Powered By Blogger

Tuesday, December 9, 2014

ശങ്കരുവിന്റെ അയിത്ത ബോധം



ഇല്ലത്തെ നന്ദിനികുട്ടി കിണറ്റില്‍ വീണു. പെറ്റമ്മയായ ലക്ഷ്മി തമ്പ്രാട്ടി നിന്ന് വലിയ വായിൽ ഒരു വിളി വിളിച്ചു.. അയ്യോ....ന്‍റെ കുട്ടി കിണറ്റിൽ വീണേ.......കാവിലമ്മേ..!! വിളി കേട്ടാൽ തോന്നും കാവിലമ്മ ഇപ്പൊ കിണറ്റിലേക്ക് ചാടി പെണ്ണിനെ കരയ്ക്ക്‌ കേറ്റും എന്ന്. കൊച്ചമ്പ്രാട്ടി ആണെങ്കിലോ, കിണറ്റിലുള്ളിൽ ലാൻഡ്‌ ചെയ്തതിന്റെ ഒരു തരിപ്പിൽ ആയിരുന്നു. മുകളിൽ നിന്ന് നോക്കുമ്പോ കാണണ പോലെ ഒന്നുമല്ല... വല്ല്യ സുഖോന്നുമില്ല. കാൽപാദത്തിൽ മൂടാൻ മാത്രമേ ഉള്ളു തണ്ണി.. മാത്രല്ല കിണറ്റിൽ വെള്ളത്തേക്കാൾ കൂടുതൽ സ്റ്റീൽ പാത്രങ്ങളും, ഒട്ടു പാത്രങ്ങളും പിന്നെ ചപ്പും ചണ്ടിയും കുറെ തവളകളും ഒക്കെ ആണ്. ആകെ ഒരു വല്ലയ്മക്കുറവില്ലായ്മകുറവ്....

ഈ സമയം തെങ്ങിന്റെ മണ്ടയിൽ ഇരുന്നു തലേന്നത്തെ അന്തിക്കള്ളിന്റെ രുചിയില്‍ ഉണ്ടായിരുന്ന പ്രകടമായ മാറ്റത്തെ കുറിച്ച് കൂലംകുശമായി ചിന്തിച്ചിരുന്ന ശങ്കരു, തന്റ്റെ ചിന്തക്ക് ഭംഗം വരുത്തിയ കർ‍ണ്ണകഠോര രോദനം കേട്ടു മനസ്സില്‍ രണ്ടു തവണയും പുറത്തേക്കു മൂന്നു തവണയും ഞെട്ടി.

തെങ്ങിന്റെ മുകളിൽ ഇരുന്നു സംഗതികളുടെ വിഹഗവീക്ഷണം നടത്തിയ ശങ്കരുവിനു എന്ത് ചെയ്യണം എന്ന ഒരു ചിന്ത വല്ലാതെ അലട്ടി. തേങ്ങയുടെ എണ്ണം പറഞ്ഞു കാശ് വാങ്ങാനുള്ളതാണ്. കിണറ്റിലേക്ക് ഇറക്കം കയറ്റം എല്ലാം കൂടെ രണ്ടു തെങ്ങ് കയറാനുള്ള സമയം ഗുദാഗവാ.. മാത്രമല്ല. കൊച്ചമ്പ്രാട്ടി ആണ് കിണറ്റിൽ പ്ലിങ്ങി കിടക്കുന്നത്. തൊട്ടുകൂടായ്മ മാത്രമല്ല. കാഴ്ചപ്പുറത്തു പോലും പോകാൻ പാടില്ല എന്നതാണ് അലിഘിത നിയമം.

സ്വബോധം കിട്ടിയ തമ്പ്രാട്ടി കിണറ്റിൽ കിടന്നു നിലവിളി തുടങ്ങി..അയ്യോ...ഓടി വര്വേയ്.. എന്നെ ഇപ്പൊ ഈ തവള കടിച്ചു തിന്നും...

ഇതുടെ കേട്ടപ്പോ ശങ്കരുവിന്റെ സകല കണ്ട്രോളും പോയി. എന്തായാലും തമ്പ്രാട്ടിയെ തവള കടിക്കുന്നത് മോശമാണ്. ഒന്നുമില്ലെങ്കിലും വല്ലപ്പോഴും വളിച്ച വെള്ളച്ചോറും, ആന്റിക് സാമ്പാറും വടക്കുഭാഗത്ത്‌ വെച്ച് പോകുന്നതല്ലേ...ഇന്നാ തിന്നോ എന്ന ബാക്ക് ഗ്രൌണ്ട് മ്യുസികിൽ..

ശങ്കരു ബ്രേക്ക്‌ പോയ സൂപ്പർഫാസ്റ്റ് പോലെ തെങ്ങിന്റെ മുകളിൽ നിന്നും താഴേക്ക്‌ പാഞ്ഞു.

എമർജൻസി ലാന്റിംഗ് ആയതിനാൽ ഉടുതുണി എന്ന് വിളിപ്പേരുള്ള, സൌസെറിനു മുകളിൽ കേട്ടിവെക്കണ സാധനം എവിടെ വെച്ചോ നഷ്ടമായത് പാവം ശങ്കരു അറിഞ്ഞില്ല. നിലത്തു ഒരു കാലേ കുത്തിയുള്ളൂ.. ആദിപാപത്തിലെ അഭിലാഷയെപൊലെ ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ തികച്ചും ദരിദ്ര കോവാലനായി കിണറ്റിൻകരയിലെക്ക് കുതിക്കുന്ന ശങ്കരുവിനെ കണ്ട് ലക്ഷ്മി തമ്പ്രാട്ടി ഒന്ന് ഞെട്ടാൻ ഉള്ള സമയം പോലും പാഴാക്കാതെ ആദ്യം ഉള്ളിലേക്ക് പാഞ്ഞു. പെണ്ണ് വെള്ളംകുടിച്ചു ചത്താലും ഒരു ശൂദ്രൻ സ്പർശിക്യേ..ച്ഛായ് മ്ലെച്ചം... ഞെട്ടൽ ഉള്ളിൽ കേറിയിട്ടും ആവാം.

പാസ്സില്ലാത്ത മണൽ കയറ്റി വരുന്ന ടിപ്പെറിനെ പോലെ വന്ന ശങ്കരു കിണറ്റിൻ കരയിൽ സഡൻ ബ്രേക്ക്‌ ഇട്ടെങ്കിലും ടയറിനു കട്ട പോരാത്തത് കൊണ്ടും, ആ പരിസരമാകെ ചളികുളമായി കിടക്കുന്നതുകൊണ്ടും വിചാരിച്ച സ്ഥലത്ത് ഗ്രിപ്പ് കിട്ടാതെ കൊച്ചമ്പ്രാട്ടി കുടികൊള്ളുന്ന കിണറ്റിലേക്ക് ക്രാഷ് ലാന്ഡ് ചെയ്തു.

"ന്റമ്മോ" നാദത്തിൽ വ്യാകുല താളത്തിൽ സംഗീതം ആലപിച്ചു പറന്നു വരുന്ന സൌസെർ ധാരിയെ ഒരു ഫ്രാക്ഷൻ ഓഫ് സെകണ്ട് മാത്രമേ കിണറ്റിലെ തമ്പ്രാട്ടിക്കു കാണാൻ കഴിഞ്ഞുള്ളൂ. ഒരു കണക്കിന് അത് നന്നായി. ഒരു വല്ലാത്ത സീൻ ആയിരുന്നു അത്.

അപ്പോഴേക്കും മേല്പടിയാൻ (ഇവിടെ, മേലെ പടിയിൽ നിൽക്കേണ്ടിയിരുന്ന ആൾ എന്നർത്ഥം) പളക്കോന്നു വന്നു വെള്ളത്തിൽ വീണപ്പോൾ കാര്യം മനസ്സിലാവാത്ത കൊച്ചമ്പ്രാട്ടി കിണറ്റിനുള്ളിൽ വട്ടത്തിലും നീളത്തിലും ചതുരത്തിലും പിന്നീട് ബോറഡിച്ചപ്പോൾ നീളത്തിലും ഓടി. ശങ്കരു ആണെങ്കിൽ വന്നു ചേർന്ന സ്ഥലം ഏതാണെന്നു ഒരു സ്ഥലകാല ബോധം കിട്ടാതെ മേൽപ്പോട്ടും താഴോട്ടും പിന്നെ ചുറ്റും ഒന്ന് നോക്കി. തന്റെ കാല്കുലേഷൻ മൊത്തം തെറ്റിയ ആ സഡൻ ബ്രേക്കിനെ കുറിച്ച് മനസ്സിരുത്തി ഒന്ന് പ്രാകി.

