Powered By Blogger

Saturday, February 28, 2015

പെണ്ണുകാണൽ ഒന്നാം ഖണ്ഡം

അമളി പറ്റാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല ല്ലേ. എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് അമളികൾ.

അതിൽ ഒരെണ്ണം....മുഴുത്തത് നോക്കി തരം തിരിച്ചത് എഴുതാം...

കോളേജു ജീവിതം സംഭവ ബഹുലം ആയിരുന്നു. വേറെ ഒരു തരത്തിൽ പറഞ്ഞാൽ, കോളേജിൽ പോകുന്നത് തന്നെ ചിരിക്കാൻ ആയിരുന്നു. പഠിത്തവും കോളേജു ലൈഫും എന്നൊക്കെ പറഞ്ഞാൽ അത് പണ്ട് ഉണ്ണികൃഷ്ണൻ മാഷ്‌ പഠിപ്പിച്ച പോലെയാ. രണ്ടു പാരലൽ രേഖകൾ ഒരിക്കലും കൂട്ടി മുട്ടില്ലത്രേ...

പൊതുവെ ഒരു പാവം പയ്യൻ ആണ് ഞാൻ എന്ന ദിസ് ബോയ്‌ എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ. (സപ്ലിയും തുണ്ടും പിന്നെ ഞാനും).

പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട് നടന്നിരുന്ന സമയം.

ഡിഗ്രിക്ക് പഠിക്കുമ്പോ തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവൻ.

ശുദ്ധൻ, ശാന്തൻ, നിഷ്ട്ടൂരൻ നിഷ്ക്രിയൻ കോളേജ് ഫീസ്‌ കൊടുക്കാത്തവൻ ക്ലാസ്സിൽ കേറാത്തവൻ പൂവാലൻ എന്ന് തുടങ്ങി.... സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല.

ഹിറ്റ്ലിസ്റ്റിൽ മൂന്നാമതോ മറ്റോ ആയിരുന്നു സ്ഥാനം എന്നാണ് ഓർമ്മ. സ്ഥാനക്കയറ്റം കിട്ടാനുള്ള കാരണവും വളരെ സിമ്പിൾ ആണ്.

പ്രിന്സിപ്പാളിന്റെ റൂമിന് പുറത്തു ഒരു കുഞ്ഞു അലങ്കാരപ്പണി നടത്തി... അത് പുള്ളി കണ്ടു..

അതായത് ഓഫീസ് റൂമിന്റെ ചുവരിൽ "ചെരിപ്പ് പുറത്തു" എന്ന് എഴുതി വെച്ചിരുന്നു. പതിവുപോലെ, ഫീസ് കൊടുക്കാത്ത കഠിനമായ കുറ്റത്തിന്

ഓഫീസു റൂമിനു പാറാവ്‌ നില്ക്കണ ഒരു ദിവസം..ആ "ചെരിപ്പ്" എന്നതിലെ "ി " ഞാൻ ചുരണ്ടി മാറ്റി.

ചെറ്യേ ഒരു മാറ്റം. "ചെരപ്പ് പുറത്തു" എന്ന്... അത് അത്ര വലിയ കുറ്റമാണോ??.ഹും, അതിനാ എന്നെ ഹിറ്റ്ലിസ്റ്റിൽ ലോ ലെവലീന്നു കൊറേ കൂടെ ലോ ലെവലിലേക്ക് പ്രമോട്ട് ചെയ്തത്.

ഇത് ഞാൻ എക്സാമ്പിൽ ആയി ഒരു ഉദാഹരണം പറഞ്ഞതാ. കഥയിലേക് കടക്കാം..

(അതിനു മുൻപ് ഒരു കൂട്ടിച്ചേർക്കൽ കൂടെ.. എന്റെ ഏട്ടൻ അതേ കോളേജിൽ കുറച്ചു കാലം പഠിപ്പിച്ചിരുന്നു..ഞാൻ അവിടെ പഠിക്കുന്ന സമയത്ത് തന്നെ....അവന്റെ കഷ്ട്ടകാലം)

അപ്പൊ അങ്ങിനെ പാറി പറന്നു അർമാദിച്ചു അല്ലുഅർജുൻ ഫിലിം പോലെ നടക്കുകയായിരുന്നു.

അതുകൊണ്ട് കോളേജിലെ ലലനാമണികൾക്കിടയിൽ അത്യാവശ്യം ചീത്തപ്പേര് സമ്പാദിക്കാൻ കഴിഞ്ഞിരുന്നു...

നമ്മളെ കാണുമ്പോ തന്നെ... "ഹൌ... ശല്ല്യം"എന്നവർ മൊഴിയുമ്പോൾ ഉള്ള ആ ഒരു സുഖം..

അത് ഒരുമാതിരി പ്രവാസിക്ക് ലീവ് കിട്ടുന്ന പോലെ ഉള്ള ഒരു സുഖാ.

ഫൈനൽ ഇയർ ആയപ്പോൾ ആണ് ഒരാളെ പരമാവധി വെറുപ്പിച്ചത്. (ആളുടെ പേര് പറയുന്നില്ല.)

എന്ന് വെച്ചാൽ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക്‌ ഒരു പ്രണയം ഉണ്ടായിരുന്നു. നല്ല സ്വയമ്പൻ പ്രേമം. ഉള്ളിൽ തട്ടിയ പ്രേമം. അവൻ ചെന്ന് വിളിച്ചാൽ അവളുടെ അനിയത്തിയും കുഞ്ഞമ്മയും വരെ കൂടെ ഇറങ്ങി ചെല്ലും.

പഷ്ട്ട് പ്രേമം. പ്രേമത്തിന് തന്നെ പ്രേമം തോന്നുന്ന പ്രേമം. അതായിരുന്നു ആ പ്രേമം.

അപ്പോൾ അവന്റെ കാമുകിയുടെ ഒരു സുഹൃത്ത് ആണ് കഥാ പാത്രം (ഒരു അലങ്കാരത്തിനു വേണ്ടി അവൾക്കു ശരണ്യ എന്ന് പേര് ഇടുന്നു.

ആ പേരിൽ ഒരു സിൽമാ നടി അല്ലാതെ എനിക്ക് ആരെയും പരിചയം ഇല്ല. സംഗതി സേഫ്).

ഈ കുട്ടിക്കാണെങ്കിൽ ഞങ്ങളെ കണ്ടാൽ മന്ത്രവാദീനെ കണ്ട കോഴീനെ പോലെയാ മട്ടും ഭാവോം.

എൻറെ കൂട്ടുകാരന്റെ കാമുകിയോട് അവളുടെ വക പരാതിയും ബോധിപ്പിക്കേം ചെയ്തു.

"അവർ എന്നെ കണ്ടാൽ മുഖത്തേക്ക് ഒരുമാതിരി നോട്ടം നോക്കുന്നു, ഒരുമാതിരി പെണ്ണുങ്ങളെ കാണാത്ത പോലെ"

അത് പിന്നെ നോക്കാതെ എങ്ങനെയാ. ദോഷം പറയരുതല്ലോ. നല്ല കണ്ണുകളാ ചന്തക്കാരീടെ.

ന്നു വെച്ചാ, മ്മടെ സിൽമാ നടി ഗൌതമി നായരുടെ കണ്ണ് പോലെ.

ഞങ്ങൾക്ക് ആളാം വീതം അവളോട്‌ പ്രേമം തോന്നി. കാര്യമില്ലലോ.

എല്ലാവരും ഒരുമിച്ചു ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടപോലെ അല്ലെ അവളെ നോക്കണത്.

ഞങ്ങൾ നല്ല രീതിയിൽ തന്നെ വായ്നോട്ടം തുടർന്നു. പരാതി കൊടുത്തപ്പോൾ നോട്ടം വായിൽ മാത്രമായി ഒതുങ്ങിയില്ല.

അതും പരാതിപട്ടികയിൽ കേറി. നേരെ പ്രിന്സിപ്പാളിന്റെ കയ്യിലെത്തി. പുള്ളിക്കാണെങ്കിൽ അതിൻറെ കലിപ്പ് വേറെയും.

എല്ലാം കൂടെ ആ കുട്ടിയുടെ മുന്നില് മ്മള് ഒരു പീഡാന്തകൻ ആയി..കോളേജു ജീവിതം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടി നമ്മളെ കണ്ടാൽ വേറെ വഴിക്ക് റ്റാക്സി പിടിച്ചു പോകും എന്ന അവസ്ഥ ആയി.

കോളേജിൽ നിന്നും ഇറങ്ങി, ജീവിതത്തിന്റെ കയത്തിലേക്ക് എടുത്തു ചാടിയപ്പോൾ ഈ കുട്ടിയേയും, അതുപോലെ ഉള്ള പല കുട്ടികളെയും എല്ലാം മറന്നു പോയിരുന്നു.

ഓർക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നല്ലോ.ഇടയ്ക്കു ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഗൾഫിലും എത്തി.

ഇതിനിടക്ക്‌ എപ്പോഴോ എനിക്ക് വിവാഹപ്രായം ആയി. ആലോചനകൾ..ജാതക പ്രശ്നം,

സ്വതവേ നിഷ്കളങ്കൻ ആയ എനിക്ക് കിട്ടിയതോ ശുദ്ധ ജാതകവും. പോരെ പൂരം... എങ്ങനെ നോക്കിയാലും ലസാഘു ശരിയാവില്ല.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് കാതിനു ഇമ്പമുള്ള ഒരു വാർത്തയുമായി ബ്രോക്കർ എന്ന് അറിയപ്പെടാൻ തീരെ താല്പര്യമില്ലാത്ത മാര്യേജ് അറേഞ്ച്മെൻറ് എക്സികുട്ടിവ് സുന്ദരേട്ടൻ വരുന്നത്.

ഒരു ജാതകം ഉണ്ട്. ശുദ്ധം ആണ്. നമുക്ക് ഇപ്പൊ തന്നെ നോക്കിക്കാം. എന്നിട്ട് ജാതക നീചനായ പണിക്കരുടെ അടുത്ത പോയി

ഏതോ തമിഴ് പാട്ട് തല തിരിച്ചു പറഞ്ഞു മൂന്നു ഊത്തും ഊതി അഞ്ച് ശംഖു അങ്ങോട്ടും, നാല് ശംഖു ഇങ്ങോട്ടും 300 രൂഫാ പണിക്കരുടെ പോക്കറ്റിലെക്കും പോയപ്പോ ജോത്സ്യർ ഇപ്രകാരം കഥിച്ചു

"ജാതകത്തിന് എന്താ മൊഞ്ച്. പഹയാ, ഇജ്ജാതി ഒരു ജാതകം ന്റെ പണിക്കർ ലൈഫിൽ ഞാൻ കണ്ടിട്ടില്ല. നിനക്ക് ശുക്രൻ ആകുന്നു.. നീ നെപ്റ്റ്യുൻ ആകുന്നു, നീ പ്ലൂട്ടോ ആകുന്നു,..

നീ വ്യാഴവും, വെള്ളിയും, ആകുന്നു..നീ ആകുന്നു ശനീശ്വരൻ.. ചുരുക്കത്തിൽ നീ നിന്നിലെ നിന്നെ കണ്ടെത്തിയിരിക്കുന്നു...നീ ആകുന്നു ഫാഗ്യവാൻ... ഓടി പോയി കല്യാണം കഴിച്ചോ...

വൈകിയാൽ വേറെ നെപ്റ്റ്യൂൻ പ്ലൂട്ടൊമാർ അവളെ കൊണ്ട് പോകും. അവളൊരു അമൂല്യ വസ്തു ആകുന്നു..."

ഇത്രേം പറയാൻ സുന്ദരേട്ടൻ ബ്രൊ പണിക്കർ ബ്രോക്ക് വേറെ എത്ര കൊടുത്തു എന്നറിയില്ല...

ഇഥം കേട്ടതി ശുദ്ധനാം സുന്ദരേട്ടൻ ഏതോ നമ്പരിലേക്ക് കുത്തി.. എന്നിട്ട്...ഹലോ.. ആഹ, ഓഹോ...ശരി. ഇപ്പോൾതന്നെയോ.. ആയിക്കോട്ടെ.. ഓ ശരി..

എത്താറാകുമ്പോ വിളിക്കാം.. ഇല്ലില്ല. ഒകെ.. ഓക്കേ.. എന്നൊക്കെ വായ്പാട്ട് പാടി.

ഞാൻ അപ്പോൾ തന്നെ കൂടെപ്പിറപ്പായ ഏട്ടനേയും അവന്റെ ധര്മ്മ പത്നിയും, മാഅഇ. സുന്ദരേട്ടനെയും അപ്‌ലോഡ്‌ ചെയ്തു നാൽകാലി ശകടത്തിൽ നേരെ വിട്ടു.

പെണ്ണ് കാണാൻ.. ലൈഫിലെ ആദ്യത്തെ പെണ്ണ് കാണൽ... ന്റെ പോന്നോ.... രൊഞ്ചാമം.

എന്തൊക്കെ ചോദിക്കണം, എങ്ങനെ ഒക്കെ സീരിയസ് ആയി ഇന്റെലെക്ച്ച്വൽ ആയി സംസാരിക്കണം എന്നൊക്കെ ചേട്ടത്തിയമ്മയോട് (ഒരു പെങ്ങൾ ഇല്ലാത്തതിന്റെ കുറവു നികത്തീത് അവളാ. അവളുടെ ഇടി കൊറേ മേടിച്ചു കൂട്ടീട്ടുണ്ട് ജസ്റ്റ്‌ ഫോർ ഹൊറർ) റിഹേർസൽ നടത്തി....

പോകുന്ന വഴിയിലൊക്കെ പെണ്ണിനെ കുറിച്ച വാ തോരാതെ സംസാരിച്ചു സുന്ദരേട്ടൻ...അളിഞ്ഞ കുറെ തമാശകളും...

ഇവിടെ മനുഷ്യന്റെ നെഞ്ചിടിക്യാ.. വായ്നോക്കുന്ന പോലെ അല്ലലോ പെണ്ണ് കാണൽ.

ഇതിപ്പോ നമ്മളല്ലേ അന്നത്തെ നോട്ടപ്പുള്ളി... അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും.. ആ വീട്ടിലെ ബാകി അംഗങ്ങളും, എല്ലാവരും നമ്മളെ അല്ലെ നോക്ക്വ...

എനിക്കാണെങ്കിൽ ഒരു മണവാളന് വേണ്ട യാതൊരു ക്വാളിറ്റീം ഇല്ല..ഒരുമാതിരി കുറ്റിതാടീം..വെട്ടാത്ത മീശയും..പെരുത്ത് കൊറേ മുടിയും ആകെ കൂടെ ഒരു അലമ്പ് ലുക്ക്‌.

(ഇന്നത്തെ അത്ര ഗ്ലാമർ ഒന്നും ഇല്ലെന്നെ. ഇന്ന് ഞാനാകെ സുന്ദര കില്ലാടി ആയില്ലെ)

വീട്ടിലെത്തി, പതിവ് ചടങ്ങുകൾ...കാലാവസ്ഥ നിരീക്ഷണ ചർച്ചകൾ, സര്ക്കാരിന്റെ തെറ്റായ നയങ്ങൾ..

പിന്നെ നേരത്തെ പറഞ്ഞപോലെ ഒളിഞ്ഞിരുന്നിട്ടു കുറെ തലകൾ എന്നെ നോക്കി സ്കാനിംഗ് തുടങ്ങി. എനിക്കാണേൽ അന്നാദ്യായിട്ടു നാണം വന്നു.

മെർസി കോളേജിൽ അപ്പ്ലിക്കേഷൻ ഫോം മേടിക്കാൻ പോയി പ്ലിങ്ങി നിന്ന (ആ കഥ പിന്നീട്) അവസ്ഥ. ഞാൻ കാൽ നഖം കൊണ്ട് രവിവർമ്മ ആയി..

അങ്ങിനെ ആ അസുലഭ മുഹൂർത്തം വന്നു ചേർന്നു.. കുട്ടിയെ വിളിക്കാം എന്ന് കേട്ട നിമിഷം. എന്തായാലും വേണ്ടില്ല, പറഞ്ഞു കേട്ട അവസ്ഥ വെച്ച് ഇവളെ തന്നെ കല്യാണം കഴിക്കാം.

കൊറേ പെണ്ണ് കണ്ടു നടക്കാനൊന്നും വയ്യ. സുന്ദരീ.. സുമുഖീ.. ഞാൻ നിന്നെ കേട്ടാമെടീ...എന്നൊക്കെ ഉള്ള മാനസിക വ്യാപാരങ്ങളോടെ പഞ്ചാര വദനൻ ആയി നിന്നു...

ടിക്ക് ടിക്ക് എന്ന് നിമിഷങ്ങൾ പോയപ്പോൾ പെണ്ണുകാണൽ സദസ്സിലേക്ക് അവൾ ആനയിക്കപ്പെട്ടു. ഞാൻ തല ഉയർത്തി നോക്കിയില്ല. ചായയിൽ മാത്രം നോക്കി ഇരുന്നു.

കണ്ടപ്പോ തന്നെ ആക്രാന്തം ആണെന്ന് അവർ കരുതണ്ട. അപ്പോൾ പെണ്ണുകാണൽ ചടങ്ങിലെ തമാശക്കാരൻ ആയ ബ്രോക്കർ സുന്ദരേട്ടൻ പുഞ്ചിരിച്ചു വശംവദനായി മൊഴിഞ്ഞു..

ഞങ്ങൾ ആല്ല ട്ടോ ഈ ഇരിക്കുന്ന ആളാ ആള്...എന്നിട്ട് കീചകനെ കൊന്ന ഭീമനെ പോലെ. ഹാാ ഹാ ഹാ എന്ന് അട്ടഹസിച്ചു.. അപ്പോഴും ഞാൻ നോക്കിയില്ല.

അപ്പൊ അവൾ ഏട്ടത്തിയമ്മ പറഞ്ഞു, എനിക്കറിയാം കുട്ടിയെ, ഞാൻ കോളേജിൽ നിന്നും കണ്ടിട്ടുണ്ട്. ചെറുങ്ങനെ ഒരു ഇടി വെട്ടി എനിക്ക്..

അപ്പൊ കുട്ടിയും മൊഴിഞ്ഞു, ഞാനും ചേച്ചിയേം കണ്ടിട്ടുണ്ട്, ഏട്ടനേയും കണ്ടിട്ടുണ്ട് (അവൻ പഠിപ്പിച്ചിരുന്ന സമയത്ത്).

ഇത്രേം കേടപ്പോൾ ഇത്രേം പോപ്പുലർ ആയ എന്നെ മാത്രം കണ്ടിട്ടില്ലെടീ ജാഡ പെണ്ണെ എന്നും ചോദിച്ചു, മംഗലാംകുന്നു കർണ്ണനെ പോലെ തല ഉയർത്തി ഞാനും എൻറെ കുശാഗ്ര നയങ്ങനൾ എറിഞ്ഞു....

നേരത്തെ വെട്ടിയ ചെറുങ്ങനെ ഉള്ള ഇടി അല്ല ഇപ്പൊ വെട്ടിയത്.. ഒരു ഒന്നൊന്നര ഇടി ആയിരുന്നു...കുട്ടിക്കും വെട്ടി അതെ ഇടി...

ഇവിടെ മണിച്ചിത്രത്താഴിലെ വിടമാട്ടേൻ എന്ന് ചോദിക്കുന്ന സീനിലെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ചേരും...‌..അതവളായിരുന്നു... ശരണ്യ....കോളേജു തീർന്നതിനു ശേഷം ഇപ്പോഴാ ആളെ കാണണത്.

ഞാൻ ആകെ ഗ്യാസ് പോയി സഹതാപാർഹനായി ഭ്രിങ്ങ്യൻ ആയി..വെറുതെ ഇരുന്നു....ആ സമയം തന്നെ മ്മടെ എട്ടതിയമ്മയുദെ ചോദ്യം,

"ഇയാളും ആ കോളേജിലാ പഠിച്ചിരുന്നെ കണ്ടിട്ടുണ്ടോ??" ഇടി വെട്ടു കൊണ്ടവനെ പാമ്പും കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളു.. ആ അവസ്ഥ.. അതായിരുന്നു എന്റെ...

കുട്ടി എന്നെ സൂക്ഷിച്ചു നോക്കി കാണണം. ഞാൻ തല കുനിച് ഇരിക്യല്ലേ.. എന്തേലും പറഞ്ഞാൽ പെണ്ണ് കാണല് കല്ലിവല്ലി മ്മക്ക് ശരീരം ആണ് വലുത് എന്ന് പറഞ്ഞു ഓടാൻ റെഡി ആയി ഉള്ള ഒരു ഇരുത്തം..

അവൾ മൊഴിഞ്ഞു.. "ഞാൻ കണ്ടിട്ടുണ്ട്.. സീനിയർ ആയി പഠിച്ചതാണ്. നല്ല പരിചയം ഇല്ല".. അത് കേട്ടപ്പോ എനിക്ക് ആ കുട്ടിയെ തൊഴാൻ തോന്നി. മാനം കാത്തതിന്. കുറച്ചു ശ്വാസം കിട്ടി. ഞാൻ കല്ലിവല്ലി പറഞ്ഞു ഓടാനുള്ള തീരുമാനം ഞാൻ യുദ്ധകാലാടിസ്ഥാനത്തിൽ പിൻവലിച്ചു.. ആ കുട്ടിയുടെ നല്ല മനസ്സിന് മനസ്സാൽ നന്ദി പറഞ്ഞു ഇരികുമ്പോ അടുത്ത ഇടി....

അല്ലാ,എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം...ന്റെ ഒടാതിരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്ന പോലെ തോന്നി.

ഇത് കേട്ടതും അവൾ ഉള്ളിലേക്ക് പോയി. പിന്നാലെ വാഡാ നിനക്കുള്ളത് ഉള്ളിൽ നിന്നും തരാഡാ എന്ന സ്റ്റയിലിൽ...

വിനീത വിധേയൻ ആയി ഞാൻ ലെഫ്റ്റ് റൈറ്റ് മോഡിൽ പുറകെ...മനസ്സില്ലാ മനസ്സോടെ....

പോണേനു മുന്നേ എട്ടത്തീടെ ഉപദേശം.. "ആക്രാന്തം വേണ്ട ട്ടോ. ഹാ.." ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.. ശവത്തിൽ കുതുന്നോടീ എന്നാ ഭാവത്തിൽ..

ഉള്ളിലേത്തിയപ്പോൾ അവൾ നിന്നു. ഒരു സേഫ് ഗ്യാപ് കീപ്‌ ചെയ്ത് ഞാനും... ഒരു സൈക്കളീന്നു വീണ ചിരീം ഫിറ്റ്‌ ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.. "എവിടെയാ വീട്..."

അവൾടെ മുഖത്തൊരു ചിരി കണ്ടു കൊലച്ചിരി.. "എന്റെ വീട്ടിൽ അല്ലെ ഇപ്പൊ നിൽക്കണേ ?? സ്ഥലകാലം കിട്ടുന്നില്ല ല്ലേ".. എന്നിട്ട് ചോദിച്ചു, "അല്ല, എന്താ പരിപാടി ഇപ്പൊ?"

ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു, ഒരു കുമ്പസാരം സ്റ്റൈലിൽ. "കോളേജു ലൈഫിലെ കാര്യങ്ങളൊക്കെ പ്രായത്തിൻറെ കുരുത്തക്കെടായി കാണണം. ദേഷ്യം തോന്നരുത്".

അപ്പൊ അവൾ, എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു... "അതൊക്കെ അങ്ങിനെ തന്നെ ഞാൻ എടുത്തിട്ടുള്ളൂ. പക്ഷെ ഇയാളെ ഇങ്ങനെ എന്റെ മുന്നില് കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല".

ഞാൻ വീണ്ടും സ്ഥായീഭാവം ആയ ഇളിഭ്യചിരിയിൽ നിൽക്കുമ്പോൾ അവൾടെ ചോദ്യം. "എന്താ തീരുമാനം എന്ന് വീട്ടുകാരെ അറിയിചോളൂ". ഞാൻ എന്താ പറയണ്ടേ എന്നു അറിയാത്ത അവസ്ഥയിലായിരുന്നു...

എന്നിട്ടു അവൾ ഒരു ചോദ്യം കൂടെ "പഴയ കൂട്ടുകാരൊക്കെ ഇല്ലേ കൂടെ എന്ന്.." ഫൈനലിൽ ഏഴു ഗോൾ കിട്ടിയ ബ്രസീലിന്റെ അവസ്ഥയിൽ ആയ ഞാൻ വീണ്ടും വീണ്ടും ചിരിച്ചു.

അപ്പോൾ അടുത്ത ഗോളും കൂടെ അവൾ അടിച്ചു.. "എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ"..

ഞാൻ രണ്ടു വാക്കുള്ള ഒരു കാര്യം പറഞ്ഞു...അതോടെ ഇന്റർവ്യൂ തീർന്നു ഞാൻ പരാചിതനായി പുറത്തു വന്നു.

സഭ പിരിഞ്ഞു.. തിരിഞ്ഞു നോക്കാതെ ഞാൻ ശകടത്തിൽ കയറി. വണ്ടി നിരങ്ങി നീങ്ങി...ഗ്രാമപാതയിലെ ചെമ്മണ്ണിൽ പൊടിപടലങ്ങൾ പാറിച്ചു കൊണ്ട് ആ നാൽകാലി മുരണ്ടു പറന്നു (ഒരാവശ്യോം ഇല്ലാത്ത അലങ്കാരം).

വീട്ടിലെത്തും മുൻപ് ആ പൊടി പടലങ്ങളെ സാക്ഷി ആക്കിക്കൊണ്ട് സർവ്വശ്രീ ശശി ആയ ഞാൻ ചിന്തിച്ചത് ഇതായിരുന്നു..

എന്തിന്റെ കേടായിരുന്നു എനിക്ക്...........

--------രഞ്ജിത്ത് മണ്ണാർക്കാട്

വീണ്ടും ഒരു ഓർമ്മ


സ്കൂളിൽ പോകുക എന്ന് പറഞ്ഞാൽ ആക്ച്വലി ഒരു അർമാദിക്കൽ ആയിരുന്നു. നല്ല രസല്ലേ....അഴിച്ചു വിട്ട കാളയെ പോലെ ഒരു പോക്ക്. പ്രത്യേകിച്ചും മഴക്കാലത്ത്.

സ്കൂളിലേക്ക് നടന്നു പോകുന്ന ആ പോക്ക്. ഹോ... ഇന്നിപ്പോ പറഞ്ഞാ വിശ്വസിക്കാൻ പ്രയാസമുള്ള പയ്യൻസ് ഉണ്ടാവും. നമ്മുടെ നവയുഗ ഫ്രീക്കന്മാർ..

പഴയ ആളുകൾ പറയുന്ന പോലെ പറഞ്ഞു തുടങ്ങാം.. ഹാ..അതൊക്കെ ഒരു കാലം..

റോഡിലെ കുഴികളിലെ ചെളി പരസ്പരം തെറിപ്പിച്ചും. വഴിയിൽ നിന്നും മാങ്ങ, പുളി എന്നീ സാധങ്ങൾ എറിഞ്ഞും പെറുക്കിയും ഒരു കാലവണ്ടിയെങ്ങാൻ കണ്ടാൽ അതിന്റെ പുറകിൽ തൂങ്ങി...നടന്നിരുന്ന മനോഹരമായ ബാല്യകാലം.

വെള്ള യൂനിഫൊർമിൽ താഴെ മുതൽ വീ കെ സി യുടെ വയലറ്റ് കളർ ചെരുപ്പ് കൊണ്ട് അടിച്ചു കയറ്റിയ ചെളി തുള്ളികൾ... പരസ്പരം കുത്ത് കൂടി തുളഞ്ഞ കുടകൾ.. എല്ലാ കുടകളും കൂടെ നിരത്തി വെച്ച് നടക്കാൻ പോലും സ്ഥലമില്ലാത്ത ക്ലാസ്സ് മുറികൾ

ക്ലാസ്സ്‌ മുറികളിലെ അരമതിലിൻറെ പാതി മറച്ചിരുന്ന തട്ടികയുടെ ഇടയിലൂടെ വരുന്ന മഴത്തുള്ളികൾ... പൊട്ടിയ ഓടിന്റെ ഇടയിലൂടെ മഴവെള്ളം ചോരുന്ന ക്ലാസ് മുറികൾ...ഹൌ....ആലോചിക്കാൻ വയ്യ. മഴപെയ്താൽ സ്കൂളിലെ മുറ്റത്ത് നിറയെ വെള്ള ചാലുകൾ ഉണ്ടാവും. അതിനു റൂട്ട് ഉണ്ടാക്കൽ ആണ് പ്രധാന കളി. സൂയസ് കനാലിനെ വരെ തോൽപ്പിക്കുന്ന തരത്തില്ലുള്ള വെള്ള ചാലുകൾ

ഇത്യാദി കളികൾ എല്ലാം കഴിഞ്ഞു നനഞ്ഞു ഒട്ടി ക്ലാസ്സിൽ ഇരിക്കണം...പെരുംജാതി സുഖാ അതിനു. എന്നിട്ട് വൈകുന്നേരം വീട്ടില് ചെന്ന് നോക്കിയാ അറിയാം അക്രമം. ഷർട്ട്‌ കരിമ്പന പിടിച്ച നല്ല ഡിസൈൻ ഒക്കെ ആയി.. അമ്മ ഓടിക്കാൻ വേറെ വല്ലോം വേണോ??

എനാലും അതൊരു നല്ല കാലം തന്നെ ആയിരുന്നു. ബാഗ്‌ ഒക്കെ ഉണ്ടെങ്കിലും മഴത്തുള്ളികൾ വീണു പേര് മാഞ്ഞു തുടങ്ങിയ പുസ്തകങ്ങളും ...എഴുത്തു പടർന്ന പേജുകളും.... ഓർമകൾക്ക്‌ പണ്ടത്തെ പോലെ തന്നെ ഇന്നും ഒരു സുഗന്ധം.......

ഇന്നത്തെ കാലത്ത് സ്കൂളിലെ വെള്ളച്ചാലുകളിൽ കടലാസ് കപ്പൽ ഉണ്ടാക്കി രസിച്ചിരുന്ന എത്ര പേരുണ്ടാവും??? കൂട്ടുകാരന്റെ കപ്പൽ മുക്കുമ്പോൾ കിട്ടുന്ന ഒരു ആത്മനിർവൃതി,,ഹോ....തിരിച്ചും പണി കിട്ടും..അത് വേറെ കാര്യം...

ഇനി വേനൽ കാലത്ത് നേരിട്ടിരുന്ന ഒരു വലിയ പ്രശ്നം ആയിരുന്നു കുടി വെള്ളം. ചുക്കുവെള്ളത്തിന്റെ കറ പിടിച്ച പ്ലാസ്റ്റികിന്റെ കുപ്പിയിൽ കൊണ്ടുപോയ വെള്ളം ഉച്ച ആവുമ്പോഴേക്കും തീർന്നിട്ടുണ്ടാകും.. പിന്നെ പൈപ്പിലെ വെള്ളം. അതും തീരും. വീട്ടിൽ നിന്നും പ്രത്യേകം പറയും..പൈപ്പ് വെള്ളം കുടിക്കല്ലേ എന്ന്... ദാഹിച്ചു എരിപൊരി സഞ്ചാരം തുടങ്ങിയാ പിന്നെ എന്ത് പൈപ്പ്...

എല്ലാം തീർന്നാ പിന്നെ ദാഹിച് കരിഞ്ഞു ഇരിക്കും.പെണ്‍കുട്ടികളോട് കടം വാങ്ങി കുടിക്കും..തന്നില്ലെങ്കിലോ, മാന്യമായി കട്ട് കുടിക്കും..ഹമ്പട... സ്കൂളിലെ അരമതിലിൽ നിരത്തി വെച്ചിട്ടുണ്ടാകും പല കളറിൽ ഉള്ള വാട്ടർ ബോട്ടിലുകൾ... അതിൽ നിന്നും എടുത്തു കുടിക്കാനും ഉണ്ട് ഒരു സുഖം

സ്കൂൾ വിട്ടു പോകുമ്പോൾ പഞ്ചായത്ത്‌ കിണറ്റിൽ നിനും വെള്ളം കോരുന്ന ലലനാമണികളുടെ ദയക്ക് വേണ്ടി കാത്തു നിൽക്കും. ഒരു കൈക്കുമ്പിൾ വെള്ളം കിട്ടണമെങ്കിൽ രണ്ടു ടാങ്കർ ഇരക്കണം.. ഒരു വിധം എല്ലാരും തരും. എന്നാലും ഉണ്ടാകും ചില ച്യാച്ചിമാര്. ദാഹിച്ചാ വെള്ളം തരില്ലാന്നെയ്...അപ്പോ പിന്നെ അവര് വല്ല ഇടിവെട്ടി ചവണേ എന്നോ, വെള്ളം കോരുമ്പോ കിണറ്റിൽ വീഴണേ എന്നോ ഒരു പ്രാർത്ഥനയാ...!! അല്ല കൊടിയ പാപം അല്ലെ അവർ ചെയ്യുന്നത്. ദേഷ്യം വരില്ലേ പിന്നെ....കുടിവെള്ളം പൂഴ്ത്തിവേക്കുന്നോ??

ഒരുവിധം വാടിത്തളർന്ന് വീട്ടിലെത്തുമ്പോഴേക്കും ഒരു വഴിക്ക് ആയിട്ടുണ്ടാകും. പക്ഷെ മ്മടെ പരിപാടി തൊടങ്ങാൻ പോണല്ലേ ഉള്ളു. പാടത്ത് കുത്തി മറയണ്ടേ?? പാടത്തെ കളി ഒക്കെ കഴിഞ്ഞു വീട്ടിലേക്കു ഒരു പോക്കുണ്ട്. പെറ്റ അമ്മ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ..

എന്നാലും ആ കാലത്തിനു ഒരു സുഖമുണ്ടായിരുന്നു. കമ്പ്യുട്ടെർ ഗെയുമുകൾ സമയം കാർന്നു തിന്നാത്ത, സീരിയലുകൾ അമ്മമാരേ കരയിക്കാത്ത വൈകുന്നേരങ്ങൾ... അടുത്ത വീട്ടിലെ കോലായിൽ വിശേഷങ്ങൾ പങ്കു വെച്ചിരുന്ന സായാഹ്നങ്ങൾ... നന്മ നിറഞ്ഞ നാട്ടിൻപുറങ്ങൾ

ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന...!!!!

രഞ്ജിത്ത് മണ്ണാർക്കാട്

ഭീകര സ്വപ്ന പതനം




അവൻ കണ്ണുകൾ ഇറുക്കി അടച്ചു..
അവൻ രാക്ഷസക്കോട്ടകൾ കണ്ടു
ആകാശത്തോളം ഉയർന്ന തിരമാലകൾ കണ്ടു
ഭീകര ജീവികളെ കണ്ടു..
പ്രാണനുവേണ്ടി കരയുന്ന സഹജീവികളെ കണ്ടു...
അവൻ ഓടുകയായിരുന്നു..
എങ്ങുമെത്താത്ത വഴികളിലൂടെ..
ചിലസയങ്ങളിൽ ശൂന്യതയിലൂടെ
ദൂരെ നിന്നും ഒരു പ്രകാശം
അത് കണ്ണിൽ തറച്ചപ്പോൾ അവൻ തെല്ലിട നിന്നു ഒരു ദീർഘനിശ്വാസം...
അതിനു മുൻപേ..പുറകിൽ നിന്നൊരു ഭാരം അവനെ ആഴങ്ങളിലേക്ക് എടുത്തെറിഞ്ഞു.......
കണ്ണ് തുറന്നു നോക്കുമ്പോൾ......കണ്മുന്നിൽ കണ്ടത്.. കറങ്ങുന്ന ഫാൻ...മാറാല തൂങ്ങിയ അട്ടം...
കൂടാതെ തന്നെ നോക്കി ചിരിക്കുന്ന കൂട്ടുകാർ..... ഈ കട്ടിലിൽ നിന്നും വീണാ..ഇത്രേം ചിരിക്കണോ......

~~~~~~~~~~~~~~~രഞ്ജിത്ത് മണ്ണാർക്കാട്

"Nobody is Perfect In English"




ഗൾഫ് ജീവിതതിലെക്ക് ഞാൻ എടുത്തെറിയപ്പെടുകയായിരുന്നു.

ചുമ്മാ നാട്ടിൽ കുതിര കളിച്ചു പൂരങ്ങളും വേലകളും കണ്ടു അർമാദ മനസ്കനായി പൊതുകാര്യ പ്രസക്തനായി നടക്കുന്ന കാലത്താണ് അങ്ങിനെ ഒരു ഏറിയൽ. അത് വളരെ വലിയ ഒരു അനുഗ്രഹമായിരുന്നു.

ആ എടുത്തെറിയൽ എനിക്ക് തന്നത് ഒരു ജീവിതം തന്നെ ആയിരുന്നു. അതിനു കാരണക്കാരൻ ആയ ആളെ സ്നേഹപൂർവ്വം നന്ദിപൂർവ്വം ഓർക്കുന്നു.

ആദ്യമായി വിദേശത്ത് ജോലിക്ക് വന്ന സമയം. ഒമാൻ. എല്ലാം കൊണ്ടും ഒരു നല്ല സ്ഥലം.

നല്ല ആളുകള്, മോശമില്ലാത്ത ജീവിത സാഹചര്യം അങ്ങിനെ അങ്ങിനെ ഒരു നല്ല രാജ്യം.

ഇവിടെ വന്നു കിട്ടിയ നല്ല സൌഹൃദങ്ങൾ ഒരു വലിയ അനുഗ്രഹം ആയിരുന്നു...

എപ്പോൾ വേണമെങ്കിലും വിളിക്കാനും സംസാരിക്കാനും എന്ത് വേണമെങ്കിലും പങ്കുവെക്കാനും ഉള്ള ഒരു സ്വാതന്ത്രം...ഊഷ്മളമായ സൌഹൃദങ്ങൾ.

നാലര വർഷം ആദ്യത്തെ കമ്പനിൽ ജോലി ചെയ്തു. എന്നും ഓർക്കാൻ ഉള്ള ഒരുപാട് അനുഭവങ്ങൾ. ചിരിച്ചു മടുത്ത ദിവസങ്ങൾ... കരയാനോ ദുഖിക്കാനോ മറന്നു പോയ ദിവസങ്ങൾ..

അന്നാണ് മനസ്സിലായത്, ഒരുപാട് ദുഃഖങ്ങൾ ഉള്ള ആളുകൾ ഒരുമിച്ചു ചേർന്നാൽ സങ്കടങ്ങൾ സന്തോഷമായി മാറും എന്ന്. (ഒരു പരിധി വരെ)..

ചെന്ന് കയറിയപ്പോൾ എന്നെ ഏറ്റവും അലട്ടിയ പ്രശ്നം ആയിരുന്നു ഇംഗ്ലീഷ് ഭാഷ... ന്റമ്മോ...

ഈ ഇന്ഗ്ലിഷുകാരെ ഒക്കെ സമ്മതിക്കണം ട്ടോ.. ഇങ്ങനെ ഇന്ഗ്ലിഷിൽ സംസരിക്കണേനു. അവിടെ ഒക്കെ കുഞ്ഞു കുട്ടികൾ വരെ ഇംഗ്ലീഷ് അല്ലെ സംസരിക്കണേ......ന്റെ പോന്നോ...

ഒന്നു രണ്ടു വർഷം കൊണ്ട് ഏതാണ്ട് ഒപ്പിച്ചെടുക്കാനുള്ള അവസ്ഥ ആയി.

നണ്ട്രി കടവുളേ...ഉൻ അൻപു വായ്പ്പുക്...

അങ്ങിനെ ജോലി വളരെ സ്മൂത്ത് ആയി.. സുസ്മേരവദനനായി പോകുന്ന ഒരു ദിവസം സ്റ്റോറിൽ ഒരു പ്രശ്നം. അവിടെ ഉള്ള ആളുകളുടെ ഓവർ ടൈം കൃത്യമായി കിട്ടുന്നില്ല.

പ്രത്യേകിച്ചും തുച്ചമായ വരുമാനമുള്ള ലേബെർസിനു അത് വലിയ ഒരു അടിയായി. സംഗതി റിപ്പോർട്ട്‌ കൊടുക്കുന്ന ആളുടെ പ്രശ്നം ആണ്. ആള് മര്യാദക്ക് റെക്കോർഡ്‌ ചെയ്യാത്തതുകൊണ്ട്

പക്ഷെ തല്ലികൊന്നാൽ ആള് സമ്മതിക്കൂല്ല. അത് ഓഫീസിൽ ആണ് ചെയ്യുന്നത് എന്നാണ് ആള് പറയണത്. ചുരുക്കത്തിൽ അത് എന്റെ പിടലിക്ക് വന്നു.

എന്നെയും സ്റ്റോർ മാനേജർ ചേട്ടനേം ജനറൽ മാനേജർ വിളിപ്പിച്ചു. സംഗതി ഞാൻ അവതരിപ്പിച്ചു. സ്റ്റൊരിൽ നിന്നും വരുന്ന അട്ടെന്ടെൻസ് ഷീറ്റ് ആണ് വില്ലൻ.

അത് അവിടെന്നു തെറ്റായി എഴുതി വിട്ടാൽ, ഇവിടെ ഓഫീസിൽ അത് പ്രകാരമേ ശമ്പളം കൊടുക്കു. സ്റ്റോറിൽ നിന്നും നേരെ എഴുതി വിട്ടാൽ മതി എന്ന്.

ഒരു ഹിന്ദിക്കാരൻ ആയിരുന്നു ജി. എം. ഒരു വിധം ഞാൻ കാര്യം പറഞ്ഞു ഒപ്പിച്ചു. ഞാൻ നിർത്തിയപ്പോ മ്മടെ സ്റ്റോർ മാനേജർ തൊടങ്ങി. നല്ല കടുകടുപ്പൻ ഇന്ഗ്ലിഷിൽ.

ആളു മലയാളിയാ. പക്ഷെ കലിപ്പ് വന്നാ ഇന്ഗ്ലിഷേ വരൂ.

"Sir, I not do anythng. why I do? they my brothrs. " (സാറെ, ഞാനല്ല ചെയ്തത്. ഞാൻ അങ്ങനെ ഒക്കെ ചെയ്യ്വോ? അവരെന്റെ കൂടെപിറപ്പുകളല്ലേ??)

"i am not DIDDING sir. he (ഞാൻ) is DIDDING." (ഞാൻ ചെയ്തിട്ടില്ല സാർ. ഇവനാണ് ചെയ്തത്.)

"he (ഞാൻ) says I am (സ്റ്റോ. മാ) IS DIDDING." (അവൻ പറയുന്നു ഞാനാ ചെയ്യണേ എന്ന്)

"I Innocent" (ഞാൻ നിഷ്കളങ്കനാ സാർ)

ഇത്ഥം കഥിച്ചതിശുദ്ധനാം സ്റ്റോ.മാ. ശാന്തനായി, പാവമായി ജി. എമ്മിനെ നോക്കി. കൂട്ടത്തിൽ ഒന്ന് ചെരിഞ്ഞു എന്നെയും നോക്കി. നിന്നെ ഞാൻ ശരിയാക്കി തരൂഡാ എന്ന ഭാവത്തിൽ.

ജി എം ആണെങ്കിലോ ഒരുമാതിരി കുരിശു കണ്ട ചെയ്ത്താനേ പോലെ സ്റ്റോ മാനെജറെ നോക്കി.

എന്നോട് ഇത് വേണാരുന്നോ ഡാ എന്ന എന്നാ ഭാവത്തിൽ.

ഞാൻ മെല്ലെ പുറത്തേക്കു ചാടി. ചിരി സഹിക്കാൻ പറ്റാത്തതുകൊണ്ട്...............ചിരിക്കാൻ കാര്യമുണ്ട്.

ഞാൻ സ്റ്റോറിലെക്ക് എന്ത് ലെറ്റർ അയച്ചാലും അതിൽ ഗ്രാമർ പോര, നിൻറെ ലെറ്റരുകളിൽ അർത്ഥം ഇല്ലാന്നൊക്കെ എന്നെ വിളിച്ച് പറയണ ടീമാ ഈ വെച്ച് കീച്ചണേ....

അതിനു ശേഷം ഇങ്ങേരെ കണ്ടാൽ ജി എം. വഴിമാറി നടക്കും എന്നത് വാൽകഷ്ണം. ഇന്ഗ്ലിഷിൽ എങ്ങാനും സംസാരിക്കാൻ വന്നാ...ദെവ്യെയ്

(വ്യക്തി ഹത്യ അല്ല. കൈമുട്ട് ഇല്ലാത്തവൻ ചെറുവിരൽ ഇല്ലാത്തവനെ കുറ്റം പറയുന്ന അവസ്ഥയെ ഒന്ന് കാണിച്ചു എന്നെ ഉള്ളു..

~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

ഒരു ഫ്രീക്കന്റെ ജനനം




ഒന്ന് ഫ്രീക്ക് ആയാലോ ചിന്തയിലാണ്.
അതിനായി നാളെ മുതൽ കുളിക്കൂല്ല, ഷേവ് ചെയ്യൂല്ല, പല്ലും തെക്കൂല്ല.
ഒരു ജീൻസ് എടുത്ത് കണ്ടമാനം ചെളി വാരി തേക്കണം.
മഞ്ഞ ഷർട്ടും, കിളിപ്പച്ച കളർ പാന്റും വാങ്ങണം....
റോസ് കളർ ഷൂസിൽ മഞ്ഞ ലേസ് കെട്ടണം
ചാണകത്തിൽ ചവിട്ട്യപോലെ നടക്കണം.
പൊതുജനങ്ങളെ എല്ലാം ഇനി ഡ്യൂട് എന്നേ വിളിക്കു..
അപ്പുറത്തെ വീട്ടിലെ ചപ്രതലയനെ ഇനി മുതൽ ബഡി എന്ന് വിളിക്കും
ഇടകിടക്ക് ദൊപ്പയ്യയെ കണ്ട മൊട്ടു മുയലിനെ പോലെ യോ യോ എന്ന് പറയണം...
കയ്യിലെ മൂന്ന് വിരലോഴികെ മറ്റൊരും വിരലും ഇനി പോക്കൂല്ല...
പള്ളികൂടത്തിൽ പോയിട്ടില്ലെങ്കിലും സായിപ്പന്മാരുടെ പാട്ടെ ഇനി മുതൽ കേൾക്കു
പേരിന്റെ കൂടെ ഇനി മുതൽ ചങ്ക്സ്, സ്മോകീ, പോപ്പിൻസ്‌ റോക്സ് എന്നോകെ ചേർക്കണം
അപ്പോൾ ഇനി മുതൽ ഞാൻ ഫ്രീക്കൻ എന്നറിയപ്പെടും
wOOOW.........lEtz rOcK bUdDy......yOYo..!!
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

പ്രണയം നഷ്ടമാവുന്ന നിമിഷം


എന്റെ യാത്രകൾ നിന്റെ ഹൃദയത്തിലെക്കായിരുന്നു.... തേടിയാലും അലഞ്ഞാലും എത്താത്ത ദൂരത്തു ആ ഹൃദയമോളിപ്പിച്ചു വെച്ച് നീ ആ ഹൃദയം എന്റെ പക്കലാണെന്ന് പറഞ്ഞതെന്തിനായിരുന്നു..
സ്വയം തിരിച്ചറിയാനാവാതെ അലയുന്നവന് ഹൃദയമെന്തിനു എന്ന് നീ ചോദിച്ചത് നമ്മുടെ പ്രണയത്തിൽ നിന്നുള്ള നിന്റെ ഒളിച്ചോട്ടത്തിന് വേണ്ടിയായിരുന്നോ...
എന്നെ ഞാൻ തിരിച്ചറിഞ്ഞപ്പോൾ.... തിരിച്ചറിയാതെ പോയത് നമ്മുടെ പ്രണയമായിരുന്നു..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

ഈശ്വരോ നിന്നെ നീ തന്നെ രക്ഷതു




ദൈവത്തിനെ രക്ഷിക്കാൻ മനുഷ്യൻ യന്ത്രതോക്കും കുന്തവും കുറുവടിയുമായി ഇറങ്ങിയിരിക്കുന്നു. ഇതിനു ഭക്തി എന്ന് പറയാൻ പറ്റുമോ? ഭ്രാന്ത് എന്ന് പറയുന്നതാവും കൂടുതൽ ശരി എന്ന് തോന്നുന്നു.. ദൈവത്തിന്റെ തന്നെ സൃഷ്ടികളായ മനുഷ്യർ, പരസ്പരം പോരടിച്ചു ചാവുമ്പോൾ ദൈവത്തിനു സന്തോഷമാകുന്നുണ്ടാകുമോ.. ദൈവത്തിന്റെ പെരിലാകുമ്പോൾ എല്ലാം പുണ്യമാണല്ലോ അല്ലെ... തന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുകയും എന്നിട്ട് ആ ദൈവത്തെ രക്ഷിക്കാൻ ചാടിപുറപ്പെടുകയും ചെയ്യുക.. സർവ്വതിന്റെയും സ്രഷ്ട്ടാവായ ദൈവത്തിനു സ്വയം രക്ഷിക്കാൻ മനുഷ്യന്റെ കാവൽ. പഷ്ട്ട് കണ്ണാ പഷ്ട്ട്...

ഇത് ദൈവ പ്രീണനം ആണെന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. തനിക് ദൈവ ഭയം ഉണ്ട് എന്ന് സ്വയം വിശ്വസിക്കാനും, സമൂഹത്തിലെ മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ഉള്ള ഒരു തത്രപ്പാട്. അതാണ് ഇത്. ദൈവത്തിനു തന്നെ പുച്ഛം തോന്നുന്നുണ്ടാകും. ഇതെല്ലാം കണ്ടിട്ട്

പേടി ആണ് ആരെങ്കിലും കുറ്റം പറഞ്ഞാൽ അല്ലെങ്കിൽ പരിഹസിച്ചാൽ ഉടനെ ദൈവം മനം നൊന്ത് ആത്മഹത്യ ചെയ്തുകളയുമോ എന്ന പേടി. ദൈവം അങ്ങിനെ ചെയ്‌താൽ പിന്നെ നമുക്ക് രക്ഷിക്കണേ എന്ന് വിളിച്ചു കരയാനും, ദൈവത്തിന്റെ പേരില് മത്സരം കാണിക്കാനും, യന്ത്രത്തോക്ക്‌ ഉപയോഗിച്ച് ചട പടാന്ന് വെടിവെച് രക്തം ചൊരിയാനും പറ്റില്ലല്ലോ. ഇങ്ങനെ ഒക്കെ ചെയ്‌താൽ ദൈവത്തിന്റെ അനുഗ്രഹം എമ്പാടും കിട്ടും എന്ന് വിശ്വസിക്കുന്ന മണ്ടന്മാരോടു സഹതാപം തോന്നുന്നു...മ്യാരക സഹതാപം

ദൈവത്തിനു വരെ ഇപ്പൊ മനുഷ്യരെ പേടിയാണത്രേ. ഏത് രീതീലാ ഈ സാധനം പ്രതികരിക്കാ എന്ന് തമ്പുരാനുപോലും വല്യ പിടി ഇല്ലത്രെ...

സംഗതി സർവ്വ വ്യാപി ഒക്കെ ആണെങ്കിലും, ഒന്നോ രണ്ടോ അല്ലെങ്കിൽ പത്തോ നൂറോ ആളുകള് ചേർന്ന് കളിയാക്കിയാൽ പ്രതിച്ഛായ പോകുന്നത് ദൈവത്തിന്റെ ആണ്. അത് കാത്തു സൂക്ഷിക്കണ്ടേ അല്ലെ പിന്നെ.... ഇത്രേം കാലം ദൈവം നമ്മളെ കാത്തില്ലേ ഇനി നമ്മൾ തിരിച്ചു കാക്കേണ്ടി വരും എന്നാ തോന്നണത്,

ചുരുക്കത്തിൽ ദൈവം എന്നത് നമ്മളാൽ സംരക്ഷിക്കപ്പെടേണ്ട ഒരു സങ്കല്പം ആയി മാറിയോ എന്നൊരു സംശയം ഇല്ലാതില്ല ദൈവത്തിന്റെ കോടതിയിൽ ആണ് പരമമായ ശിക്ഷ എന്ന് എല്ലാ ഗ്രന്ഥത്തിലും ഉണ്ട് എന്ന് തോന്നുന്നു. എന്നാലിപ്പോ മനുഷ്യർ സ്വയം ദൈവം ആവാനുള്ള ശ്രമത്തിലാണ്. ദൈവം ചെയ്യേണ്ടത് മനുഷ്യൻ ചെയ്യുമ്പോ ദൈവത്തിന്റെ പണി കുറഞ്ഞു വരുമല്ലോ ല്ലേ...

എന്നാൽ കൂടെ, ദൈവനാമത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അല്പ്പം കടന്ന കയ്യല്ലേ...?

അല്ല അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യ ദൈവങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്യ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണല്ലോ സങ്കല്പം. അങ്ങിനെ മനുഷ്യനെ സൃഷ്ടിച്ച ദൈവം ഏതെങ്കിലും ഒരു പ്രത്യേക മതത്തിൽ ആണവനെ ജനിപ്പിച്ചത് എന്ന് തോന്നുന്നില്ല. എല്ലാം മനുഷ്യനുണ്ടാക്കിയതാണ്. ഇപ്പൊ മനുഷ്യന്റെ താല്പര്യതിനനുസരിച്ചു ദൈവത്തെയും സൃഷ്ടിക്കാൻ തുടങ്ങി. അതായതു ദൈവ കർമ്മമായ സൃഷ്ടി ഇപ്പൊ മനുഷ്യൻ ചെയ്യുന്നു. അപ്പൊ പിന്നെ സംഹാരവും അവൻ തന്നെ ചെയ്യേണ്ടേ?? ഈ മണ്ടന്മാർ ആ ഒരു ലോജിക് ആണ് പിന്തുടരുന്നത് എന്നു തോന്നുന്നു. ഈ മതം മാറ്റൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല. മതത്തിൽ ആൾബലം കൂട്ടി കാണിച്ചു റേറ്റിംഗ് കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആകും ല്ലേ...

ഒരു കഥ വായിച്ചത് ഓർക്കുന്നു ഞാൻ. ഒരു ആരാധനാലയത്തിന്റെ പുറത്ത് ഒരു യാചകൻ ഇരിക്കുന്നു. ഭക്തർ ഒരുപാട് പേർ അദ്ധേഹത്തെ കടന്നു പോയി. ആരും തന്നെ ആ പാവത്തിനെ ഒന്ന് നോക്കാൻ പോലും തയ്യാറായില്ലത്രേ. കുറെ നേരത്തെ ഇരിപ്പിന് ശേഷം, അദ്ദേഹം പതിയെ അവിടെ നിനും പോയി ഒരു മദ്യ വിൽപന ശാലയുടെ മുന്നിൽ ഇരുന്നു. അവിടെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് അവിടെ മദ്യം വാങ്ങാൻ വന്ന പലരിൽ നിന്നും ഭിക്ഷ കിട്ടി. അപ്പോൾ ആ യാചകൻ മനസ്സ് നിറഞ്ഞു പറഞ്ഞു, ദൈവമേ, നീ ആരാധനാലയത്തിൽ ഇരിക്കുന്നു എന്ന് പറഞ്ഞു പറ്റിച്ചതാണല്ലേ? ശരിക്കും നീ കുടികൊള്ളുന്നത് ഇവിടെയാണോ എന്ന്. ഇതിൽ നിന്നും, ഒരുവിധം എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..

ഭക്തി ഇന്ന് മറ്റുള്ളവരെ കാണിക്കാൻ ഉള്ള പ്രഹസനം ആയി മാറിയിരിക്കുന്നു. ദൈവത്തെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? ദൈവം സ്നേഹമല്ലേ? ആ സ്നേഹത്തെ തിരിച്ച സ്നേഹിക്കുന്നത് സഹജീവികളെ കൊന്നോടുക്കീട്ടാണോ?? നമ്മൾ എന്തോ കള്ളത്തരം ഇപ്പോഴും ചെയ്യുന്നു എന്ന രീതിയിലാണ് ആളുകളുടെ ഭക്തി ഇന്ന്. നമുക്ക് ജീവിക്കാനായി പണം തരണേ ദൈവമേ എന്ന് ദൈവത്തോട് താണ് കേണു കരയും. എന്നിട്ട് ആ പണം കൊണ്ട് പോയി ദൈവത്തിനു കൊടുക്കും. ഈ പ്രപഞ്ചം തന്നെ സൃഷ്ടിചത് ഈശ്വരൻ ആണെങ്കിൽ , ദൈവത്തിനു എന്തിനാണ് പണം?? ആവശ്യക്കാരന്റെ കയ്യിലേക്ക് എത്തിചെരേണ്ടതല്ലേ അത്? ആവശ്യമില്ലാത്തപ്പോൾ പണം വെറും കടലാസ് മാത്രമാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഇതൊക്ക പറയുമ്പോഴും, ഞാൻ അടക്കമുള്ളവർ പാവങ്ങൾക്കു വേണ്ടി എന്ത് ചെയ്തു എന്ന് സ്വയം ചോദിക്കുകയും..ചെയ്യുന്നുണ്ട്,

ചില ചിന്തകള്, ചില സത്യങ്ങൾ അങ്ങിനെ ആണ്. പൊതുവായി വിളിച്ചു പറയാൻ പാടില്ല. ഒരു കഥ കേട്ടിട്ടില്ലേ, രാജാവിന്റെ മരണം പ്രവചിച്ച ജോത്സ്യന്റെ കഥ. 30 ദിവസം കഴിഞ്ഞാൽ രാജാവ് തട്ടിപ്പോകും ഏന്നു പറഞ്ഞ ജോത്സ്യനെ രാജാവ് സ്പോട്ടിൽ തട്ടി. വീണ്ടും ജോത്സ്യൻമാർ പലതു വന്നു. എല്ലാവർക്കും പറയാനുള്ളത് ഒരേ കാര്യം. അവിടെ ഒക്കെ സത്യം സത്യമായി പറഞ്ഞ ആളുകളുടെ മരണമാണ് ഉണ്ടായത്. എന്നാൽ ബുദ്ധിപരമായി വേറെ ഒരു ജോത്സ്യൻ വന്നു പറഞ്ഞത്രേ, രാജകുമാരൻ 30 നാളുകൾ കഴിഞ്ഞാൽ രാജാവാകും എന്ന്.

ഇവിടെ രണ്ടു പേരും പറഞ്ഞത് ഒന്ന് തന്നെ ആണ്. രാജാവ് തട്ടിപ്പോകും എന്ന്. പക്ഷെ പറയേണ്ട രീതി ഒരാളുടെ ജീവന രക്ഷിച്ചു സമ്മാനങ്ങളും കിട്ടി.

നമുക്ക് ജാതിയോ മതമോ രാഷ്ട്രീയമോ പറഞ്ഞാൽ നഷ്ടമാകുന്ന ബന്ധങ്ങളെ ഉള്ളു കൂട്ടിനു എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്. അത് പറഞ്ഞാൽ അപ്പൊ തീരും ഈ മച്ചാ മച്ചാ വിളികളൊക്കെ.

മ്യാരകം തന്നെ മ്യാരകം

~~~~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

ഇരുളും വെളിച്ചവും നീയും




ഇരുളിലേക്ക് ഞാൻ തെളിച്ച വെളിച്ചം ചെന്നെത്തിയത് നിൻ ഹൃദയത്തിലെക്കായിരുന്നു അതിലൊരു കോണിൽ ഞാൻ കണ്ടെത്തി എന്റെ നിർവികാര മുഖം

-----------------------------------------------------------------------രഞ്ജിത്ത് മണ്ണാർക്കാട്

മൌനം




ഒന്നും പറഞ്ഞതില്ലോന്നും, നനഞ്ഞ മിഴിയാലെന്നെ നോക്കി എൻ കൈത്തലം പിടിച്ചൊന്നമർത്തിയവൾ മറഞ്ഞു പോയ്‌ എന്നെ ഈ ജീവിത വീഥിയില്‍ തനിച്ചാക്കി.. ഇന്നുമോർ‍തിരിക്കുന്നു ഞാനാ പോയ്മറഞ്ഞ സുന്ദര നിമിഷങ്ങൾ‍.. ഏകാന്തമായ് ഈ ഒറ്റയടിപാതയില്‍ ..

മധുരമീ പ്രണയം




എന്നിൽ നിന്നും ഒഴുകിയിറങ്ങിയ നഷ്ടമായ കണ്ണീരിനെ ഞാൻ തേടി.. അത് വന്നു വീണത്‌ നിൻറെ ഹൃദയത്തിൽ ആയിരുന്നു...

ആ ഹൃദയം..നിന്റെ കാമുകന്റെ കയ്യിലായിരുന്നു.. അവനതു തുടച്ചു നീക്കി....അവന്റെ മന്ദഹാസം പ്രതിഷ്ടിച്ചു.. പകരം നീ അവനു നിന്റെ മന്ദഹാസം സമ്മാനിച്ചു... മധുരമീ പ്രണയം.... ....................നേടുമ്പോൾ മാത്രം....

------------രഞ്ജിത്ത് മണ്ണാർക്കാട്

മത്തം ..!




കോളേജു സമയത്ത് ഉച്ച ഭക്ഷണം പരസ്പരം മാന്തി പറിച്ചു തിന്നുന്നത് ഒരു രസമായിരുന്നു. സ്വന്തം പാത്രം സൂക്ഷിക്കേം വേണം. അടുത്തുള്ള ആളുടെ മാന്തുകയും വേണം. ദതായിരുന്നു ദതിന്റെ ഒരു ദിത്. കറക്റ്റ് സമയത്ത് കഴിക്കാൻ വരാത്തവരുടെ പാത്രം അവർ വരുന്നതിൻറെ മുൻപേ തന്നെ തുറന്നു ഉത്തരവാദിത്തത്തോടെ ആ പാത്രം ക്ലീൻ ആക്കി കൊടുക്കും. നൻപൻ ഡാ.

എന്റെ വീട് കോളേജിന്റെ അടുത്താണ്. എന്നാലും വീട്ടിൽ പോകില്ല കയ്യിട്ടു മാന്തി ശീലിച്ചു പോയി. എന്താ ചെയ്യ..!! (ഫീലിംഗ് : കഷ്ട്ടം)

അങ്ങനെ ഒരു ദിവസം ഉച്ചക്ക് പതിവുപോലെ ക്ലാസ് മുറി യുദ്ധക്കളമാക്കി ഭക്ഷണം കഴിക്കുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ സ്വൽപ്പം ജാഡയുള്ള ഒരുത്തി ഉണ്ട്. (ആസ് യൂഷ്വൽ പേര് സോല്ലമാട്ടെൻ) ആള് പണ്ട് ഇംഗ്ലീഷ് മീഡിയം ഒക്കെ ആയിരുന്നു. മ്മക്കൊനും സംസാരിക്കാൻ കൊള്ളൂലെന്നേ. മ്മടെ അത്ര സ്റ്റാൻഡേർഡ് പോര. മലയാളം കുറച്ചു കഷ്ടിയാ പച്ചകറികളുടെ പേരുകളൊക്കെ ഇംഗ്ലീഷിലെ പറയു. (എക്സാമ്പിൾ ആയി ഒരു ഉദാഹരണം പറഞ്ഞതാ)

വലിയ ഒരു പാത്രത്തിൽ ചോറും കറീം കൊണ്ട് വരും സുന്ദരി..പലപ്പോഴും സ്പെഷ്യലും ഉണ്ടാകും. അവളോട്‌ ഞാൻ സ്നേഹപൂർവ്വം ചോദിച്ചു.

"ഡീ ഇന്നെന്താ കറി??"

അവൾ നിസ്സംശയം പറഞ്ഞു "പംപ്കിൻ കറി വിത്ത്‌ കർഡ്"

ദെവ്യെയ് അതെന്താണപ്പ അങ്ങിനെ ഒരു കൂട്ടാൻ. ഇനി കൂട്ടാൻ ചോദിച്ചെന് പെണ്ണ് തെറി പറഞ്ഞതോ മറ്റോ ആണോ? എന്റെ മമ്മി അങ്ങനത്തെ കറീസ് ഒന്നും മേയ്ക്ക് ചെയ്യാറില്ല.

സ്വാഭാവികമായ സംശയത്തോടെ ഞാൻ രണ്ടു കണ്ണും പുറത്തേക്കു പരമാവധി തള്ളീട്ടു ചോദിച്ചു..

"ന്താക്കുംന്നു ???"

അവൾ മൂന്നര ലോഡ് പുച്ഛം എടുത്തിട്ട് മുഖത്തു വാരിതേച്ചു. എന്നിട്ട് ഞങ്ങളോട് മൊഴിഞ്ഞു..

"ഇംഗ്ലീഷും അറിയാത്ത ഓരോ ഇടിയട്സ്ഡാ നിനക്കൊന്നും അറിയില്ലേ പംപ്കിൻ എന്നാലെന്താ എന്ന് "

പിന്നെ, ഹംസാക്കന്റെ കടേൽ പോയി ഇംഗ്ലീഷിൽ പറഞ്ഞാൽ അങ്ങേരു ചീഞ്ഞ തക്കാളി എടുത്ത് എറിയും. പിന്നെ വഴീന്നു അച്ഛനെ കണ്ടാ പരാതീം പറയും. മക്കളെ മര്യാദക്കു വളർത്തണം എന്ന്.

ഞാൻ പ്രഖ്യാപിച്ചു. "പോഡി. നീ ആങ്കുട്ട്യായ പെങ്കുട്ട്യാണേൽ മലയാളത്തിൽ പറ. ഓൾടെ ഒലക്ക...""

ആ ഒറ്റ ഡയലോഗിൽ അവൾക്കു എന്റെ ജെനെറൽ നോളജിൽ മതിപ്പ് തോന്നി.

"അവൾ പറഞ്ഞു. ഡാ പൊട്ടാ..പംപ്കിൻ എന്നാ ""മത്തം"" ആണ് ""മത്തം"" "

ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കാതത്തിനു ആദ്യായിട്ട് എനിക്ക് അഭിമാനം തോന്നി....