല്യ കഷ്ടമാ. ഇപ്പൊ പ്രത്യേകിച്ചും. ഇപ്പോഴത്തെ ബഡീസ് ആൻഡ്‌ ഡ്യുഡ്സ് കോക്കനട്ട് ട്രീ ക്ലൈംബിങ്ങ് അത്ര ഗുഡ് ജോബ്‌ അല്ല എന്നാ ഒരു കണ്ക്ലൂഷനിൽ ആണ്.

എന്നാൽ കുറച്ചു കാലം മുൻപ്, തെങ്ങ് കയറ്റം കുലത്തൊഴിൽ ആകിയ ചില ആളുകൾ ഉണ്ടയിരുന്നു. തെങ്ങ് കയറ്റയന്ത്രങ്ങൾ വരുന്നതിനു മുൻപേ...

ആ ഗണത്തിൽ ഉള്ള ഒരു തെങ്ങ് കയറ്റ ബഡി ആണ് രാമേട്ടൻ. ഞങ്ങളുടെ വീട്ടിലെ ഓതറൈസ്ട് തെങ്ങ് കയറ്റക്കാരൻ ആയിരുന്നു ഉഗ്രൻ

ബൈ ദ വെ, വീട്ടിൽ അത്യാവശ്യം തെങ്ങുകൾ ഉണ്ടായിരുന്നു. കേറാൻ രാമേട്ടനും. അവൈലബിൾ ഓണ്‍ "കാൾ".

എന്ന് വെച്ച് പെട്ടന്ന് ഒന്നും ആളെ കിട്ടില്ല. അത് വേറെ കാര്യം. വീടിന്റെ അടുത്തു ഒരു കള്ളുഷാപ് ഉണ്ട്. അതിന്റെ മുന്നിൽ (മുന്നിൽ എന്നാ പറഞ്ഞത്. ഉള്ളിൽ എന്നല്ല.) കാത്തു നിക്കണം. വരവും കാത്തു. ഒരു നില്പ്പ് നിൽപ്പര നിൽപെമുക്കാൽ നില്പാവുമ്പോൾ

തലയിൽ ഒരു മുഷിഞ്ഞ തോർത്തുമുണ്ട് കൊണ്ട് വട്ടത്തിൽ ഒരു കെട്ടും, അരയിൽ മുട്ടിറക്കമുള്ള മുഷിഞ്ഞ ഒരു മുണ്ടും, ഒരു കയ്യിൽ വെട്ടുകത്തിയും ആയി. വരും. രാമേട്ടൻ ദ വണ്‍ ആൻഡ്‌ ഒണ്‍ലി..

മ്മളെ കണ്ടാൽ തന്നെ ഒരു പരുങ്ങലാ. വേറെ ഒന്നും അല്ല. പണിക്ക്‌ വിളിക്കും. അതന്നെ. കള്ള് കുടിക്കാൻ മൂഡ്‌ ആയി വന്ന രാമേട്ടനെ തെങ്ങിൽ കയറാൻ വിളിക്യേ??? കൊടും പാപം. ഒരുത്തനെ വെറുതെ അർമാദിക്കൻ വിടാത്തത്‌ തെറ്റല്ലേ?? അല്ല .പിന്നെ..

അങ്ങനെ ഒരു ഫൈൻ ഡേ. വീട്ടിലെ കൊക്കനട്ടിന്റെ സ്റ്റൊക് കേരള ഘജനാവ് പോലെ ആയ ഒരു ദിവസം. ടി രാമേട്ടനെ കോണ്ടാക്റ്റ് ചെയ്യേണ്ട ആവശ്യം വരികയും, തദ്വാരാ ടി കള്ളുഷാപ്പിന്റെ മുന്നിൽ വെറുതെ അങ്ങേരേം കാത്തു നിൽകേണ്ട അസുലഭ അവസരം, പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ബിസി ആയി നടക്കുന്ന എനിക്ക് വന്നു ചേരുകയും ചെയ്തു.

സമയം ഇഴഞ്ഞു നീങ്ങുന്ന ഒരു മനോഹര സായാഹ്നം. കള്ളുഷാപ്പിന്റെ മുന്നിൽ നാട്ടിലെ പേരുകേട്ട നല്ല പയ്യന് ആയ ദിസ് ബോയ്‌ ഞാൻ സ്വയം മനസ്സിന് കരുത്തു പകർന്നു നിൽകുന്ന ആ സമയം. നാട്ടിലെ സ്കൂളുകളും കോളെജുകളും ഒക്കെ വിട്ടിട്ടും കിടാങ്ങൾ എല്ലാം വീട് പുൽകി പതിവ് പോലെ അരികോണ്ടാട്ടവും ഇഡ്ഡലി ഉപ്പുമാവും ചായയും കുടിച്ചു കഴിഞ്ഞിട്ടും അടുത്ത വീട്ടിലെ ഒരു സുന്ദരി (പേര് ചോദിക്കണ്ട. പറയില്ല. ഇപ്പൊ എന്റെ എഫ് .ബി ഫ്രണ്ടാ) ആയ കുട്ടി ആ സമയത്ത്.. ത്രിസന്ധ്യ നേരത്ത് ആ വഴിയിലൂടെ വരേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?? മന്ദം മന്ദം കുണുങ്ങി വന്ന അവൾ കള്ളുഷാപ്പിന്റെ മുന്നില് വെച്ച് എന്നോട് അടക്കാനാവാത്ത ചിരിയോടെ "കാശു തികയാഞ്ഞിട്ടു പുറത്തു നിർത്തിയതാണോ ഏട്ടാ" ഏന്നു ചോദിക്കുമെന്ന് ഞാൻ മനസ്സാ വാചാ കർമണാ നിരീച്ചില്ല. ഒരുമാതിരി കഴുത്തറ്റം പാമ്പ്‌ വിഴുങ്ങിയ ആൾടെ തലയിൽ ആന ചവിട്ടി എന്ന് പറഞ്ഞ പോലെ ഒരു അവസ്ഥയായി എന്റെ. ഞാൻ ആകെ ചാണകത്തിൽ ചവിട്ട്യ പോലെ അങ്ങനെ നിന്നു.

ആ സമയം ആണ്. നമ്മുടെ രമേട്ടൻ കൂന്താളിച്ചു കൂന്താളിച്ചു വന്നത്. കൂന്താളിക്കാൻ ഉണ്ടായ പ്രചോദനം എന്നെ ദൂരെ നിന്നെ കണ്ടതാണെന്നു പ്രത്യേകം പറയണ്ടല്ലോ.

കള്ളുഷാപ്പിനു വേറെ വാതിലോ വഴിയോ ഇല്ലാത്തതിന് ടി പ്രസ്ഥാനത്തിന്റെ ശിലാ സ്ഥാപകനും സർവ്വോപരി മൊതലാളിയും ആയ പ്രൊ.ആണ്ടി ചേട്ടനെ മനസ്സാൽ പ്രാകി, വെളുക്കനെ ഒന്ന് ചിരിച്ച് തലവെട്ടിച്ചു ആൾ എന്റെ മുന്നില് പറന്നിറങ്ങി. ആവശ്യമറിയിച്ചപ്പോൾ ജഗന്നാഥന്റെ ഉസ്താദിന്റെ (പേര് മറന്നു പോയതാ) സ്റ്റയിലിൽ ദക്ഷിണ വെക്കാൻ പറഞ്ഞു.

വേറെ ഒന്നും അല്ല, ആൾടെ ബാറ്റെറി ലോ ആണത്രേ. ചാർജ്ജു ചെയ്യാൻ ആണെന്ന് മൊഴി. ഊരു തെണ്ടിയുടെ ഓട്ടക്കീശയിൽ എന്തുണ്ട്??? രാമേട്ടനെ വിളിക്കാൻ അയച്ച അമ്മയെ മനസ്സില് ധ്യാനിച്ച് എരപ്പാളി രാഗത്തിൽ ഞാനും പാടി. രാമേട്ടാ.കങ്ങിൽ തെയറിയാൽ, ഛെ അല്ല, തെങ്ങിൽ കയറിയാൽ പള്ള നെറച്ച് പൈസ തരുമല്ലോ. അഡ്വാൻസ് പരിപാടി മ്മക്ക് ഹറാം ആണ്. നിശ്ചയമായും ആ സമയത്ത് എന്റെ അച്ഛൻ തുമ്മിക്കാണണം. രാമൻ ബ്രൊ പല്ല് ഞെരിച്ചു ചിരിച്ചുകൊണ്ടാ പറഞ്ഞെ... നടന്നോളൂ "മോനെ"എന്ന്. അച്ഛൻ തുമ്മാതെ തരമില്ല...എന്നാ പിന്നെ ഞാൻ ഈ ലഗേജു ഷാപ്പിൽ വെച്ചിട്ട് വരാം എന്ന് പറഞ്ഞു പുള്ളി എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ചാടി ഉള്ളിൽ കയറി..

പിന്നേം നിൽപ്പ്. ഇത്തവണ അധികം നിൽക്കാതെ ആള് പെട്ടന്ന് തന്നെ വന്നു. മന്ദമാരുതൻ വീശിയടിച്ചു.. കള്ളിന്റെ മണവും അറ്റാച്ച് ചെയ്തിരുന്നു ഫോർ ഇൻഫോർമേഷൻ.

വീട്ടിലെത്തി തെങ്ങ് കാണിച്ചു കൊടുത്തു. പുള്ളി അകെ ഒന്ന് നോക്കി. സില്ലി കോക്കനട്ട് ട്രീ. ഇത് ഞാൻ എത്ര കണ്ടതാ.. ഇത് തല കീഴെ ആയിരുന്നെങ്കിൽ കേറേണ്ട ആവശ്യമില്ലയിരുന്നുതാഴെ നിന്ന് പറിച്ചു സ്കൂട്ട് അവാരുന്നു..

ഇത്യാദി ചിന്തകളാൽ തെങ്ങിനെ ഒന്ന് വണങ്ങി, തളപ്പോക്കെ ശരിപ്പെടുത്തി മേലോട്ട് ഒന്ന് നോക്കീട്ടു പറഞ്ഞു. കുട്ട്യേ തെങ്ങിന് ഉയരം കൂടുതലാ..പോരാത്തേന് ത്രിസന്ധ്യേം. കുറച്ചു കൂടും ട്ടോ. തേങ്ങ എന്ന അസുലഭ സാധനം തെങ്ങിന്റെ മുകളിൽ ആയതിനാലും, ടി പണി എനിക്ക് അറിയാത്തതിനാലും, രാമേട്ടൻ കെറ് രാമേട്ടാ ബാകി മ്മക്ക് ശരിയാക്കാം എന്നാ ധാരണയിൽ ഉഗ്രൻ ക്ലൈം ബിംഗ് ആരംഭിച്ചു. മുക്കാൽ ഭാഗത്തോളം കേറി. ഒന്ന് നിന്നു. പോസ് ബട്ടണ്‍ അമർത്തിയപോലെ.....ഒന്ന് താഴേക്ക്‌ നോക്കി... മേലേക്കും നോക്കി. ഇടം നോക്കി... വലം നോക്കി. ഞെരിഞ്ഞമർന്നു

എന്തോ ഒരു കുഞ്ഞു പന്തികേട് എനിക്കും തോന്നി.

എന്താ രാമേട്ടാ?? എന്തേലും ബുദ്ധിമുട്ടുണ്ടോ?? ഒന്ന് വിക്കി ഞാൻ ചോദിച്ചു... രാമേട്ടൻ എന്നെ ഒന്ന് നോക്കി. താഴെ വന്നിട്ട് കാണാഡാ എന്നാ ഭാവത്തിലാവണം

പിന്നെ എല്ലാം വേഗം ആയിരുന്നു. കേറിയ രാമേട്ടൻ താഴേക്ക് ഒരു ഒന്ന് ഒന്നര സ്പീഡിൽ ഒരു വരവ്.

ക്രാഷ് ലാന്റിംഗ് ചെയ്ത ശേഷം ഒരു വെപ്രാളം.. ഇടയ്ക്കിടെ മേലോട്ട് നോക്കുന്നു. കൂട്ടത്തിൽ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവും.

ഞാൻ രണ്ടു ചുവടു മാറി നിന്നു. അല്ല ഇനി പുള്ളിക് പ്രകോപനം ഉണ്ടാവരുതല്ലോ. നമ്മളായിട്ട് അതിനിട വരുത്തരുത്...ശരീര സംരക്ഷണം എനിക്ക് പണ്ടേ വീക്നെസ്സാ.. രാമേട്ടൻ തളപ്പെടുത്തു തോളത്തു ഫിറ്റ്‌ ചെയ്തു അല്പം സ്പീഡിൽ നടന്നുതുടങ്ങി...ഇടയ്ക്കു കയ്‌ ചോറിയുന്നും ഉണ്ട്.

കാര്യം മനസിലാകാതെ പുറകെ ഞാനും. തെങ്ങ് പിണങ്ങ്യോ?കള്ളു കുടിച്ചു കേറിയപ്പോ. ഞൻ ഒന്ന് പേടിച്ചു ആ ഗ്യാപ് കീപ്‌ ചെയ്തു ചോദിച്ചു. രമേട്ടോ... എന്താ പ്രശ്നം? രാമേട്ടൻ ഓതിര കടകം തിരിഞ്ഞു നിന്നു. ഉറുമി ആ പഞ്ചായത്തിൽ ഉണ്ടായിരുന്നെങ്കിൽ എടുത്തു വീശിയേനെ......

ആ ദേഷ്യവും കൂടി ആഡ് ചെയ്തു പറഞ്ഞു കുട്ട്യേ... തെങ്ങ് ഒക്കെ കൊള്ളാം. തേങ്ങേം ഉണ്ട്. അതിൽ തേനീച്ച കൂട് ഉള്ള കാര്യം ഒന്ന് പറയാരുന്നില്ലേ??? എന്തോ ഭാഗ്യം അത് എന്റെ പിന്നാലെ വരാഞ്ഞത്... എന്റെ അവസാനം ആയേനെ.

ഈ നേരം കേട്ട നേരത്ത്...നിങ്ങൾക്കൊകെ നിങ്ങടെ ആവശ്യം നടന്ന മതീല്ലോ. മറ്റുള്ളവൻ എന്തായാൽ എന്താ...പിന്നെ പറഞ്ഞതു ഫ്രഞ്ച് ആയിരുന്നു. സ്വീഡിഷ് ഭാഷയും കൂടെ ചെർന്നതിനാൽ എനിക്ക് പിടികിട്ടീല്ല

അപ്പൊ എന്താ ഉണ്ടായെന്നു വെച്ചാ... തെങ്ങിൽ കേറി പെട്ടന്നു പണി നിർത്തി പോകാനുള്ള ആക്രാന്തം കൊണ്ട് ആഞ്ഞു പിടിച്ചു കേറീതാ. അതിൽ ഉള്ള ഒരു പോടിൽ തേനീച്ച കൂട് കൂട്ടിയിരുന്നു. അതു രാമേട്ടന്റെ ആ തെങ്ങിലെ ലാസ്റ്റ് വിസിറ്റിനു ശേഷം ഉള്ളതായിരുന്നു. അതുകൊണ്ട് പുള്ളിക്കത് മനസ്സിലായില്ല. ഞാൻ ആ വഴി പോകാതോണ്ട് അത് കണ്ടതും ഇല്ല. പുള്ളി വട്ടം പിടിച്ചപ്പോ കറക്റ്റ് കേറി പിടിച്ചത് ആ കൂട്ടിൽ ആയിപ്പോയി..ദെവ്യെയ്. ഇപ്പൊ ഓർക്കുമ്പോ ആ വരവും.. ലാന്റിങ്ങും എല്ലാം ഒരു രസം. എന്നാൽ അതിന്റെ ഗൌരവം ആലോചിച്ചാൽ ഒരു വിറയലാ. സംഗതി എന്തായാലും പിന്നീട് എന്നെ കണ്ടാൽ രാമേട്ടൻ ഒന്ന് ഞൊണ്ടി നടക്കും. എന്തിനാ.. തെങ്ങിൽ കയറാൻ വിളിച്ചാലോ...?? അതന്നെ സംഭവം..

==============================രഞ്ജിത്ത് മണ്ണാർക്കാട്

Sunday, November 16, 2014

സപ്ലിയും തുണ്ടും പിന്നെ ഞാനും

ഓർമകൾക്ക് ഒരു സ്വഭാവമുണ്ട്. നമ്മൾ മനസ്സിനോട് എത്ര തവണ ഓർക്കണ്ട്രാ ഓർക്കണ്ട്രാ എന്ന് പറഞ്ഞാലും പണ്ടാരം മനസ്സിൽ ഇങ്ങനെ പൊങ്ങി വരും. അങ്ങനെ ഒരു ഓർമ്മ..

പണ്ട് പണ്ട്...എന്ന് പറഞ്ഞാൽ പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി അല്ലാത്ത കാലം.
ന്നു വെച്ചാ കോളജുകളിൽ നിന്നും പ്രീ ഡിഗ്രി എന്ന സംഭവം എടുത്തു കളയാൻ തീരുമാനിക്കപ്പെട്ട ആ വൃത്തികെട്ട കാലം.
അതിലെ അവസാനത്തെ പ്രീ ഡിഗ്രിക്കാരൻ ആയ ഞാൻ പഠിച്ചിറങ്ങിയ കാലം.
കോളേജിൽ പോകുക എന്ന മൾടി പർപ്പസ് പരിപാടി എൻജോയ് ചെയ്തു വളരെ കംഫർട്ടബിൾ ആയി ജീവിച്ചു വരികയായിരുന്നു.
ഫോർത്ത് ഗ്രൂപ്പിൽ പ്രീ ഡിഗ്രി കഴിഞ്ഞിറങ്ങിയ ആസ് യുഷ്വൽ ബികോം എടുക്കണം ഏതേലും ബാങ്കിൽ കേറി പറ്റി ഇഷ്ട്ടം പോലെ ലോണ്‍ ഒകെ എടുകണം..
നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ആഗ്രഹങ്ങൾ പോലെ ചെറ്യേ ആഗ്രഹങ്ങൾ

എന്നെ പറ്റി നാട്ടിലും കോളജിലും പൊതുവെ നല്ല അഭിപ്രായം ആയിരുന്നു.
കാരണം, നർസറി സ്കൂളിൽ കൊണ്ട് ചെന്ന് ഇരുത്തിയാൽ അപ്പൊ തന്നെ അഡ്മിഷൻ തരുന്ന സൈസ്.
ക്ലാസ്സിലെ ഏറ്റവും ചെറിയ ആൾ. അതായിരുന്നു ഞാൻ.
അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന എനിക്ക് കിട്ടിയിരുന്നു.
എന്ത് കുരുത്തക്കേട്‌ കാണിച്ചാലും ഹേ, അത് അവനാവില്ല, അവൻ അങ്ങിനെ ചെയ്യ്വോ എന്ന ഒരു പരിഗണന കിട്ടിയിരുന്നു.......

കാലവും ഞാനും മുന്നോട്ടു ഓടി...പഠിത്തം എന്നെക്കാൾ ഓട്ടത്തിൽ വളരെ മോശം ആയിരുന്നു...
പല സ്ഥലത്തും ഞാൻ ഇല്ലഡാ, നീ പൊക്കൊ ഡാ. ഒരു മൂഡ്‌ ഇല്ലഡാ അവസാനം ഞാൻ പിന്നെ വരാഡാ എന്നോക്കെ പറഞ്ഞു ഉഴപ്പി നിന്നു.
അതുകൊണ്ട് തന്നെ അത് എന്നോടൊപ്പം ഓടി എത്തിയില്ല..
അല്ലെങ്കിലും കോളേജിൽ തോൽവികൾ ഇല്ലല്ലോ. ഒരു സബ്ജെക്റ്റ് കിട്ടാനുണ്ട് എന്നല്ലേ പറയു.

പണ്ട് എല്ലാവിഷയത്തിലും തോറ്റപ്പോ വീട്ടിൽ രണ്ടെണ്ണമേ പോയുള്ളൂ അമ്മെ ഏന്നു പറഞ്ഞു സ്കൂട്ടാവാൻ നോക്കീതാ
അപ്പൊ ദേ വരണു ഏട്ടന്റെ വക ചോദ്യം.രണ്ടോ??
ആ രണ്ടു. സബ്ജെക്ടും ലാംഗ്വേജും എന്താ?
അമ്മക്ക് ഒന്നും മനസ്സിലായില്ലെങ്കിലും എട്ടന് കാര്യം മനസ്സിലായി.

പിന്നല്ല, സപ്ലി ഇല്ലാതെ എന്ത് ഡിഗ്രി...
സപ്ലി ഇല്ലാത്ത ഡിഗ്രി ഉപ്പില്ലാത്ത കഞ്ഞിപോലെ ആയിരുന്നു...
ആ മാർക്ക്‌ ലിസ്റ്റ് കയ്യിൽ കിട്ട്യാൽ എത്ര എണ്ണത്തിനു സപ്ലി എഴുതണം എന്നാ ഒരു താരതമ്യ പഠനം നടത്തിയാലെ
മ്മക്കൊരു സമാധാനവു. കൂടെ ഉള്ള ഫ്രണ്ട് തെണ്ടിക്ക് സപ്ലി കുറഞ്ഞാലോ
ഡാ എന്തോ പ്രശ്നമുണ്ട്..നീ നേരെ നോക്ക് തോറ്റിട്ടുണ്ടാവും ജയിക്കാൻ ഒരു വഴീം ഇല്ല
എന്നൊക്കെ പറഞ്ഞു, സ്വയം സമാധാനിക്കാൻ ശ്രമിക്കുക്കയും മറ്റവന്റെ സമാധാനം പരമാവധി കളയേം ചെയ്താൽ....
ഹോ...ഒരു സുഖം ഉണ്ട്...നല്ല വെയിലത്ത്‌ ഒരു സോഡാ സംഭാരം കുടിച്ചാലുള്ള സുഖാ....
അങ്ങിനെ തോറ്റും തോൽപിച്ചും ഡിഗ്രിയുമായി പോരാടി വളരെ കംഫർട്ടബിൾ ആയി നടന്നിരുന്ന ഒരു പരീക്ഷാക്കാലം...

കമ്പയിന്റ് സ്റ്റഡി എന്നാ പേരിൽ "വെറും പഠനത്തിൽ" ശ്രദ്ധ കേന്ദ്രീകരിച്ചു ഉയിർ നൻപന്റെ വീട്ടിൽ ഇരുന്നു പഠിച്ചു (ശരിക്കും പഠിച്ചതാ) പരീക്ഷക്ക്‌ പോയി....
കറക്റ്റ് സമയത്ത് ക്ലാസ്സിലൊക്കെ കേറി. പഠന സഹായികളായ തുണ്ട് പേപ്പറുകൾ എല്ലാം യഥാ സ്ഥാനത് ഉണ്ടെന്നു ഉറപ്പു വരുത്തി..
ചാത്തന്മാരുടെ സേവനം ഇല്ലാതെ പരീക്ഷക്ക്‌ ഒരു സുഖമില്ല. പിന്നെ പഠിപിച്ച മാഷും പറഞ്ഞിടുണ്ട് സംശയം വന്നാ അപ്പൊ തീർക്കണം എന്ന്.
അല്ലാതെ അയ്യേ... അതിനല്ല.

ഒരു പരിസര നിരീക്ഷണം നടത്തിയപ്പോ അടുത്തിരിക്കുന്ന ബുദ്ധിജീവി വിയർക്കുന്നു, ചുറ്റും നോക്കുന്നു. മുകളിലേക് നോക്കുന്നു..
ഒരുമാതിരി യുദ്ധത്തിനു വന്നപോലെയാ....ന്റമ്മോ..കണ്ടാൽ കാണുന്നവർക്ക് ടെൻഷൻ വരും. അമ്മാതിരി കാട്ടികൂട്ടലുകളാ....ത്രീ ഇടിയറ്റ്സിലെ സൈലൻസറിനെ പോലെ...
ഇനി ഞാൻ എങ്ങാൻ അവനോടു സംശയം ചോദിച്ചാലോ എന്നാ പേടി കൊണ്ടാകണം
എന്നെ കണ്ടപ്പോ തന്നെ പൂവനെ കണ്ട പിടകൊഴിയെപോലെ അവനൊരു നോട്ടം.
പിന്നെ നീയൊക്കെ ജയിക്കാൻ പോവല്ലേ..ഒന്ന് പോടാപ്പാ എന്നാ ഭാവം അവനു...
ഇല്ലെടാ മോനെ..ചോദിച്ചു എഴുതുന്ന ചീപ് പരിപാടിക്കു ഞാനില്ല. ഛെ ഛെ
അതൊക്കെ മോശം ആണെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. പേടിക്കണ്ട.
അവനെ അവന്റെ ലോകത്തേക് വിട്ടു. പരീക്ഷ കഴിഞ്ഞു ചുമ്മാ ഇങ്ങനെ നടക്കുന്നതും
പൂരങ്ങൾക്ക് പോകുന്നതും എല്ലാം ഓർത്തു വളരെ കംഫർട്ടബിൾ ആയി ഇരുന്നു ഞാൻ.
അതല്ലെങ്കിലും അങ്ങനെയ... പഠിക്കാൻ ഒന്നുമില്ലാത്ത പഠന കാലം ആണ്‍ ഓരോ വിദ്യാർത്ഥിയും സ്വപ്നം കണ്ടിരുന്നത്. ന്താ രസം ല്ലേ...
പരീക്ഷക്ക്‌ വന്ന ടീച്ചറെ പുച്ച ഭാവത്തിൽ ഒന്ന് നോക്കി. നമ്മളിതെത്ര കണ്ടതാ..ഹമ്പടാ...
പരീക്ഷ അത് നമ്മൾ എമ്പാടും കണ്ടിരിക്കുന്നു. എത്ര ടീചെർമാർ....
വന്നു കഴിഞ്ഞാ സ്ഥിരം കുറച്ചു ഡയലോഗുകൾ ഉണ്ട്.
അതിങ്ങനെ കോപി പേസ്റ്റ് മോഡിൽ വരും.

വല്ല കോപ്പിയും ഉണ്ടെങ്കിൽ ഇപ്പൊ തന്നോളു. ഞാൻ ഭയങ്കര സംഭവ. പിടിച്ച പിന്നെ അപ്പൊ റിപ്പോർട്ട്‌ ചെയ്യും
പിന്നെ 5 വർഷം ഗുദാഗവാ.. ഇപ്പോൾ ആണെങ്കിൽ ഞാൻ തന്നെ നശിപ്പിച്ചു കളഞ്ഞോളാം....മഹാമനസ്ക

പിന്നേ ഒരു മാസം മുൻപേ മനോജേട്ടന്റെ ഫോട്ടോസ്റ്റാറ്റു കടയിൽ ചെന്ന് കഷ്ടപ്പെട്ട് ഒരോ ടെക്സ്റ്റ്‌ബുക്കും ഓരോ എ 4 പേപ്പറുകളിൽ ആക്കിയും,
എനിക്ക് പോലും വായിച്ചാൽ മനസ്സിലാവാത്ത അത്രേം ചെറുതായി എഴുതിയും
അതൊക്കെ യഥാ സ്ഥലങ്ങളിൽ വെച്ചും.
വെച്ച സ്ഥാനങ്ങൾ മാരിപോകാതിരിക്കാൻ ഓരോ കോപ്പിയും വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഇൻഡെക്സ് മേശയുടെ മുകളിൽ സ്റ്റിക് ഈസി പെൻ കൊണ്ട് എഴുതി വരച്ചു....ഹോ.....
എത്രയാ കഷ്ടപ്പാട്..അതോകെ ടീച്ചർ ചോദിച്ച ഒടനെ എടുത്തു കൊടുക്കുകയോ? കുറച്ചധികം പുളിക്കും.
ഞാൻ അന്ന് ട്രെൻഡ് ആയ സിക്സ് പോക്കറ്റ് ജീൻസിന്റെ (പരീക്ഷ സ്പെഷ്യൽ. അത് പരീക്ഷ തുടങ്ങ്യ കഴിയണവരെ അലക്കില്ല) പോക്കറ്റുകളിലും മേശയുടെ അടിഭാഗതും ബെഞ്ചിന്റെ അടിഭാഗത്തുമൊക്കെ ഒന്നുകൂടെ തഴുകി തലോടി എല്ലാം ഉറപ്പു വരുത്തി വളരെ ഡീസന്റ് ആയി ഞാനിരുന്നു.

ണിം......
ഫസ്റ്റു ബെല്ലടിച്ചു....
ടീച്ചർ എല്ലാ മിടുക്കന്മാരും മിടുക്കികളും ശരിക്കും പഠിച്ചു പരീക്ഷക്ക്‌ വന്നതാണെന്ന വിശ്വാസത്തിൽ.
ഇത്രേം നല്ല കുട്ടികൾ ഉള്ള ക്ലാസിൽ ആണല്ലോ ദൈവമേ ഞാൻ കോപ്പി ഉണ്ടോ എന്ന് ചോദിച്ചേ എന്നാ മനസ്താപത്തിൽ
ഉരുകി ഒലിച് റൈൻബോ മെഴുകുതിരീടെ കോലത്തിൽ ആയി.
ക്ലാസിലെ ഭീകര രൂപികളുടെ അടുത്തു ചുറ്റി പറ്റി നടന്നു.
എന്നെ പിന്നെ പണ്ടേ സംശയം ഇല്ലാലോ. മ്മള് ആകെ ഒരു ചെറ്യേ മൊതലല്ലേ .
കണ്ടാൽ ഒരു നല്ല കുട്ടി. അതു കണ്ടാൽ തന്നെ മനസ്സിലാവാൻ വേണ്ടി. ഒരു നല്ല സ്ടുടെന്റിന്റെ ലക്ഷണം ആയ ഒരു നെടുനീളൻ ചന്ദനക്കുറി (ഇതും പരീക്ഷാ സ്പെഷ്യൽ)
അതൊക്കെ കണ്ടാൽ പിന്നെ ടീച്ചർ നമ്മളെ നോക്കുക പോലും ഇല്ല.
ണിം.. അടുത്ത ബെല്ലും അടിച്ചു. ക്വസ്റ്റ്യൻ പേപ്പർ കൊടുത്തു തുടങ്ങി.
ഞാൻ അക്ഷമനായി കാത്തിരിക്ക്യ. ഇരയെ കാത്തു പതുങ്ങി ഇരിക്കണ അമീബയെ പോലെ.
കിട്ടിയവർ വായന, തല ചൊറിയൽ, അടുത്ത ആളോട് ചോദിക്കൽ ഇത്യാദി പരിപാടികളിൽ ബിസി ആയി.
എനിക്കും കിട്ടി ഒരു സുന്ദരൻ ക്വസ്റ്റ്യൻ പേപ്പർ. ഇതൊക്കെ എന്ത്..ഇപ്പ ശര്യാക്കിത്തരാം എന്ന ഭാവത്തിൽ ഞാൻ വായന തുടങ്ങി.
ഇതൊക്കെ ഞാൻ ഇരുന്ന ക്ലാസ്സിൽ തന്നെ ആണോ പഠിപ്പിചിരുന്നെ എന്ന ഒരു സംശയം എനിക്ക് സ്വാഭാവികമായും ഇല്ലാതിരുന്നില്ല.
വാട്ട് എ പിറ്റി. സില്ലി യൂണിവേർസിറ്റി. ടെക്സ്റ്റ്‌ബുക്കിൽ ഇല്ലാത്ത ചോദ്യമോ.. ടെക്സ്റ്റ്‌ അല്ലെ കയ്യിൽ ഇരിക്കുന്നത്.
ഇടയ്ക്കു ടീച്ചർ ഒന്ന് ഒപ്പ് ഇടീക്കാൻ വരും. അതും കൂടെ കഴിഞ്ഞാൽ പിന്നെ ശാന്തം സുന്ദരം....
ടീച്ചർ വന്നപോ ഒരു ഗുഡ് മോർണിംഗ് ഒക്കെ കൊടുത്ത്. ഒന്ന് ചിരിച്ചു ഞാൻ ഒരു നിഷ്കു എന്നാ ഭാവം വരുത്തി മുഖത്ത്..
ടീച്ചർക്കും എന്നോട് വാത്സല്യം വന്നു. എന്ത് നല്ല പയ്യൻ. ശുദ്ധൻ
ഹോ...അങ്ങിനെ അതും കഴിഞ്ഞു ടീച്ചർ പോയി.
ഞാൻ സുസ്മേരവദനൻ ആയി മുഖത്ത് ഒന്ന് കൂടെ വിനയം വാരിതേച്ചു എന്റെ പണി തുടങ്ങി.
പോയിട്ട് വേറെ പരിപാടി ഉണ്ട്. കസ്തൂരിമാൻ റിലീസ് ആയിട്ടുണ്ട്.

ക്വസ്റ്റ്യൻ നോക്കി. ഡെസ്കിനു മുകളിൽ വരച്ചു വെച്ച ഇൻഡെക്സ് നോക്കി.
പാഠം ഒന്ന് മുതൽ അഞ്ചു വരെ തുണ്ട് വെച്ചിരിക്കുന്നത് പാന്റിന്റെ ഇടതു പോക്കറ്റിൽ ആദ്യത്തെ മൂന്നു പേപ്പർ (1-5-P-LP-1/ 2/3) അതാണ്‌ കോഡ്. എപ്പടി?
ആദ്യം തന്നെ എസ്സേ എഴുതിത്തുടങ്ങാം. അതാണല്ലോ ഈ ബുദ്ധിജീവികളുടെ ഒരു രീതി.
ആദ്യം തന്നെ ഘോരം ഘോരം ഉള്ള വാകുകളാൽ പേപ്പർ മുഖരിതമാക്കണം
അത് പിന്നീടുള്ള അലമ്പിയ ഉത്തരങ്ങൾക്ക് ഒരു കവചം ആണ്..
ക്വസ്റ്റ്യൻ വായിച്ചു. പാഠം മനസ്സിലാകി. ആനന്ദ ചിത്തനായി ഞാൻ പോക്കെറ്റിൽ കയ്യിട്ടു.
കിട്ടിയ സാധനത്തിൽ ഒന്ന് പരതി.. ചെറുങ്ങനെ ഒന്ന് ഞെട്ടി.
രണ്ടു എണ്ണം കൂടെ പുറത്തു എടുത്തു വായിച്ചു. ഇത്തവണ ചെറുങ്ങനെ അല്ല സാമാന്യം നല്ല രീതിയിൽ ആണ് ഞെട്ടിയത്
ക്വസ്റ്റ്യൻ പേപ്പറിലെ സബ്ജെക്റ്റ് എന്ന ഭാഗം ഞാൻ ഒന്ന് ഇരുത്തി വായിച്ചു...
"മാർക്കറ്റിംഗ് മാനേജ്‌മന്റ്‌"
ഞാൻ കഷ്ടപ്പെട്ട് കൊണ്ട് വന്ന തുണ്ട് പേപ്പറുകൾ എന്നെ നോക്കി പല്ലിളിച്ചു.
ഞാൻ കൊണ്ട് വന്ന തുണ്ടുകൾ എന്റെ പ്രിയപ്പെട്ട വിഷയമായ ബാങ്കിങ്ങിന്റെ ആയിരുന്നു....
കരിമ്പനയുടെ മുകളിൽ കേറിയപ്പോ മുകളീന്ന് താഴേക്കു ഒരു പാമ്പ്‌ ഇറങ്ങി വരുന്നത് കണ്ടു ഇതികർതവ്യമൂഡനായി ഫ്രീസ് ആയിപ്പോയ രാമേട്ടനെ (ആ കഥ പിന്നീട്) പോലെ ഞാനിരുന്നു...
പിറ്റേന്നത്തെ ക്വസ്റ്റ്യൻ പേപ്പർ ഇന്ന് കിട്ട്യാ തകർക്കാരുന്നു.. പക്ഷെ ഇത്...
അന്നെനിക് ഒരു കാര്യം മനസ്സിലായി... ഈ തുണ്ട് കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല. കുറച്ചു തുണ്ട് തലയിലും വേണം.

ഞാൻ ദയനീയ ഭാവത്തിൽ പാമ്പിനെ കണ്ട എലിയെ പോലെ ചുറ്റും ഒന്ന് നോക്കി. മ്മടെ സൈലൻസർ ആണെങ്കിൽ നൂറെ നൂറിലാ എഴുത്ത്. അവനും കസ്തൂരിമാനിനു പോകണമായിരിക്കും..
പഠിച്ചു വന്നവരും, വല്ലപ്പോഴും ക്ലാസ്സിൽ കയറിയവരും എഴുതി തകർക്കുന്നു.
അധിക നേരം അവിടെ ഇരുന്നു ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അപ്പൊ തന്നെ ആൻസർ ഇല്ലാത്ത എന്റെ ആൻസർ ഷീറ്റ് തിരിച്ചു കൊടുത്തു.
നല്ലപയ്യന്റെ ഭാവ വ്യത്യാസത്തിൽ മനം നൊന്ത് ടീച്ചർ എന്നെ ഒന്ന് നോക്കി...ടീച്ചർക്ക് കരച്ചിൽ വന്നോ എന്നൊരു സംശയം
ഞാൻ ഇറങ്ങി.
ബെല്ലടിച്ചതിനു ശേഷം ഇതിനെല്ലാം കൂടെ ഒരു 15 മിനിറ്റെ എടുത്തുള്ളൂ.
ദയനീയ ഭാവത്തിൽ ചന്ദനകുറി തുടച്ചു കളഞ്ഞു ഞാൻ ഇറങ്ങി...
തിരിച്ചു നടക്കുമ്പോൾ പരിചയമുള്ള ഒരു മാഷ്‌ വരുന്നു.. ചങ്കിൽ കൊള്ളണ ഒരു ചോദ്യം.
എന്താ ഡാ ലേറ്റ് ആയാണോ പരീക്ഷക്ക്‌ വരണത്?? ഇനി ചെന്നാൽ ക്ലാസ്സിൽ കേറ്റ്വോ?? വേഗം ചെല്ല്. പിന്നെ സമയം കിട്ടില്ല എഴുതാൻ ..
കാറ്റുപോയ ബലൂണ്‍ പോലെ ഒന്ന് ചെരിഞ്ഞു നോക്കി ഓടാൻ തയ്യാറായി നിന്ന് ഞാൻ മൊഴിഞ്ഞു
"സാറെ.. ഞാൻ പരീക്ഷ കഴിഞ്ഞു വരികയാ"

രഞ്ജിത്ത് മണ്ണാർക്കാട്

Sunday, November 9, 2014

ഏകാന്തം


ഏകാനായിരിക്കുമ്പോൾ എൻ മനസ്സ് ചിറകടിച്ചു പറക്കുന്നു.. അനന്തവിഹായസ്സുകൾക്കുമപ്പുറത്തേക്ക് എൻ പ്രിയരേ തേടി... എൻ സ്വപ്നങ്ങളെ തേടി.... അനന്തമായ യാത്ര.... ഏകാന്തമായ യാത്ര

Wednesday, November 5, 2014

ഒരു തിരിഞ്ഞു നോട്ടം

ഒരു കാലം ഉണ്ടായിരുന്നു..

മൊബൈലും ഇ മെയിലും സ്കൈപും വാട്സപ്പും എന്ന് വേണ്ട മനുഷ്യ ജീവിതത്തെ ഇന്ന് നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന

അങ്കുലി മർദ്ദിത യന്ത്രങ്ങൾ ഇത്രയും പ്രചാരത്തിൽ ഇല്ലാതിരുന്നഒരു കാലം,

എന്റെ പ്രവാസി സുഹൃത്തുക്കളായ സുമനസ്ക്കർ പറഞ്ഞുള്ള അറിവാണ്.

അന്നൊക്കെ വീട് വിട്ടു നിൽക്കുന്നവർ, പേർഷ്യക്കാർ, കുറച്ചൊന്നുമല്ല വിരഹിചിരുന്നത്.

കത്തെഴുതുകയല്ലാതെ വീട്ടുകാരുമായോ നാട്ടുകാരുമായോ ഒന്ന് സംസാരിക്കാൻ കഴിയാതിരുന്ന ആ കാലം.

കത്തുകൾ മാത്രമായിരുന്നു അന്നത്തെ സംവേദന മാർഗ്ഗം.

ഓരോ കാത്തിലും അടങ്ങിയിരുന്നതോ ഒരായിരം വികാരങ്ങളും.

എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു, വിവാഹം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ഗൾഫിലേക്ക് വന്നു.

രണ്ടു വർഷത്തിനു ശേഷം ആണ് പിന്നീട് തിരിച്ചു നാട്ടിലേക്ക് പോകുന്നത്.

താലികെട്ടിയ സ്വന്തം പെണ്ണിന്റെ മുഖം പോലും ശരിക്കും ഒന്ന് ഓർത്തെടുക്കാൻ കഴിയാതെ മരുഭൂമിയിൽ സ്വർണ്ണം തേടി നടന്നു.

ഒരു കുഞ്ഞുണ്ടായി അതിന്റെ കുഞ്ഞു മുഖം ആദ്യമായി ഒരു നോക്ക് കാണുന്നത് ആ കുട്ടിയുടെ രണ്ടാം വയസ്സിൽ...

കുഞ്ഞുവാവക്കു വേണ്ടി വാങ്ങിയ സമ്മാനങ്ങളുമായി ചെല്ലുമ്പോൾ ഞാൻ ഒരു അപരിചിതൻ മാത്രം എന്ന്. രണ്ടു വർഷത്തെ പ്രവാസം വരുത്തിയ വിടവ്...

കുഞ്ഞിനെ ഒന്ന് പരിചയമായി വന്നപോഴേക്കും തിരിച്ചു പോരാനുള്ള സമയമായി.

കത്തെഴുതിലൂടെ കൈമാറിയിരുന്ന വികാരങ്ങൾ...ദിവസവും ഓരോ കത്തെഴുതും..എന്നാലും എഴുതുന്ന വാക്കുകളിലൂടെ ചെല്ലുന്ന സാന്ത്വനം..അതിനു പരിമിതികൾ ഉണ്ട് എന്ന്.

ഇത് ഒരാളുടെ കഥയല്ല...ഇത്തരം അനുഭവങ്ങളുമായി ഒരുപാടു പേരുണ്ടായിരുന്നു..കണ്ണീരിന്റെ മഷി ചാലിച്ചെഴുതിയ കത്തുകളിലൂടെ ദൂരങ്ങൾ താണ്ടിയവർ...

ഓരോ കത്തിനും കണ്ണീരിന്റെ നനവായിരുന്നു..അടക്കിപിടിച്ച വികാരവിചാരങ്ങളുടെ സന്ദേശവാഹകർ...

കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി...സ്വന്തം കുഞ്ഞാവയെ കയ്യിലെടുത്തൊന്നു ഓമനിക്കാനൊ, ആ കുഞ്ഞു വയസ്സിലെ അവരുടെ ചലനങ്ങളും കുസൃതികളും

കണ്ണ് നിറയെ ഒന്ന് കാണുന്നതിനോ കൊതിക്കാത്ത ആരും തന്നെ ഉണ്ടാവില്ല.

ആ പിഞ്ചു മുഖം ആലോചിച് തലയിണയിൽ മുഖം അമർത്തി കിടക്കാൻ വിധിക്കപെട്ടവർ ആയിരുന്നു എൻറെ പൂർവ്വികർ ആയിട്ടുള്ള പ്രവാസികൾ...

ഇന്ന് എന്റെ ഒരു പ്രാവാസി സുഹൃത്ത് പറഞ്ഞു ഒന്ന് തൊടാൻ കഴിയില്ല എന്നെ ഉള്ളു...പ്രിയപെട്ടവർ നമ്മോടൊപ്പം ഉണ്ട് എന്ന്. വിരൽതുമ്പത്ത്....

വിവരസാങ്കേതിക വിദ്യയുടെ ഒരു നല്ല വശം....

സംഗതി ശരിയാണ്...എന്റെ കുഞ്ഞാവയെ എനിക്ക് കാണാം..അവളുടെ ശബ്ദം കേൾക്കാം അവളെ കൊഞ്ചിക്കാം..

അവളുടെ ഓരോ പുതുചലനവും നിമിഷനേരം കൊണ്ട് എനിക്ക് കിട്ടുന്നുണ്ട്..എന്റെ കൂട്ടുകാരിക്ക് നന്ദി...

അവൾ ജനിച്ചതിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവളെ വിട്ടു പോരേണ്ടി വന്ന എനിക്ക് ഇങ്ങനെ കിട്ടുന്ന ഓരോ ആശ്വാസവും അമൃത് ആണ്...

ആ ആശ്വാസം ആണ് എന്നെ പോലെ ഉള്ള പ്രവാസികൾക്ക് ഇവിടെ പിടിച്ച നിൽക്കാനുള്ള കച്ചിതുരുമ്പ്‌..

പലരും നാട്ടിൽ ചെല്ലുമ്പോൾ ചോദിക്കാറുണ്ട്, എ സിയിൽ ഇരുന്നു ജോലി ചെയ്യുന്ന നിനകൊക്കെ എന്താ ഒരു കുറവ് എന്ന്...

പ്രിയപ്പെട്ടവരുടെ സാമീപ്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ അല്ലെ...

പ്രവാസികളായ ആരെങ്കിലും നാട്ടിൽ വന്നു ജാഡ കാണിക്കുന്നുണ്ടെങ്കിൽ അത് അവൻ അനുഭവിക്കുന്ന അടിമത്തത്തിൽ നിന്നും ഉള്ള ഒരു തുറന്നു വിടലിന്റെ ആഘോഷമായി കാണുക..

സ്വന്തം നാട്ടിലെ പുലികൾ ഇവിടെ വന്നാൽ പുലിജന്മത്തിൽ നിന്നും പരകായ പ്രവേശം നടത്തി എലികൾ ആവുന്നു.....അത് അവന്റെ സാഹചര്യം മാത്രം...

പണ്ടത്തെ ആ അവസ്ഥയിൽ നിന്ന് ഇത്രയും പുരോഗമനത്തിലേക്ക് എത്തിയിരിക്കുന്നു...വലിയ കാര്യം..ശാസ്ത്ര ലോകത്തിനു നന്ദി....

ഇനി വരും തലമുറ കാണാനിരിക്കുന്നത് ഇതിലും സൌകര്യപ്രദമായ ഒരു ലോകത്തെ ആയിരിക്കും...

കാത്തിരിക്കാം ആ നല്ല നാളുകൾക്കായി ഒരൽപം നൊസ്റ്റാൽജിയയോടെ

രഞ്ജിത്ത് മണ്ണാർക്കാട്