എന്നിട്ട് കൊച്ചമ്പ്രാട്ടീടെ നിലവിളിയിൽ കോറസ് ചേർന്നു. ന്നേം കൊച്ചമ്പ്രാട്ടീനേം രക്ഷിക്കെയ്... കോച്ചമ്പ്രാട്ടിക്കു ശങ്കരുവിനെ ഇത്രേം അടുത്തു കണ്ടതിൽ ഉണ്ടായ മാനക്കേടും. അയിത്തബോധവും നിമിത്തം, എന്നാൽ പിന്നെ ഇനി സമയം കളയാതെ ബോധം കെട്ടുകളയാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു. തമ്പ്രാട്ടി സ്ലോമോഷനിൽ ബ്ലും..

ശങ്കരു, താൻ വന്നു കിണറ്റിൽ വീഴുകയും തനിക്കു മുൻപേ അവിടെ വന്നു നിൽപ്പുറപ്പിച്ച തമ്പ്രാട്ടീടെ പരാക്രമവും, ടി ജി രവിയെ കണ്ട ഉണ്ണിമേരിയുടെ മുഖഭാവവും, വൈകാതെ ഉള്ള ബോധം കെടലും എല്ലാം കൂടെ ആകെ കണ്ഫ്യുഷൻ ആയി നിന്നു.

ഈ സമയം ഉള്ളിലേക്ക് പാഞ്ഞ വല്ല്യമ്പ്രാട്ടി ശങ്കരു വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടതുകൊണ്ട് ഇനി ഇപ്പൊ വെള്ളത്തിൽ കിടന്നു ശങ്കരുവും കൊചമ്പ്രാട്ടിയും കൂടി പിതാവും കന്യകയും കളിക്കണ്ട എന്ന ചിന്തയോടെ, ഉള്ളിൽ പ്രോഗ്രാം ചെയ്തു വെച്ചിരുന്ന കരച്ചിൽ പുറത്തേക്കു ലൌഡ് സ്പീക്കറിൽ വെച്ചു കിണറ്റിൻകരയിലെത്തി.

എന്നിട്ട് വെള്ളത്തിൽ ചത്ത മത്തിപോലെ കിടക്കുന്ന പുത്രിയേയും ശൂദ്രനായ ശങ്കരുവിനെയും കണ്ടു നിലവിളി ഒന്നു പോസ് ചെയ്തു. "ഡാ ശങ്കരു നീ എന്ത് ചെയ്തെഡാ ൻറെ കുട്ട്യേ, വേഗം തമ്പ്രാട്ടിക്കുട്ടിയെ കരക്ക്‌ കേറ്റെഡാ" എന്ന് വിളിച്ചു പറഞ്ഞു. പറ്റുമെങ്കിൽ അവളെ തൊടാതെ മുകളിലേക്ക് പറപ്പിക്കെടാ എന്നും ആ ആക്രോശത്തിനു അർത്ഥമുണ്ടായിരുന്നു.

ശങ്കരു ആണെങ്കിൽ ഈ സാധനത്തിനെ ഇനി തൊട്ടാൽ ഊരുവിലക്കോ, ഗ്രമാവിലക്കോ, അല്ലെങ്കിൽ ജില്ല വിലക്കോ വരുമോ എന്നാ ഒരു ചിന്തയിൽ ആയിരുന്നു. പിന്നെ എന്ത് പണ്ടാരയാലും വേണ്ടില്ല, തമ്പ്രാട്ടി ആ കയറു ഇങ്ങോട്ട് ഇട്ടു തായോ എന്ന് മുകളിലേക്ക് ടെലെഗ്രാം ചെയ്തു. (ഡോട്ടർ സീരിയസ് ഇന് കിണർ, സ്റ്റാർറ്റ് കയർ ഇമ്മീടിയറ്റ്ലി)

സന്ദേശം കിട്ടേണ്ട താമസം, വെള്ളം കോരാൻ വെച്ചിരുന്ന കയർ ബക്കെറ്റ് സഹിതം വെള്ളത്തിലേക്ക്‌ ഇട്ടു കൊടുത്തു. തമ്പ്രാട്ടീടെ ഉന്നം ബെസ്റ്റ് ആയതുകൊണ്ട് ശങ്കരു രക്ഷപെട്ടു....ശങ്കരുവിനാണേൽ പോകാൻ ബോധം കൂടെ ഇല്ല. ഈ സമയമായപ്പോഴേക്കും'പരിസരവാസികൾ. മേൽപ്പറഞ്ഞ നിലവിളികൾ കേട്ട്, അവിടെ ഓടിയെത്തിരുന്നു. കിണട്ടിനുള്ളിലെ അടൽട്ട് ഒണ്‍ലി കാഴ്ചകണ്ട്‌ ആളുകൾ ഞെട്ടി. കൊച്ചു കുട്ടികളുടെ കണ്ണ് പൊത്തി..സ്ത്രീകൾ വായ പൊത്തി കഷ്ടം എന്നാ ഭാവം അഭിനയിച്ചു.. പുരുഷ കേസരികൾ..ഡസൻ കണക്കിന് ലഡ്ഡുകൾ പൊട്ടിച്ചു..

ശങ്കരുവും, തമ്പ്രാട്ടീം. കിണറ്റിൽ തമ്പ്രാട്ടി ആണെങ്കിലോ, വൈശാലി സ്റ്റൈലിൽ. ശങ്കരു ഒരു വെറും സൗസർ ശങ്കരു ആയി നിൽക്കുന്നു... എന്തായാലും, ആളുകൾ കഥ തിരക്കഥ സംഭാഷണം എന്നിവ പിന്നീട് ഉണ്ടാക്കാം എന്ന ധാരണയിൽ രണ്ടിനേം കയറിൽ കെട്ടി ഒരു വിധം മുകളിൽ എത്തിച്ചു. ആദ്യം തമ്പ്രാട്ടി, പുറകെ ശങ്കരു എന്ന ക്രമത്തിൽ.

മുകളിലെത്തിയപ്പോഴാണ് ശങ്കരുവിനു നാണം എന്ന വികാരം മുള പൊട്ടിയത്. അല്ലെങ്കിലും പൊതു ജന മധ്യത്തിൽ സൗസർ മാത്രം ഇട്ടു നിൽക്കുക എന്നൊക്കെ പറഞ്ഞാ, ചാരായ ഷാപ്പിൽ കടം പറയുന്നതിനേക്കാൾ മോശം ആണ്.

ശങ്കരു എന്തായാലും ആളുകളുടെ ഇടയിലൂടെ തെങ്ങിന്റെ ചുവട്ടിൽ കാർപെറ്റു വിരിച്ചപോലെ കിടക്കണ തുണിയെ ലക്ഷ്യമാക്കി പതുക്കെ തടി എടുത്തു..

തമ്പ്രാട്ടിക്ക് ബോധം തിരിച്ചു കിട്ടിയപ്പോ ആകെ മാനം പോയി റസ്റ്റ്‌ ഇന് "പീസ്‌" ആയി ഇരുന്നു.

പകുതി നടന്നപ്പോഴാ ശങ്കരു ആ കാര്യം ഓർത്തത്‌. തിന്ന ചോറിന്റെ നന്ദി...

തിരിച്ചു വലിഞ്ഞു നടന്നു കുറച്ചു നാണത്തോടെ ശങ്കരു പറഞ്ഞു,

"തമ്പ്രാട്ട്യെ, അടിയൻ തൊട്ടതല്ലെ, കൊചമ്പ്രാട്ടീനെ ഒന്ന് കുളിപ്പിച്ചിട്ടു അകത്തേക്ക് കേറ്റിയാ മതി. അയിത്താവണ്ട"

No comments: