Powered By Blogger

Sunday, November 16, 2014

സപ്ലിയും തുണ്ടും പിന്നെ ഞാനും

ഓർമകൾക്ക് ഒരു സ്വഭാവമുണ്ട്. നമ്മൾ മനസ്സിനോട് എത്ര തവണ ഓർക്കണ്ട്രാ ഓർക്കണ്ട്രാ എന്ന് പറഞ്ഞാലും പണ്ടാരം മനസ്സിൽ ഇങ്ങനെ പൊങ്ങി വരും. അങ്ങനെ ഒരു ഓർമ്മ..

പണ്ട് പണ്ട്...എന്ന് പറഞ്ഞാൽ പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രി അല്ലാത്ത കാലം.
ന്നു വെച്ചാ കോളജുകളിൽ നിന്നും പ്രീ ഡിഗ്രി എന്ന സംഭവം എടുത്തു കളയാൻ തീരുമാനിക്കപ്പെട്ട ആ വൃത്തികെട്ട കാലം.
അതിലെ അവസാനത്തെ പ്രീ ഡിഗ്രിക്കാരൻ ആയ ഞാൻ പഠിച്ചിറങ്ങിയ കാലം.
കോളേജിൽ പോകുക എന്ന മൾടി പർപ്പസ് പരിപാടി എൻജോയ് ചെയ്തു വളരെ കംഫർട്ടബിൾ ആയി ജീവിച്ചു വരികയായിരുന്നു.
ഫോർത്ത് ഗ്രൂപ്പിൽ പ്രീ ഡിഗ്രി കഴിഞ്ഞിറങ്ങിയ ആസ് യുഷ്വൽ ബികോം എടുക്കണം ഏതേലും ബാങ്കിൽ കേറി പറ്റി ഇഷ്ട്ടം പോലെ ലോണ്‍ ഒകെ എടുകണം..
നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ആഗ്രഹങ്ങൾ പോലെ ചെറ്യേ ആഗ്രഹങ്ങൾ

എന്നെ പറ്റി നാട്ടിലും കോളജിലും പൊതുവെ നല്ല അഭിപ്രായം ആയിരുന്നു.
കാരണം, നർസറി സ്കൂളിൽ കൊണ്ട് ചെന്ന് ഇരുത്തിയാൽ അപ്പൊ തന്നെ അഡ്മിഷൻ തരുന്ന സൈസ്.
ക്ലാസ്സിലെ ഏറ്റവും ചെറിയ ആൾ. അതായിരുന്നു ഞാൻ.
അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന എനിക്ക് കിട്ടിയിരുന്നു.
എന്ത് കുരുത്തക്കേട്‌ കാണിച്ചാലും ഹേ, അത് അവനാവില്ല, അവൻ അങ്ങിനെ ചെയ്യ്വോ എന്ന ഒരു പരിഗണന കിട്ടിയിരുന്നു.......

കാലവും ഞാനും മുന്നോട്ടു ഓടി...പഠിത്തം എന്നെക്കാൾ ഓട്ടത്തിൽ വളരെ മോശം ആയിരുന്നു...
പല സ്ഥലത്തും ഞാൻ ഇല്ലഡാ, നീ പൊക്കൊ ഡാ. ഒരു മൂഡ്‌ ഇല്ലഡാ അവസാനം ഞാൻ പിന്നെ വരാഡാ എന്നോക്കെ പറഞ്ഞു ഉഴപ്പി നിന്നു.
അതുകൊണ്ട് തന്നെ അത് എന്നോടൊപ്പം ഓടി എത്തിയില്ല..
അല്ലെങ്കിലും കോളേജിൽ തോൽവികൾ ഇല്ലല്ലോ. ഒരു സബ്ജെക്റ്റ് കിട്ടാനുണ്ട് എന്നല്ലേ പറയു.

പണ്ട് എല്ലാവിഷയത്തിലും തോറ്റപ്പോ വീട്ടിൽ രണ്ടെണ്ണമേ പോയുള്ളൂ അമ്മെ ഏന്നു പറഞ്ഞു സ്കൂട്ടാവാൻ നോക്കീതാ
അപ്പൊ ദേ വരണു ഏട്ടന്റെ വക ചോദ്യം.രണ്ടോ??
ആ രണ്ടു. സബ്ജെക്ടും ലാംഗ്വേജും എന്താ?
അമ്മക്ക് ഒന്നും മനസ്സിലായില്ലെങ്കിലും എട്ടന് കാര്യം മനസ്സിലായി.

പിന്നല്ല, സപ്ലി ഇല്ലാതെ എന്ത് ഡിഗ്രി...
സപ്ലി ഇല്ലാത്ത ഡിഗ്രി ഉപ്പില്ലാത്ത കഞ്ഞിപോലെ ആയിരുന്നു...
ആ മാർക്ക്‌ ലിസ്റ്റ് കയ്യിൽ കിട്ട്യാൽ എത്ര എണ്ണത്തിനു സപ്ലി എഴുതണം എന്നാ ഒരു താരതമ്യ പഠനം നടത്തിയാലെ
മ്മക്കൊരു സമാധാനവു. കൂടെ ഉള്ള ഫ്രണ്ട് തെണ്ടിക്ക് സപ്ലി കുറഞ്ഞാലോ
ഡാ എന്തോ പ്രശ്നമുണ്ട്..നീ നേരെ നോക്ക് തോറ്റിട്ടുണ്ടാവും ജയിക്കാൻ ഒരു വഴീം ഇല്ല
എന്നൊക്കെ പറഞ്ഞു, സ്വയം സമാധാനിക്കാൻ ശ്രമിക്കുക്കയും മറ്റവന്റെ സമാധാനം പരമാവധി കളയേം ചെയ്താൽ....
ഹോ...ഒരു സുഖം ഉണ്ട്...നല്ല വെയിലത്ത്‌ ഒരു സോഡാ സംഭാരം കുടിച്ചാലുള്ള സുഖാ....
അങ്ങിനെ തോറ്റും തോൽപിച്ചും ഡിഗ്രിയുമായി പോരാടി വളരെ കംഫർട്ടബിൾ ആയി നടന്നിരുന്ന ഒരു പരീക്ഷാക്കാലം...

കമ്പയിന്റ് സ്റ്റഡി എന്നാ പേരിൽ "വെറും പഠനത്തിൽ" ശ്രദ്ധ കേന്ദ്രീകരിച്ചു ഉയിർ നൻപന്റെ വീട്ടിൽ ഇരുന്നു പഠിച്ചു (ശരിക്കും പഠിച്ചതാ) പരീക്ഷക്ക്‌ പോയി....
കറക്റ്റ് സമയത്ത് ക്ലാസ്സിലൊക്കെ കേറി. പഠന സഹായികളായ തുണ്ട് പേപ്പറുകൾ എല്ലാം യഥാ സ്ഥാനത് ഉണ്ടെന്നു ഉറപ്പു വരുത്തി..
ചാത്തന്മാരുടെ സേവനം ഇല്ലാതെ പരീക്ഷക്ക്‌ ഒരു സുഖമില്ല. പിന്നെ പഠിപിച്ച മാഷും പറഞ്ഞിടുണ്ട് സംശയം വന്നാ അപ്പൊ തീർക്കണം എന്ന്.
അല്ലാതെ അയ്യേ... അതിനല്ല.

ഒരു പരിസര നിരീക്ഷണം നടത്തിയപ്പോ അടുത്തിരിക്കുന്ന ബുദ്ധിജീവി വിയർക്കുന്നു, ചുറ്റും നോക്കുന്നു. മുകളിലേക് നോക്കുന്നു..
ഒരുമാതിരി യുദ്ധത്തിനു വന്നപോലെയാ....ന്റമ്മോ..കണ്ടാൽ കാണുന്നവർക്ക് ടെൻഷൻ വരും. അമ്മാതിരി കാട്ടികൂട്ടലുകളാ....ത്രീ ഇടിയറ്റ്സിലെ സൈലൻസറിനെ പോലെ...
ഇനി ഞാൻ എങ്ങാൻ അവനോടു സംശയം ചോദിച്ചാലോ എന്നാ പേടി കൊണ്ടാകണം
എന്നെ കണ്ടപ്പോ തന്നെ പൂവനെ കണ്ട പിടകൊഴിയെപോലെ അവനൊരു നോട്ടം.
പിന്നെ നീയൊക്കെ ജയിക്കാൻ പോവല്ലേ..ഒന്ന് പോടാപ്പാ എന്നാ ഭാവം അവനു...
ഇല്ലെടാ മോനെ..ചോദിച്ചു എഴുതുന്ന ചീപ് പരിപാടിക്കു ഞാനില്ല. ഛെ ഛെ
അതൊക്കെ മോശം ആണെന്ന് അമ്മ പറഞ്ഞു തന്നിട്ടുണ്ട്. പേടിക്കണ്ട.
അവനെ അവന്റെ ലോകത്തേക് വിട്ടു. പരീക്ഷ കഴിഞ്ഞു ചുമ്മാ ഇങ്ങനെ നടക്കുന്നതും
പൂരങ്ങൾക്ക് പോകുന്നതും എല്ലാം ഓർത്തു വളരെ കംഫർട്ടബിൾ ആയി ഇരുന്നു ഞാൻ.
അതല്ലെങ്കിലും അങ്ങനെയ... പഠിക്കാൻ ഒന്നുമില്ലാത്ത പഠന കാലം ആണ്‍ ഓരോ വിദ്യാർത്ഥിയും സ്വപ്നം കണ്ടിരുന്നത്. ന്താ രസം ല്ലേ...
പരീക്ഷക്ക്‌ വന്ന ടീച്ചറെ പുച്ച ഭാവത്തിൽ ഒന്ന് നോക്കി. നമ്മളിതെത്ര കണ്ടതാ..ഹമ്പടാ...
പരീക്ഷ അത് നമ്മൾ എമ്പാടും കണ്ടിരിക്കുന്നു. എത്ര ടീചെർമാർ....
വന്നു കഴിഞ്ഞാ സ്ഥിരം കുറച്ചു ഡയലോഗുകൾ ഉണ്ട്.
അതിങ്ങനെ കോപി പേസ്റ്റ് മോഡിൽ വരും.

വല്ല കോപ്പിയും ഉണ്ടെങ്കിൽ ഇപ്പൊ തന്നോളു. ഞാൻ ഭയങ്കര സംഭവ. പിടിച്ച പിന്നെ അപ്പൊ റിപ്പോർട്ട്‌ ചെയ്യും
പിന്നെ 5 വർഷം ഗുദാഗവാ.. ഇപ്പോൾ ആണെങ്കിൽ ഞാൻ തന്നെ നശിപ്പിച്ചു കളഞ്ഞോളാം....മഹാമനസ്ക

പിന്നേ ഒരു മാസം മുൻപേ മനോജേട്ടന്റെ ഫോട്ടോസ്റ്റാറ്റു കടയിൽ ചെന്ന് കഷ്ടപ്പെട്ട് ഒരോ ടെക്സ്റ്റ്‌ബുക്കും ഓരോ എ 4 പേപ്പറുകളിൽ ആക്കിയും,
എനിക്ക് പോലും വായിച്ചാൽ മനസ്സിലാവാത്ത അത്രേം ചെറുതായി എഴുതിയും
അതൊക്കെ യഥാ സ്ഥലങ്ങളിൽ വെച്ചും.
വെച്ച സ്ഥാനങ്ങൾ മാരിപോകാതിരിക്കാൻ ഓരോ കോപ്പിയും വെച്ചിരിക്കുന്ന സ്ഥലങ്ങളുടെ ഇൻഡെക്സ് മേശയുടെ മുകളിൽ സ്റ്റിക് ഈസി പെൻ കൊണ്ട് എഴുതി വരച്ചു....ഹോ.....
എത്രയാ കഷ്ടപ്പാട്..അതോകെ ടീച്ചർ ചോദിച്ച ഒടനെ എടുത്തു കൊടുക്കുകയോ? കുറച്ചധികം പുളിക്കും.
ഞാൻ അന്ന് ട്രെൻഡ് ആയ സിക്സ് പോക്കറ്റ് ജീൻസിന്റെ (പരീക്ഷ സ്പെഷ്യൽ. അത് പരീക്ഷ തുടങ്ങ്യ കഴിയണവരെ അലക്കില്ല) പോക്കറ്റുകളിലും മേശയുടെ അടിഭാഗതും ബെഞ്ചിന്റെ അടിഭാഗത്തുമൊക്കെ ഒന്നുകൂടെ തഴുകി തലോടി എല്ലാം ഉറപ്പു വരുത്തി വളരെ ഡീസന്റ് ആയി ഞാനിരുന്നു.

ണിം......
ഫസ്റ്റു ബെല്ലടിച്ചു....
ടീച്ചർ എല്ലാ മിടുക്കന്മാരും മിടുക്കികളും ശരിക്കും പഠിച്ചു പരീക്ഷക്ക്‌ വന്നതാണെന്ന വിശ്വാസത്തിൽ.
ഇത്രേം നല്ല കുട്ടികൾ ഉള്ള ക്ലാസിൽ ആണല്ലോ ദൈവമേ ഞാൻ കോപ്പി ഉണ്ടോ എന്ന് ചോദിച്ചേ എന്നാ മനസ്താപത്തിൽ
ഉരുകി ഒലിച് റൈൻബോ മെഴുകുതിരീടെ കോലത്തിൽ ആയി.
ക്ലാസിലെ ഭീകര രൂപികളുടെ അടുത്തു ചുറ്റി പറ്റി നടന്നു.
എന്നെ പിന്നെ പണ്ടേ സംശയം ഇല്ലാലോ. മ്മള് ആകെ ഒരു ചെറ്യേ മൊതലല്ലേ .
കണ്ടാൽ ഒരു നല്ല കുട്ടി. അതു കണ്ടാൽ തന്നെ മനസ്സിലാവാൻ വേണ്ടി. ഒരു നല്ല സ്ടുടെന്റിന്റെ ലക്ഷണം ആയ ഒരു നെടുനീളൻ ചന്ദനക്കുറി (ഇതും പരീക്ഷാ സ്പെഷ്യൽ)
അതൊക്കെ കണ്ടാൽ പിന്നെ ടീച്ചർ നമ്മളെ നോക്കുക പോലും ഇല്ല.
ണിം.. അടുത്ത ബെല്ലും അടിച്ചു. ക്വസ്റ്റ്യൻ പേപ്പർ കൊടുത്തു തുടങ്ങി.
ഞാൻ അക്ഷമനായി കാത്തിരിക്ക്യ. ഇരയെ കാത്തു പതുങ്ങി ഇരിക്കണ അമീബയെ പോലെ.
കിട്ടിയവർ വായന, തല ചൊറിയൽ, അടുത്ത ആളോട് ചോദിക്കൽ ഇത്യാദി പരിപാടികളിൽ ബിസി ആയി.
എനിക്കും കിട്ടി ഒരു സുന്ദരൻ ക്വസ്റ്റ്യൻ പേപ്പർ. ഇതൊക്കെ എന്ത്..ഇപ്പ ശര്യാക്കിത്തരാം എന്ന ഭാവത്തിൽ ഞാൻ വായന തുടങ്ങി.
ഇതൊക്കെ ഞാൻ ഇരുന്ന ക്ലാസ്സിൽ തന്നെ ആണോ പഠിപ്പിചിരുന്നെ എന്ന ഒരു സംശയം എനിക്ക് സ്വാഭാവികമായും ഇല്ലാതിരുന്നില്ല.
വാട്ട് എ പിറ്റി. സില്ലി യൂണിവേർസിറ്റി. ടെക്സ്റ്റ്‌ബുക്കിൽ ഇല്ലാത്ത ചോദ്യമോ.. ടെക്സ്റ്റ്‌ അല്ലെ കയ്യിൽ ഇരിക്കുന്നത്.
ഇടയ്ക്കു ടീച്ചർ ഒന്ന് ഒപ്പ് ഇടീക്കാൻ വരും. അതും കൂടെ കഴിഞ്ഞാൽ പിന്നെ ശാന്തം സുന്ദരം....
ടീച്ചർ വന്നപോ ഒരു ഗുഡ് മോർണിംഗ് ഒക്കെ കൊടുത്ത്. ഒന്ന് ചിരിച്ചു ഞാൻ ഒരു നിഷ്കു എന്നാ ഭാവം വരുത്തി മുഖത്ത്..
ടീച്ചർക്കും എന്നോട് വാത്സല്യം വന്നു. എന്ത് നല്ല പയ്യൻ. ശുദ്ധൻ
ഹോ...അങ്ങിനെ അതും കഴിഞ്ഞു ടീച്ചർ പോയി.
ഞാൻ സുസ്മേരവദനൻ ആയി മുഖത്ത് ഒന്ന് കൂടെ വിനയം വാരിതേച്ചു എന്റെ പണി തുടങ്ങി.
പോയിട്ട് വേറെ പരിപാടി ഉണ്ട്. കസ്തൂരിമാൻ റിലീസ് ആയിട്ടുണ്ട്.

ക്വസ്റ്റ്യൻ നോക്കി. ഡെസ്കിനു മുകളിൽ വരച്ചു വെച്ച ഇൻഡെക്സ് നോക്കി.
പാഠം ഒന്ന് മുതൽ അഞ്ചു വരെ തുണ്ട് വെച്ചിരിക്കുന്നത് പാന്റിന്റെ ഇടതു പോക്കറ്റിൽ ആദ്യത്തെ മൂന്നു പേപ്പർ (1-5-P-LP-1/ 2/3) അതാണ്‌ കോഡ്. എപ്പടി?
ആദ്യം തന്നെ എസ്സേ എഴുതിത്തുടങ്ങാം. അതാണല്ലോ ഈ ബുദ്ധിജീവികളുടെ ഒരു രീതി.
ആദ്യം തന്നെ ഘോരം ഘോരം ഉള്ള വാകുകളാൽ പേപ്പർ മുഖരിതമാക്കണം
അത് പിന്നീടുള്ള അലമ്പിയ ഉത്തരങ്ങൾക്ക് ഒരു കവചം ആണ്..
ക്വസ്റ്റ്യൻ വായിച്ചു. പാഠം മനസ്സിലാകി. ആനന്ദ ചിത്തനായി ഞാൻ പോക്കെറ്റിൽ കയ്യിട്ടു.
കിട്ടിയ സാധനത്തിൽ ഒന്ന് പരതി.. ചെറുങ്ങനെ ഒന്ന് ഞെട്ടി.
രണ്ടു എണ്ണം കൂടെ പുറത്തു എടുത്തു വായിച്ചു. ഇത്തവണ ചെറുങ്ങനെ അല്ല സാമാന്യം നല്ല രീതിയിൽ ആണ് ഞെട്ടിയത്
ക്വസ്റ്റ്യൻ പേപ്പറിലെ സബ്ജെക്റ്റ് എന്ന ഭാഗം ഞാൻ ഒന്ന് ഇരുത്തി വായിച്ചു...
"മാർക്കറ്റിംഗ് മാനേജ്‌മന്റ്‌"
ഞാൻ കഷ്ടപ്പെട്ട് കൊണ്ട് വന്ന തുണ്ട് പേപ്പറുകൾ എന്നെ നോക്കി പല്ലിളിച്ചു.
ഞാൻ കൊണ്ട് വന്ന തുണ്ടുകൾ എന്റെ പ്രിയപ്പെട്ട വിഷയമായ ബാങ്കിങ്ങിന്റെ ആയിരുന്നു....
കരിമ്പനയുടെ മുകളിൽ കേറിയപ്പോ മുകളീന്ന് താഴേക്കു ഒരു പാമ്പ്‌ ഇറങ്ങി വരുന്നത് കണ്ടു ഇതികർതവ്യമൂഡനായി ഫ്രീസ് ആയിപ്പോയ രാമേട്ടനെ (ആ കഥ പിന്നീട്) പോലെ ഞാനിരുന്നു...
പിറ്റേന്നത്തെ ക്വസ്റ്റ്യൻ പേപ്പർ ഇന്ന് കിട്ട്യാ തകർക്കാരുന്നു.. പക്ഷെ ഇത്...
അന്നെനിക് ഒരു കാര്യം മനസ്സിലായി... ഈ തുണ്ട് കൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല. കുറച്ചു തുണ്ട് തലയിലും വേണം.

ഞാൻ ദയനീയ ഭാവത്തിൽ പാമ്പിനെ കണ്ട എലിയെ പോലെ ചുറ്റും ഒന്ന് നോക്കി. മ്മടെ സൈലൻസർ ആണെങ്കിൽ നൂറെ നൂറിലാ എഴുത്ത്. അവനും കസ്തൂരിമാനിനു പോകണമായിരിക്കും..
പഠിച്ചു വന്നവരും, വല്ലപ്പോഴും ക്ലാസ്സിൽ കയറിയവരും എഴുതി തകർക്കുന്നു.
അധിക നേരം അവിടെ ഇരുന്നു ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അപ്പൊ തന്നെ ആൻസർ ഇല്ലാത്ത എന്റെ ആൻസർ ഷീറ്റ് തിരിച്ചു കൊടുത്തു.
നല്ലപയ്യന്റെ ഭാവ വ്യത്യാസത്തിൽ മനം നൊന്ത് ടീച്ചർ എന്നെ ഒന്ന് നോക്കി...ടീച്ചർക്ക് കരച്ചിൽ വന്നോ എന്നൊരു സംശയം
ഞാൻ ഇറങ്ങി.
ബെല്ലടിച്ചതിനു ശേഷം ഇതിനെല്ലാം കൂടെ ഒരു 15 മിനിറ്റെ എടുത്തുള്ളൂ.
ദയനീയ ഭാവത്തിൽ ചന്ദനകുറി തുടച്ചു കളഞ്ഞു ഞാൻ ഇറങ്ങി...
തിരിച്ചു നടക്കുമ്പോൾ പരിചയമുള്ള ഒരു മാഷ്‌ വരുന്നു.. ചങ്കിൽ കൊള്ളണ ഒരു ചോദ്യം.
എന്താ ഡാ ലേറ്റ് ആയാണോ പരീക്ഷക്ക്‌ വരണത്?? ഇനി ചെന്നാൽ ക്ലാസ്സിൽ കേറ്റ്വോ?? വേഗം ചെല്ല്. പിന്നെ സമയം കിട്ടില്ല എഴുതാൻ ..
കാറ്റുപോയ ബലൂണ്‍ പോലെ ഒന്ന് ചെരിഞ്ഞു നോക്കി ഓടാൻ തയ്യാറായി നിന്ന് ഞാൻ മൊഴിഞ്ഞു
"സാറെ.. ഞാൻ പരീക്ഷ കഴിഞ്ഞു വരികയാ"

രഞ്ജിത്ത് മണ്ണാർക്കാട്

No comments: