Sunday, November 23, 2014

ലാഭക്കച്ചവടം
വീട്ടിൽ ഒരു നേരത്തെ അന്നം ചോദിച്ചു വരുന്നവരെ പട്ടിയെ അഴിച്ചു വിട്ടു ഓടിക്കുന്നവർ ഫേസ്ബുക്കിൽ പാവങ്ങൾക്ക് നേരെ സഹതപിക്കുന്നത് കാണുമ്പോ ഒരു സംഭവം ഓർമ്മ വരുന്നു. ഒരു പഴയ ഓർമ്മ

മണ്ണാർക്കാട് ടൌണിൽ ഒരു ചെരുപ്പുകുത്തി ഉണ്ട്. ഒരു പാവം വൃദ്ധൻ.
സാഹിത്യ ഭാഷയിൽ പറഞ്ഞാൽ വിധിയുടെ ബലിമൃഗങ്ങളുടെ നിരന്തരമായ ആക്രമണം കൊണ്ട് പരിക്ഷീണിതനായ ഒരു മനുഷ്യൻ മുഖത്ത് വിശപ്പിന്റെ ആണോ എന്നറിയില്ല. ഒരു നിർവികാരത.

ഒരു ദിവസം, ഒരു ഞായറാഴ്ച ആണെന്നാണ് എന്റെ ഓർമ്മ.

ടൌണിലെ പെരുമാളിൻറെ കടയുടെ മുന്നിൽ നട്ടുച്ചക്ക് നട്ടപ്ര വെയിലത്ത്‌ ഒരുത്തനേം കാത്തു നിൽക്കുമ്പോൾ (അവൻ വന്നില്ല. അവനെ എന്റെ കയ്യിൽ പിന്നീട് കിട്ടി) ഒരു മാന്യൻ. ഇന്നോവ കാറിൽ വന്നിറങ്ങി. ഇറങ്ങി ഒന്ന് നോക്കി. ഒപ്പമുള്ള ആളോട് കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. എന്നിട്ട് നേരെ ആ ചെരുപ്പ് തുന്നുന്ന ആളുടെ അടുത്ത് ചെന്ന്.

മ്മടെ മാന്യൻ കയ്യിൽ ഉള്ള സ്വർണ്ണ ചങ്ങല ചന്തത്തിൽ ഒന്ന് കയറ്റി വെച്ച്. തടിയൻ പെർസും, തേക്കിന്റെ പലകപോലത്തെ രണ്ടു മൊബൈലും പതിയെ ശ്രദ്ധയോടെ താഴെ വെച്ച്. എന്നോ വംശനാശം വന്ന ഒരു ലെതെർ ചെരുപ്പ് ഒരു കവറിൽ നിന്ന് എടുത്തു. തുന്നാൻ ഏൽപ്പിച്ചു, എന്നിട്ട് ഒന്ന് രണ്ടു ചുവടു മാറി നിന്നു.

ആൾടെ മുഖം കണ്ടാൽ പ്രൌഡ ഗംഭീര ഭാവം. ഒരു അസ്സൽ മൊതലാളി. കയ്യിലെ പെരുംബാബിനെ പോലുള്ള തടിച്ച വാച്ചിൽ സമയം നോക്കി നിൽക്കുന്നു.

പാവം നമ്മുടെ ചെരുപ്പ് തുന്നുന്ന ആൾ ഒരു മുതലാളിയെ ജീവനോടെ അടുത്ത് കണ്ടപ്പോ മിക്കവാറും ഇത് തുന്നി തീർന്ന എന്തേലും കഴിക്കാം എന്നാ ഒരു ആശ്വാസത്തിൽ ആയിരിക്കും ഒരു പ്രസന്നത മുഖത്ത്.. കഷ്ടപ്പെട്ട്, അതിൽ അയാളെ കൊണ്ട് കഴിയുന്ന രീതിയിൽ എല്ലാം തുന്നി ചേർത്തു. ആ ചെരുപ്പിൽ നാല് ഉണ്ട നൂൽ ഉപയോഗിക്കേണ്ടി വരും എന്ന് തോന്നി കണ്ടപ്പോ തന്നെ. അത്രേം കീറി പറിഞ്ഞിരിക്കുന്നു. കഷ്ടപ്പെട്ട് പെട്ടന്നു തന്നെ ക്ഷീണിച്ച വിരലുകൾ കൊണ്ട് പണി തീർത്തു കൊടുത്തു

മൊതലാളി ഒരു അറപ്പ് കലർന്ന ഭാവത്തോടെ എങ്ങും തൊടാതെ ശ്രദ്ധിച്ചു ചെരുപ്പ് വാങ്ങി കവറിൽ ഇട്ടു.

മൊ : എത്രയാ
ചെ. കു. : 15 രൂപ സർ
മൊ. : 15 രൂപയോ. ഈ പഴയ ചെരിപ്പിനൊ?
ചെ. കു. : സാർ അത് മുഴുവൻ കീറിയിരുന്നു. സാറിന് നോക്കിയാ അറിയാം. മുഴുവൻ തുന്നിയിട്ടുണ്ട്
മൊ . : ഇതിപ്പോ പുതിയ ചെരിപ്പിന് ഈ വില ഇല്ലല്ലോ. അതിന്റെ വിട്ടുപോയ ഭാഗം ഒന്ന് തുന്നിയാ പോരെ?
ചെ. കു. :സാർ, അത്രയേ ചെയ്തിട്ടുള്ളൂ. അതിനുള്ള കൂലിയാ ചോദിച്ചേ
മൊ : അതേയ് ഞാനും ഈ നാട്ടുകാരനാ. എന്ത് കൂലിയാ ഇത്? ചെരുപ്പ് തുന്നുന്നതിനു 15 രൂപയോ? അതിനു മാത്രം പണി ഉണ്ടെങ്കിൽ പോട്ടെ. ഇതാണെങ്കിൽ ഒരു പഴയ ചെരിപ്പും. വീട്ടില് ഇടാമല്ലോ ഏന്നു വിചാരിച്ചപ്പോ?? ഞാൻ പുതിയത് വാങ്ങുമായിരുന്നല്ലോ.
ചെ. കു. : സാറിനെ പോലുള്ളവർ ഇങ്ങനെ പറയാമോ സാർ. ശരി, സാറിനു തരാൻ പറ്റുന്നത് സാറ് തന്നോളു. മുഖത്തെ എല്ലാ പ്രതീക്ഷയും വറ്റി വരണ്ട ഒരു ഭാവം അയാളിൽ കണ്ടു.,
ആ മൊതലാളി തടിയൻ പേർസിൽ നിന്നും. പരമാവധി മുഷിഞ്ഞ ഒരു 10 രൂപയുടെ നോട്ടു എടുത്തു ആ പാവത്തിൻറെ മുന്നിലെ പ്ലാസ്ടിക് ഷീറ്റിലേക്ക് ഇട്ടു. ആ പാവം മനുഷ്യൻ ഏന്ത് പറയണം എന്നറിയാതെ നിർവികാരനായി മാന്യൻറെ മുഖത്തേക്ക് ഒന്ന് നോക്കി.

അപോഴെക്കും മാന്യൻ ഇന്നോവക്കാരനെ വിളിച്ചു വരുത്തി.

കാറിൽ കേറുമ്പോൾ ഒപ്പമുള്ള ആളോട് പറയുന്നത് കേട്ടു.
ചെരുപ്പ് തുന്നാൻ ഒക്കെ ഇപ്പൊ ആളെ കൊള്ളുന്ന ചാർജ്ജാ. എങ്ങനെ ആളെ പറ്റിക്കാം എന്ന് ഓർത്തു നടക്കുകയ ഓരോരുത്തർ.

കാർ പോയപ്പോ. ആരോടും പരാതി പറയാനില്ലാതെ അന്നത്തെ സമ്പാദ്യം ആയ ആ 10 രൂപ എടുത്ത് നോക്കുന്ന ആ വൃദ്ധനെ കണ്ടപ്പോ. എവിടെ നിന്നോ ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ വന്നു. ആ പാവത്തിന്റെ കയ്യിൽ നിന്നും തട്ടി പറച്ച 5 രൂപകൊണ്ട് മൊതലാളി പിന്നേം മൊതലാളി ആയി.
അങ്ങേർ ആ രൂപയ്ക്കു വേറെ ഒരു ഇന്നോവ വാങ്ങിച്ചു കാണും. തെങ്ങിൻ തോട്ടവും, ആനയേം വാങ്ങിക്കാണും. ബാക്കി പണം സ്വിസ്സ് ബാങ്കിലേക്ക് തള്ളി കാണും..
നന്നാവട്ടെ. മോതലാലീടെ ദാരിദ്രമെങ്കിലും മാറണമല്ലോ.

ആരെയും നോവിക്കാനോ പരിഹസിക്കാനോ അല്ല ഈ പോസ്റ്റ്‌, നേരിൽ കണ്ട ഒരു സംഭവം. അത് ഓർത്തെടുത്തു എന്നെ ഉള്ളു...
വിലപേശൽ ആകാം. അത് അന്നത്തിനു വഴി ഇല്ലാത്ത പാവങ്ങളോട് ആവരുത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി, അയാളുടെ വരവും കാത്തു ചിലപ്പോ അയാളുടെ വീട്ടില് മറ്റു കണ്ണുകൾ കാത്തിരിക്കുന്നുണ്ടാകം.
ആ 5 രൂപ കൂടെ ഉണ്ടായിരുന്നെങ്കിൽ ആ പാവത്തിന്റെ ബുദ്ധിമുട്ടുകൾ കുറയില്ല. പക്ഷെ. അയാൾക് അയാൾ അർഹിക്കുന്ന ഒരു കൂലി ആകുമായിരുന്നു അത്.
വിശപ്പും പട്ടിണിയും ഒന്നും പറഞ്ഞാലോ വായിച്ചാലോ വാ തോരാതെ പ്രസംഗിച്ചാലോ മനസിലാവില്ല. അത് അനുഭവിച്ചറിയണം

No comments: