Wednesday, November 5, 2014

ഒരു തിരിഞ്ഞു നോട്ടം

ഒരു കാലം ഉണ്ടായിരുന്നു..

മൊബൈലും ഇ മെയിലും സ്കൈപും വാട്സപ്പും എന്ന് വേണ്ട മനുഷ്യ ജീവിതത്തെ ഇന്ന് നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന

അങ്കുലി മർദ്ദിത യന്ത്രങ്ങൾ ഇത്രയും പ്രചാരത്തിൽ ഇല്ലാതിരുന്നഒരു കാലം,

എന്റെ പ്രവാസി സുഹൃത്തുക്കളായ സുമനസ്ക്കർ പറഞ്ഞുള്ള അറിവാണ്.

അന്നൊക്കെ വീട് വിട്ടു നിൽക്കുന്നവർ, പേർഷ്യക്കാർ, കുറച്ചൊന്നുമല്ല വിരഹിചിരുന്നത്.

കത്തെഴുതുകയല്ലാതെ വീട്ടുകാരുമായോ നാട്ടുകാരുമായോ ഒന്ന് സംസാരിക്കാൻ കഴിയാതിരുന്ന ആ കാലം.

കത്തുകൾ മാത്രമായിരുന്നു അന്നത്തെ സംവേദന മാർഗ്ഗം.

ഓരോ കാത്തിലും അടങ്ങിയിരുന്നതോ ഒരായിരം വികാരങ്ങളും.

എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു, വിവാഹം കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ഗൾഫിലേക്ക് വന്നു.

രണ്ടു വർഷത്തിനു ശേഷം ആണ് പിന്നീട് തിരിച്ചു നാട്ടിലേക്ക് പോകുന്നത്.

താലികെട്ടിയ സ്വന്തം പെണ്ണിന്റെ മുഖം പോലും ശരിക്കും ഒന്ന് ഓർത്തെടുക്കാൻ കഴിയാതെ മരുഭൂമിയിൽ സ്വർണ്ണം തേടി നടന്നു.

ഒരു കുഞ്ഞുണ്ടായി അതിന്റെ കുഞ്ഞു മുഖം ആദ്യമായി ഒരു നോക്ക് കാണുന്നത് ആ കുട്ടിയുടെ രണ്ടാം വയസ്സിൽ...

കുഞ്ഞുവാവക്കു വേണ്ടി വാങ്ങിയ സമ്മാനങ്ങളുമായി ചെല്ലുമ്പോൾ ഞാൻ ഒരു അപരിചിതൻ മാത്രം എന്ന്. രണ്ടു വർഷത്തെ പ്രവാസം വരുത്തിയ വിടവ്...

കുഞ്ഞിനെ ഒന്ന് പരിചയമായി വന്നപോഴേക്കും തിരിച്ചു പോരാനുള്ള സമയമായി.

കത്തെഴുതിലൂടെ കൈമാറിയിരുന്ന വികാരങ്ങൾ...ദിവസവും ഓരോ കത്തെഴുതും..എന്നാലും എഴുതുന്ന വാക്കുകളിലൂടെ ചെല്ലുന്ന സാന്ത്വനം..അതിനു പരിമിതികൾ ഉണ്ട് എന്ന്.

ഇത് ഒരാളുടെ കഥയല്ല...ഇത്തരം അനുഭവങ്ങളുമായി ഒരുപാടു പേരുണ്ടായിരുന്നു..കണ്ണീരിന്റെ മഷി ചാലിച്ചെഴുതിയ കത്തുകളിലൂടെ ദൂരങ്ങൾ താണ്ടിയവർ...

ഓരോ കത്തിനും കണ്ണീരിന്റെ നനവായിരുന്നു..അടക്കിപിടിച്ച വികാരവിചാരങ്ങളുടെ സന്ദേശവാഹകർ...

കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി...സ്വന്തം കുഞ്ഞാവയെ കയ്യിലെടുത്തൊന്നു ഓമനിക്കാനൊ, ആ കുഞ്ഞു വയസ്സിലെ അവരുടെ ചലനങ്ങളും കുസൃതികളും

കണ്ണ് നിറയെ ഒന്ന് കാണുന്നതിനോ കൊതിക്കാത്ത ആരും തന്നെ ഉണ്ടാവില്ല.

ആ പിഞ്ചു മുഖം ആലോചിച് തലയിണയിൽ മുഖം അമർത്തി കിടക്കാൻ വിധിക്കപെട്ടവർ ആയിരുന്നു എൻറെ പൂർവ്വികർ ആയിട്ടുള്ള പ്രവാസികൾ...

ഇന്ന് എന്റെ ഒരു പ്രാവാസി സുഹൃത്ത് പറഞ്ഞു ഒന്ന് തൊടാൻ കഴിയില്ല എന്നെ ഉള്ളു...പ്രിയപെട്ടവർ നമ്മോടൊപ്പം ഉണ്ട് എന്ന്. വിരൽതുമ്പത്ത്....

വിവരസാങ്കേതിക വിദ്യയുടെ ഒരു നല്ല വശം....

സംഗതി ശരിയാണ്...എന്റെ കുഞ്ഞാവയെ എനിക്ക് കാണാം..അവളുടെ ശബ്ദം കേൾക്കാം അവളെ കൊഞ്ചിക്കാം..

അവളുടെ ഓരോ പുതുചലനവും നിമിഷനേരം കൊണ്ട് എനിക്ക് കിട്ടുന്നുണ്ട്..എന്റെ കൂട്ടുകാരിക്ക് നന്ദി...

അവൾ ജനിച്ചതിനു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവളെ വിട്ടു പോരേണ്ടി വന്ന എനിക്ക് ഇങ്ങനെ കിട്ടുന്ന ഓരോ ആശ്വാസവും അമൃത് ആണ്...

ആ ആശ്വാസം ആണ് എന്നെ പോലെ ഉള്ള പ്രവാസികൾക്ക് ഇവിടെ പിടിച്ച നിൽക്കാനുള്ള കച്ചിതുരുമ്പ്‌..

പലരും നാട്ടിൽ ചെല്ലുമ്പോൾ ചോദിക്കാറുണ്ട്, എ സിയിൽ ഇരുന്നു ജോലി ചെയ്യുന്ന നിനകൊക്കെ എന്താ ഒരു കുറവ് എന്ന്...

പ്രിയപ്പെട്ടവരുടെ സാമീപ്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ അല്ലെ...

പ്രവാസികളായ ആരെങ്കിലും നാട്ടിൽ വന്നു ജാഡ കാണിക്കുന്നുണ്ടെങ്കിൽ അത് അവൻ അനുഭവിക്കുന്ന അടിമത്തത്തിൽ നിന്നും ഉള്ള ഒരു തുറന്നു വിടലിന്റെ ആഘോഷമായി കാണുക..

സ്വന്തം നാട്ടിലെ പുലികൾ ഇവിടെ വന്നാൽ പുലിജന്മത്തിൽ നിന്നും പരകായ പ്രവേശം നടത്തി എലികൾ ആവുന്നു.....അത് അവന്റെ സാഹചര്യം മാത്രം...

പണ്ടത്തെ ആ അവസ്ഥയിൽ നിന്ന് ഇത്രയും പുരോഗമനത്തിലേക്ക് എത്തിയിരിക്കുന്നു...വലിയ കാര്യം..ശാസ്ത്ര ലോകത്തിനു നന്ദി....

ഇനി വരും തലമുറ കാണാനിരിക്കുന്നത് ഇതിലും സൌകര്യപ്രദമായ ഒരു ലോകത്തെ ആയിരിക്കും...

കാത്തിരിക്കാം ആ നല്ല നാളുകൾക്കായി ഒരൽപം നൊസ്റ്റാൽജിയയോടെ

രഞ്ജിത്ത് മണ്ണാർക്കാട്

2 comments:

ajith said...

Nice thoughts!

Ranj!th Mannarkkad said...

വായനക്ക് ഒരുപാട് നന്ദി.