Saturday, February 28, 2015

പെണ്ണുകാണൽ ഒന്നാം ഖണ്ഡം

അമളി പറ്റാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല ല്ലേ. എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് അമളികൾ.

അതിൽ ഒരെണ്ണം....മുഴുത്തത് നോക്കി തരം തിരിച്ചത് എഴുതാം...

കോളേജു ജീവിതം സംഭവ ബഹുലം ആയിരുന്നു. വേറെ ഒരു തരത്തിൽ പറഞ്ഞാൽ, കോളേജിൽ പോകുന്നത് തന്നെ ചിരിക്കാൻ ആയിരുന്നു. പഠിത്തവും കോളേജു ലൈഫും എന്നൊക്കെ പറഞ്ഞാൽ അത് പണ്ട് ഉണ്ണികൃഷ്ണൻ മാഷ്‌ പഠിപ്പിച്ച പോലെയാ. രണ്ടു പാരലൽ രേഖകൾ ഒരിക്കലും കൂട്ടി മുട്ടില്ലത്രേ...

പൊതുവെ ഒരു പാവം പയ്യൻ ആണ് ഞാൻ എന്ന ദിസ് ബോയ്‌ എന്ന് മുന്നേ പറഞ്ഞിരുന്നല്ലോ. (സപ്ലിയും തുണ്ടും പിന്നെ ഞാനും).

പ്രായത്തിന്റെ എല്ലാ കുരുത്തകേടും കൊണ്ട് നടന്നിരുന്ന സമയം.

ഡിഗ്രിക്ക് പഠിക്കുമ്പോ തന്നെ വായ്നോട്ടത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവൻ.

ശുദ്ധൻ, ശാന്തൻ, നിഷ്ട്ടൂരൻ നിഷ്ക്രിയൻ കോളേജ് ഫീസ്‌ കൊടുക്കാത്തവൻ ക്ലാസ്സിൽ കേറാത്തവൻ പൂവാലൻ എന്ന് തുടങ്ങി.... സ്ഥാനമാനങ്ങൾ ചില്ലറ ഒന്നും ആയിരുന്നില്ല.

ഹിറ്റ്ലിസ്റ്റിൽ മൂന്നാമതോ മറ്റോ ആയിരുന്നു സ്ഥാനം എന്നാണ് ഓർമ്മ. സ്ഥാനക്കയറ്റം കിട്ടാനുള്ള കാരണവും വളരെ സിമ്പിൾ ആണ്.

പ്രിന്സിപ്പാളിന്റെ റൂമിന് പുറത്തു ഒരു കുഞ്ഞു അലങ്കാരപ്പണി നടത്തി... അത് പുള്ളി കണ്ടു..

അതായത് ഓഫീസ് റൂമിന്റെ ചുവരിൽ "ചെരിപ്പ് പുറത്തു" എന്ന് എഴുതി വെച്ചിരുന്നു. പതിവുപോലെ, ഫീസ് കൊടുക്കാത്ത കഠിനമായ കുറ്റത്തിന്

ഓഫീസു റൂമിനു പാറാവ്‌ നില്ക്കണ ഒരു ദിവസം..ആ "ചെരിപ്പ്" എന്നതിലെ "ി " ഞാൻ ചുരണ്ടി മാറ്റി.

ചെറ്യേ ഒരു മാറ്റം. "ചെരപ്പ് പുറത്തു" എന്ന്... അത് അത്ര വലിയ കുറ്റമാണോ??.ഹും, അതിനാ എന്നെ ഹിറ്റ്ലിസ്റ്റിൽ ലോ ലെവലീന്നു കൊറേ കൂടെ ലോ ലെവലിലേക്ക് പ്രമോട്ട് ചെയ്തത്.

ഇത് ഞാൻ എക്സാമ്പിൽ ആയി ഒരു ഉദാഹരണം പറഞ്ഞതാ. കഥയിലേക് കടക്കാം..

(അതിനു മുൻപ് ഒരു കൂട്ടിച്ചേർക്കൽ കൂടെ.. എന്റെ ഏട്ടൻ അതേ കോളേജിൽ കുറച്ചു കാലം പഠിപ്പിച്ചിരുന്നു..ഞാൻ അവിടെ പഠിക്കുന്ന സമയത്ത് തന്നെ....അവന്റെ കഷ്ട്ടകാലം)

അപ്പൊ അങ്ങിനെ പാറി പറന്നു അർമാദിച്ചു അല്ലുഅർജുൻ ഫിലിം പോലെ നടക്കുകയായിരുന്നു.

അതുകൊണ്ട് കോളേജിലെ ലലനാമണികൾക്കിടയിൽ അത്യാവശ്യം ചീത്തപ്പേര് സമ്പാദിക്കാൻ കഴിഞ്ഞിരുന്നു...

നമ്മളെ കാണുമ്പോ തന്നെ... "ഹൌ... ശല്ല്യം"എന്നവർ മൊഴിയുമ്പോൾ ഉള്ള ആ ഒരു സുഖം..

അത് ഒരുമാതിരി പ്രവാസിക്ക് ലീവ് കിട്ടുന്ന പോലെ ഉള്ള ഒരു സുഖാ.

ഫൈനൽ ഇയർ ആയപ്പോൾ ആണ് ഒരാളെ പരമാവധി വെറുപ്പിച്ചത്. (ആളുടെ പേര് പറയുന്നില്ല.)

എന്ന് വെച്ചാൽ ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക്‌ ഒരു പ്രണയം ഉണ്ടായിരുന്നു. നല്ല സ്വയമ്പൻ പ്രേമം. ഉള്ളിൽ തട്ടിയ പ്രേമം. അവൻ ചെന്ന് വിളിച്ചാൽ അവളുടെ അനിയത്തിയും കുഞ്ഞമ്മയും വരെ കൂടെ ഇറങ്ങി ചെല്ലും.

പഷ്ട്ട് പ്രേമം. പ്രേമത്തിന് തന്നെ പ്രേമം തോന്നുന്ന പ്രേമം. അതായിരുന്നു ആ പ്രേമം.

അപ്പോൾ അവന്റെ കാമുകിയുടെ ഒരു സുഹൃത്ത് ആണ് കഥാ പാത്രം (ഒരു അലങ്കാരത്തിനു വേണ്ടി അവൾക്കു ശരണ്യ എന്ന് പേര് ഇടുന്നു.

ആ പേരിൽ ഒരു സിൽമാ നടി അല്ലാതെ എനിക്ക് ആരെയും പരിചയം ഇല്ല. സംഗതി സേഫ്).

ഈ കുട്ടിക്കാണെങ്കിൽ ഞങ്ങളെ കണ്ടാൽ മന്ത്രവാദീനെ കണ്ട കോഴീനെ പോലെയാ മട്ടും ഭാവോം.

എൻറെ കൂട്ടുകാരന്റെ കാമുകിയോട് അവളുടെ വക പരാതിയും ബോധിപ്പിക്കേം ചെയ്തു.

"അവർ എന്നെ കണ്ടാൽ മുഖത്തേക്ക് ഒരുമാതിരി നോട്ടം നോക്കുന്നു, ഒരുമാതിരി പെണ്ണുങ്ങളെ കാണാത്ത പോലെ"

അത് പിന്നെ നോക്കാതെ എങ്ങനെയാ. ദോഷം പറയരുതല്ലോ. നല്ല കണ്ണുകളാ ചന്തക്കാരീടെ.

ന്നു വെച്ചാ, മ്മടെ സിൽമാ നടി ഗൌതമി നായരുടെ കണ്ണ് പോലെ.

ഞങ്ങൾക്ക് ആളാം വീതം അവളോട്‌ പ്രേമം തോന്നി. കാര്യമില്ലലോ.

എല്ലാവരും ഒരുമിച്ചു ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ടപോലെ അല്ലെ അവളെ നോക്കണത്.

ഞങ്ങൾ നല്ല രീതിയിൽ തന്നെ വായ്നോട്ടം തുടർന്നു. പരാതി കൊടുത്തപ്പോൾ നോട്ടം വായിൽ മാത്രമായി ഒതുങ്ങിയില്ല.

അതും പരാതിപട്ടികയിൽ കേറി. നേരെ പ്രിന്സിപ്പാളിന്റെ കയ്യിലെത്തി. പുള്ളിക്കാണെങ്കിൽ അതിൻറെ കലിപ്പ് വേറെയും.

എല്ലാം കൂടെ ആ കുട്ടിയുടെ മുന്നില് മ്മള് ഒരു പീഡാന്തകൻ ആയി..കോളേജു ജീവിതം കഴിഞ്ഞപ്പോഴേക്കും ഈ കുട്ടി നമ്മളെ കണ്ടാൽ വേറെ വഴിക്ക് റ്റാക്സി പിടിച്ചു പോകും എന്ന അവസ്ഥ ആയി.

കോളേജിൽ നിന്നും ഇറങ്ങി, ജീവിതത്തിന്റെ കയത്തിലേക്ക് എടുത്തു ചാടിയപ്പോൾ ഈ കുട്ടിയേയും, അതുപോലെ ഉള്ള പല കുട്ടികളെയും എല്ലാം മറന്നു പോയിരുന്നു.

ഓർക്കാൻ മാത്രം ഒന്നും ഇല്ലായിരുന്നല്ലോ.ഇടയ്ക്കു ജീവിതത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ഗൾഫിലും എത്തി.

ഇതിനിടക്ക്‌ എപ്പോഴോ എനിക്ക് വിവാഹപ്രായം ആയി. ആലോചനകൾ..ജാതക പ്രശ്നം,

സ്വതവേ നിഷ്കളങ്കൻ ആയ എനിക്ക് കിട്ടിയതോ ശുദ്ധ ജാതകവും. പോരെ പൂരം... എങ്ങനെ നോക്കിയാലും ലസാഘു ശരിയാവില്ല.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് കാതിനു ഇമ്പമുള്ള ഒരു വാർത്തയുമായി ബ്രോക്കർ എന്ന് അറിയപ്പെടാൻ തീരെ താല്പര്യമില്ലാത്ത മാര്യേജ് അറേഞ്ച്മെൻറ് എക്സികുട്ടിവ് സുന്ദരേട്ടൻ വരുന്നത്.

ഒരു ജാതകം ഉണ്ട്. ശുദ്ധം ആണ്. നമുക്ക് ഇപ്പൊ തന്നെ നോക്കിക്കാം. എന്നിട്ട് ജാതക നീചനായ പണിക്കരുടെ അടുത്ത പോയി

ഏതോ തമിഴ് പാട്ട് തല തിരിച്ചു പറഞ്ഞു മൂന്നു ഊത്തും ഊതി അഞ്ച് ശംഖു അങ്ങോട്ടും, നാല് ശംഖു ഇങ്ങോട്ടും 300 രൂഫാ പണിക്കരുടെ പോക്കറ്റിലെക്കും പോയപ്പോ ജോത്സ്യർ ഇപ്രകാരം കഥിച്ചു

"ജാതകത്തിന് എന്താ മൊഞ്ച്. പഹയാ, ഇജ്ജാതി ഒരു ജാതകം ന്റെ പണിക്കർ ലൈഫിൽ ഞാൻ കണ്ടിട്ടില്ല. നിനക്ക് ശുക്രൻ ആകുന്നു.. നീ നെപ്റ്റ്യുൻ ആകുന്നു, നീ പ്ലൂട്ടോ ആകുന്നു,..

നീ വ്യാഴവും, വെള്ളിയും, ആകുന്നു..നീ ആകുന്നു ശനീശ്വരൻ.. ചുരുക്കത്തിൽ നീ നിന്നിലെ നിന്നെ കണ്ടെത്തിയിരിക്കുന്നു...നീ ആകുന്നു ഫാഗ്യവാൻ... ഓടി പോയി കല്യാണം കഴിച്ചോ...

വൈകിയാൽ വേറെ നെപ്റ്റ്യൂൻ പ്ലൂട്ടൊമാർ അവളെ കൊണ്ട് പോകും. അവളൊരു അമൂല്യ വസ്തു ആകുന്നു..."

ഇത്രേം പറയാൻ സുന്ദരേട്ടൻ ബ്രൊ പണിക്കർ ബ്രോക്ക് വേറെ എത്ര കൊടുത്തു എന്നറിയില്ല...

ഇഥം കേട്ടതി ശുദ്ധനാം സുന്ദരേട്ടൻ ഏതോ നമ്പരിലേക്ക് കുത്തി.. എന്നിട്ട്...ഹലോ.. ആഹ, ഓഹോ...ശരി. ഇപ്പോൾതന്നെയോ.. ആയിക്കോട്ടെ.. ഓ ശരി..

എത്താറാകുമ്പോ വിളിക്കാം.. ഇല്ലില്ല. ഒകെ.. ഓക്കേ.. എന്നൊക്കെ വായ്പാട്ട് പാടി.

ഞാൻ അപ്പോൾ തന്നെ കൂടെപ്പിറപ്പായ ഏട്ടനേയും അവന്റെ ധര്മ്മ പത്നിയും, മാഅഇ. സുന്ദരേട്ടനെയും അപ്‌ലോഡ്‌ ചെയ്തു നാൽകാലി ശകടത്തിൽ നേരെ വിട്ടു.

പെണ്ണ് കാണാൻ.. ലൈഫിലെ ആദ്യത്തെ പെണ്ണ് കാണൽ... ന്റെ പോന്നോ.... രൊഞ്ചാമം.

എന്തൊക്കെ ചോദിക്കണം, എങ്ങനെ ഒക്കെ സീരിയസ് ആയി ഇന്റെലെക്ച്ച്വൽ ആയി സംസാരിക്കണം എന്നൊക്കെ ചേട്ടത്തിയമ്മയോട് (ഒരു പെങ്ങൾ ഇല്ലാത്തതിന്റെ കുറവു നികത്തീത് അവളാ. അവളുടെ ഇടി കൊറേ മേടിച്ചു കൂട്ടീട്ടുണ്ട് ജസ്റ്റ്‌ ഫോർ ഹൊറർ) റിഹേർസൽ നടത്തി....

പോകുന്ന വഴിയിലൊക്കെ പെണ്ണിനെ കുറിച്ച വാ തോരാതെ സംസാരിച്ചു സുന്ദരേട്ടൻ...അളിഞ്ഞ കുറെ തമാശകളും...

ഇവിടെ മനുഷ്യന്റെ നെഞ്ചിടിക്യാ.. വായ്നോക്കുന്ന പോലെ അല്ലലോ പെണ്ണ് കാണൽ.

ഇതിപ്പോ നമ്മളല്ലേ അന്നത്തെ നോട്ടപ്പുള്ളി... അടുത്ത വീട്ടിലെ ചേച്ചിമാരും ചേട്ടന്മാരും.. ആ വീട്ടിലെ ബാകി അംഗങ്ങളും, എല്ലാവരും നമ്മളെ അല്ലെ നോക്ക്വ...

എനിക്കാണെങ്കിൽ ഒരു മണവാളന് വേണ്ട യാതൊരു ക്വാളിറ്റീം ഇല്ല..ഒരുമാതിരി കുറ്റിതാടീം..വെട്ടാത്ത മീശയും..പെരുത്ത് കൊറേ മുടിയും ആകെ കൂടെ ഒരു അലമ്പ് ലുക്ക്‌.

(ഇന്നത്തെ അത്ര ഗ്ലാമർ ഒന്നും ഇല്ലെന്നെ. ഇന്ന് ഞാനാകെ സുന്ദര കില്ലാടി ആയില്ലെ)

വീട്ടിലെത്തി, പതിവ് ചടങ്ങുകൾ...കാലാവസ്ഥ നിരീക്ഷണ ചർച്ചകൾ, സര്ക്കാരിന്റെ തെറ്റായ നയങ്ങൾ..

പിന്നെ നേരത്തെ പറഞ്ഞപോലെ ഒളിഞ്ഞിരുന്നിട്ടു കുറെ തലകൾ എന്നെ നോക്കി സ്കാനിംഗ് തുടങ്ങി. എനിക്കാണേൽ അന്നാദ്യായിട്ടു നാണം വന്നു.

മെർസി കോളേജിൽ അപ്പ്ലിക്കേഷൻ ഫോം മേടിക്കാൻ പോയി പ്ലിങ്ങി നിന്ന (ആ കഥ പിന്നീട്) അവസ്ഥ. ഞാൻ കാൽ നഖം കൊണ്ട് രവിവർമ്മ ആയി..

അങ്ങിനെ ആ അസുലഭ മുഹൂർത്തം വന്നു ചേർന്നു.. കുട്ടിയെ വിളിക്കാം എന്ന് കേട്ട നിമിഷം. എന്തായാലും വേണ്ടില്ല, പറഞ്ഞു കേട്ട അവസ്ഥ വെച്ച് ഇവളെ തന്നെ കല്യാണം കഴിക്കാം.

കൊറേ പെണ്ണ് കണ്ടു നടക്കാനൊന്നും വയ്യ. സുന്ദരീ.. സുമുഖീ.. ഞാൻ നിന്നെ കേട്ടാമെടീ...എന്നൊക്കെ ഉള്ള മാനസിക വ്യാപാരങ്ങളോടെ പഞ്ചാര വദനൻ ആയി നിന്നു...

ടിക്ക് ടിക്ക് എന്ന് നിമിഷങ്ങൾ പോയപ്പോൾ പെണ്ണുകാണൽ സദസ്സിലേക്ക് അവൾ ആനയിക്കപ്പെട്ടു. ഞാൻ തല ഉയർത്തി നോക്കിയില്ല. ചായയിൽ മാത്രം നോക്കി ഇരുന്നു.

കണ്ടപ്പോ തന്നെ ആക്രാന്തം ആണെന്ന് അവർ കരുതണ്ട. അപ്പോൾ പെണ്ണുകാണൽ ചടങ്ങിലെ തമാശക്കാരൻ ആയ ബ്രോക്കർ സുന്ദരേട്ടൻ പുഞ്ചിരിച്ചു വശംവദനായി മൊഴിഞ്ഞു..

ഞങ്ങൾ ആല്ല ട്ടോ ഈ ഇരിക്കുന്ന ആളാ ആള്...എന്നിട്ട് കീചകനെ കൊന്ന ഭീമനെ പോലെ. ഹാാ ഹാ ഹാ എന്ന് അട്ടഹസിച്ചു.. അപ്പോഴും ഞാൻ നോക്കിയില്ല.

അപ്പൊ അവൾ ഏട്ടത്തിയമ്മ പറഞ്ഞു, എനിക്കറിയാം കുട്ടിയെ, ഞാൻ കോളേജിൽ നിന്നും കണ്ടിട്ടുണ്ട്. ചെറുങ്ങനെ ഒരു ഇടി വെട്ടി എനിക്ക്..

അപ്പൊ കുട്ടിയും മൊഴിഞ്ഞു, ഞാനും ചേച്ചിയേം കണ്ടിട്ടുണ്ട്, ഏട്ടനേയും കണ്ടിട്ടുണ്ട് (അവൻ പഠിപ്പിച്ചിരുന്ന സമയത്ത്).

ഇത്രേം കേടപ്പോൾ ഇത്രേം പോപ്പുലർ ആയ എന്നെ മാത്രം കണ്ടിട്ടില്ലെടീ ജാഡ പെണ്ണെ എന്നും ചോദിച്ചു, മംഗലാംകുന്നു കർണ്ണനെ പോലെ തല ഉയർത്തി ഞാനും എൻറെ കുശാഗ്ര നയങ്ങനൾ എറിഞ്ഞു....

നേരത്തെ വെട്ടിയ ചെറുങ്ങനെ ഉള്ള ഇടി അല്ല ഇപ്പൊ വെട്ടിയത്.. ഒരു ഒന്നൊന്നര ഇടി ആയിരുന്നു...കുട്ടിക്കും വെട്ടി അതെ ഇടി...

ഇവിടെ മണിച്ചിത്രത്താഴിലെ വിടമാട്ടേൻ എന്ന് ചോദിക്കുന്ന സീനിലെ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ചേരും...‌..അതവളായിരുന്നു... ശരണ്യ....കോളേജു തീർന്നതിനു ശേഷം ഇപ്പോഴാ ആളെ കാണണത്.

ഞാൻ ആകെ ഗ്യാസ് പോയി സഹതാപാർഹനായി ഭ്രിങ്ങ്യൻ ആയി..വെറുതെ ഇരുന്നു....ആ സമയം തന്നെ മ്മടെ എട്ടതിയമ്മയുദെ ചോദ്യം,

"ഇയാളും ആ കോളേജിലാ പഠിച്ചിരുന്നെ കണ്ടിട്ടുണ്ടോ??" ഇടി വെട്ടു കൊണ്ടവനെ പാമ്പും കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളു.. ആ അവസ്ഥ.. അതായിരുന്നു എന്റെ...

കുട്ടി എന്നെ സൂക്ഷിച്ചു നോക്കി കാണണം. ഞാൻ തല കുനിച് ഇരിക്യല്ലേ.. എന്തേലും പറഞ്ഞാൽ പെണ്ണ് കാണല് കല്ലിവല്ലി മ്മക്ക് ശരീരം ആണ് വലുത് എന്ന് പറഞ്ഞു ഓടാൻ റെഡി ആയി ഉള്ള ഒരു ഇരുത്തം..

അവൾ മൊഴിഞ്ഞു.. "ഞാൻ കണ്ടിട്ടുണ്ട്.. സീനിയർ ആയി പഠിച്ചതാണ്. നല്ല പരിചയം ഇല്ല".. അത് കേട്ടപ്പോ എനിക്ക് ആ കുട്ടിയെ തൊഴാൻ തോന്നി. മാനം കാത്തതിന്. കുറച്ചു ശ്വാസം കിട്ടി. ഞാൻ കല്ലിവല്ലി പറഞ്ഞു ഓടാനുള്ള തീരുമാനം ഞാൻ യുദ്ധകാലാടിസ്ഥാനത്തിൽ പിൻവലിച്ചു.. ആ കുട്ടിയുടെ നല്ല മനസ്സിന് മനസ്സാൽ നന്ദി പറഞ്ഞു ഇരികുമ്പോ അടുത്ത ഇടി....

അല്ലാ,എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം...ന്റെ ഒടാതിരിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുന്ന പോലെ തോന്നി.

ഇത് കേട്ടതും അവൾ ഉള്ളിലേക്ക് പോയി. പിന്നാലെ വാഡാ നിനക്കുള്ളത് ഉള്ളിൽ നിന്നും തരാഡാ എന്ന സ്റ്റയിലിൽ...

വിനീത വിധേയൻ ആയി ഞാൻ ലെഫ്റ്റ് റൈറ്റ് മോഡിൽ പുറകെ...മനസ്സില്ലാ മനസ്സോടെ....

പോണേനു മുന്നേ എട്ടത്തീടെ ഉപദേശം.. "ആക്രാന്തം വേണ്ട ട്ടോ. ഹാ.." ഞാൻ അവളെ ദയനീയമായി ഒന്ന് നോക്കി.. ശവത്തിൽ കുതുന്നോടീ എന്നാ ഭാവത്തിൽ..

ഉള്ളിലേത്തിയപ്പോൾ അവൾ നിന്നു. ഒരു സേഫ് ഗ്യാപ് കീപ്‌ ചെയ്ത് ഞാനും... ഒരു സൈക്കളീന്നു വീണ ചിരീം ഫിറ്റ്‌ ചെയ്തുകൊണ്ട് ഞാൻ ചോദിച്ചു.. "എവിടെയാ വീട്..."

അവൾടെ മുഖത്തൊരു ചിരി കണ്ടു കൊലച്ചിരി.. "എന്റെ വീട്ടിൽ അല്ലെ ഇപ്പൊ നിൽക്കണേ ?? സ്ഥലകാലം കിട്ടുന്നില്ല ല്ലേ".. എന്നിട്ട് ചോദിച്ചു, "അല്ല, എന്താ പരിപാടി ഇപ്പൊ?"

ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു, ഒരു കുമ്പസാരം സ്റ്റൈലിൽ. "കോളേജു ലൈഫിലെ കാര്യങ്ങളൊക്കെ പ്രായത്തിൻറെ കുരുത്തക്കെടായി കാണണം. ദേഷ്യം തോന്നരുത്".

അപ്പൊ അവൾ, എന്നെ ഞെട്ടിച്ചു കൊണ്ട് പറഞ്ഞു... "അതൊക്കെ അങ്ങിനെ തന്നെ ഞാൻ എടുത്തിട്ടുള്ളൂ. പക്ഷെ ഇയാളെ ഇങ്ങനെ എന്റെ മുന്നില് കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല".

ഞാൻ വീണ്ടും സ്ഥായീഭാവം ആയ ഇളിഭ്യചിരിയിൽ നിൽക്കുമ്പോൾ അവൾടെ ചോദ്യം. "എന്താ തീരുമാനം എന്ന് വീട്ടുകാരെ അറിയിചോളൂ". ഞാൻ എന്താ പറയണ്ടേ എന്നു അറിയാത്ത അവസ്ഥയിലായിരുന്നു...

എന്നിട്ടു അവൾ ഒരു ചോദ്യം കൂടെ "പഴയ കൂട്ടുകാരൊക്കെ ഇല്ലേ കൂടെ എന്ന്.." ഫൈനലിൽ ഏഴു ഗോൾ കിട്ടിയ ബ്രസീലിന്റെ അവസ്ഥയിൽ ആയ ഞാൻ വീണ്ടും വീണ്ടും ചിരിച്ചു.

അപ്പോൾ അടുത്ത ഗോളും കൂടെ അവൾ അടിച്ചു.. "എന്നോട് ഒന്നും ചോദിക്കാൻ ഇല്ലേ"..

ഞാൻ രണ്ടു വാക്കുള്ള ഒരു കാര്യം പറഞ്ഞു...അതോടെ ഇന്റർവ്യൂ തീർന്നു ഞാൻ പരാചിതനായി പുറത്തു വന്നു.

സഭ പിരിഞ്ഞു.. തിരിഞ്ഞു നോക്കാതെ ഞാൻ ശകടത്തിൽ കയറി. വണ്ടി നിരങ്ങി നീങ്ങി...ഗ്രാമപാതയിലെ ചെമ്മണ്ണിൽ പൊടിപടലങ്ങൾ പാറിച്ചു കൊണ്ട് ആ നാൽകാലി മുരണ്ടു പറന്നു (ഒരാവശ്യോം ഇല്ലാത്ത അലങ്കാരം).

വീട്ടിലെത്തും മുൻപ് ആ പൊടി പടലങ്ങളെ സാക്ഷി ആക്കിക്കൊണ്ട് സർവ്വശ്രീ ശശി ആയ ഞാൻ ചിന്തിച്ചത് ഇതായിരുന്നു..

എന്തിന്റെ കേടായിരുന്നു എനിക്ക്...........

--------രഞ്ജിത്ത് മണ്ണാർക്കാട്

8 comments:

വര്‍ഷിണി* വിനോദിനി said...

നിഷ്കളങ്ക എഴുത്ത്‌...എത്ര ഗംഭീരനാണേലും ഒരു പച്ച ഹൃദയം നമ്മളിലൊക്കെയുണ്ട്‌.. അതേപടിയത്‌ തുറന്ന് എഴുതുന്ന മനസ്സിന്റെ ലാളിത്യം ഓരൊ വരികളിലുമുണ്ട്‌..
ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ..സ്നേഹം

Ranj!th Mannarkkad said...

കടലോളം നന്ദി ടീച്ചറെ... പ്രോത്സാഹനത്തിനു. മനസ്സിൻറെ ശരിയായ ഭാവം ഒളിച്ചു വെക്കാൻ കഴിയില്ലലോ. അതുകൊണ്ടാകും ആ ഭാവം തെളിഞ്ഞു കാണുന്നത്. വീണ്ടും ഈ വഴി വരിക. വീണ്ടും നന്ദി.

rithika manisankar said...

:D "എവിടെയാ വീട്?" :D

rithika manisankar said...

:D "എവിടെയാ വീട്?" :D

Ranj!th Mannarkkad said...

പൊന്നു പെങ്ങളെ... ആ അവസ്ഥയിൽ ഞാൻ അവളെ അനിയതീന്നു വിളിക്കാത്തത് ന്റെ കാർന്നോമാര്ടെ അനുഗ്രഹം .....നന്ദി വായനക്ക്

ayuspa said...

Kollam mone kollam ..ennitt iyy olethanne Ketty le.. Le le

muhammed sabiq said...

താങ്കളിലേക്ക് എത്തിപ്പെട്ടത് ദീപ ടീച്ചർ ആളാണ് (ഇന്നത്തെ പോസ്റ്റ് കണ്ടിട്ട് ആണുട്ടോ )
ടീച്ചറുടെ എഴുത്തിലെ നിഷ്കളങ്കത താങ്കളിലും ഉണ്ട് ..

ഗുഡ് ലക്ക് ....
ഇനിയും ഒരുപാട് കഥകൾ പിറക്കട്ടെ ...

ആകാംക്ഷ കൊണ്ട് ചോതി ചോട്ടെ എന്നിട് എന്തായി ഭായ് ..
ആയ കൊച്ചാണോ താങ്കളുടെ സഖി ...

Ranj!th Mannarkkad said...

ഒരുപാട് സ്നേഹം അഭിപ്രായത്തിനു. അനുഭവങ്ങൾ ആണല്ലോ നമ്മളിലെ നമ്മളെ ഒക്കെ രൂപപ്പെടുത്തി എടുക്കുന്നത്. അങ്ങനെ ഒരു അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഇത്,

ജീവിത സഖി അവളല്ല. അത് അവിടെ കൊണ്ട് തീർന്നു. ചില "സാങ്കേതിക" കാരണങ്ങളാൽ അത് നടന്നില്ല. ആള് വേറെ കല്യാണം ഒക്കെ കഴിച്ചു സുഖായി ജീവിക്കുന്നു..

വായനക്ക് സ്നേഹം.. മഴയോളം.. കടലോളം