Wednesday, December 24, 2014

മരണത്തെയും കാത്ത്മരണത്തെയും കാത്ത്
അവനത് ചെയ്തിട്ടില്ലായിരുന്നു...
അത് അവനും മനസ്സാക്ഷിക്കും മാത്രം അറിയാവുന്ന ഒരു സത്യം
എന്നിട്ടും അവനു ലഭിച്ചത് തൂക്കുകയർ..
കൂലിയാണത്രെ അത്...ജീവിത കാലത്തിലെ എല്ലാ പുണ്യങ്ങൾക്കും
ജയിലിലെ ഇരുണ്ട മുറിയിലെ ആറടി സിമന്റ് ബെഞ്ചിൽ അവൻ കാലു തൂക്കി ഇരുന്നു.. മരണത്തിന്റെ കാലടിയൊച്ച മനസ്സില് കേൾക്കാൻ തുടങ്ങിയിരിക്കുന്നു മരണത്തിനു കറുത്ത നിറമാകും എന്നവൻ സങ്കല്പ്പിച്ചു വെച്ചിരിക്കുന്നു
കണക്കു പ്രകാരം മരിക്കാൻ ഒരു ദിവസമേ ഉള്ളു. അവനു ചിരിയാണ് വന്നത്. മരണം കാത്തു കിടക്കുമ്പോൾ അവനെ ചിരിപ്പിച്ച സംഗതി വേറെ ഒന്നുമല്ല. ഭൂമിയിൽ കാലന്മാർ അവതരിച്ചിരിക്കുന്നു. കറുത്ത വേഷവും ധരിച്ചു. സത്യത്തെ നിഷ്കരുണം നിഷ്കാസനം ചെയ്യുന്നവരാണത്രേ കാലൻ അല്ലെങ്കിൽ, തന്റെ പക്ഷം കേൾക്കാൻ അവർ തയ്യാറാവുമായിരുന്നു
ഒരു കാര്യം സത്യമാണ്. സത്യം സത്യമായി തന്നെ നിൽക്കും, മരണത്തിനു പോലും തോല്പ്പിക്കാനാവാത്തത് ഒന്ന് മാത്രം സത്യം..
മരിക്കാനുള്ള ദിവസം അറിഞ്ഞിരിക്കുക എന്നത് വല്ലാത്ത ഒരു അവസ്ഥയായി അവനു തോന്നി.
ഇതിപ്പോ ദിവസം മാത്രമല്ല, മണിക്കൂറുകളും നിമിഷങ്ങളും വരെ കൃത്യമായി അറിയാം. വല്ലാത്ത ഒരു വിധി...
പുറത്തു തന്റെ ഭാര്യയും, കുഞ്ഞുങ്ങളും എല്ലാം എല്ലാവരുടെയും കണ്ണിൽ പരിഹാസ്യ പാത്രങ്ങളായിക്കൊണ്ടിരിക്കുന്നു
ഒരു കൊലപാതകിയുടെ ഭാര്യയും മക്കളും അതായിരിക്കും ഇനി അവരുടെ വിളിപ്പേർ
മനസ്സ് കലുഷിതമായി നില്ക്കുന്നു. നാളെ ഈ സമയത്ത് താൻ എന്നത് ഓർമ്മ മാത്രം അവൻ ചിന്തിച്ചു.. അല്ലെങ്കിൽ നാളെ എന്ന് പറയാൻ താൻ ഇല്ലാത്ത അവസ്ഥ.. തൂങ്ങിയാടുന്ന കയറിൽ നിന്നും നിതാന്തമായ ശാന്തതയിലേക്ക്....
ഈ ലോകം നാളെ ഉണരുന്നത് താൻ ഇല്ലാതെ ആകും. നാളെ മുതൽ ഈ ലോകത്ത് താൻ ഇല്ല,. ലോകത്തിനു ഒരു മാറ്റവും വരുന്നില്ല. അനസ്യൂതം തുടരുന്ന പ്രയാണം...കാലചക്രം
രാവിലെ ജയിൽ സൂപ്രണ്ടും മറ്റു സിൽബന്ധികളും വന്നിരുന്നു. അവസാന ആഗ്രഹം ചോദിക്കാൻ..
വിധിയുടെ ക്രൂരമായ മരച്ചുറ്റിക തന്റെ മരണം വിധിച്ച കടലാസ്സിന് മുകളിൽ ആഞ്ഞു പതിച്ചപ്പോൾ...
നീതിയും, തുലാസേന്തിയ നിയമ ദേവതയും കറുത്ത തുണിയാൽ കണ്ണ് മൂടികെട്ടി നിർവികാരമായി നിന്നപ്പോൾ..
താൻ അലമുറയിട്ടു കരഞ്ഞു..തനിക്കു പറയാനുള്ളത് ഒരു ഞൊടിയിട എങ്കിലും കേൾക്കണേ എന്ന്...
അന്ന് ഒരു ചെവി തരാൻ ആരും തയ്യാറായില്ല. നീതിദേവതയുടെ കണ്ണിനെ മറച്ച കറുത്ത തുണി, അവരുടെ ചെവി കൂടെ മൂടിയിരിക്കുന്നു..
എന്നിട്ടിപ്പോ താൻ എന്ത് ആഗ്രഹിക്കാൻ...വെള്ളം പോലും തൊണ്ടയിൽ നിന്നും താഴോട്ട് പോകാത്ത അവസ്ഥ.
അവന്റെ ആഗ്രഹം അവന്റെ മരണത്തിനു മുൻപ് സത്യം തെളിയണം എന്നായിരുന്നു......ഒരു നേരിയ പ്രതീക്ഷപോലും നൽകാത്ത ആഗ്രഹം....
അവൻ പിന്നെയും ചിരിച്ചു.. വീണ്ടും വീണ്ടും...
ഈ ജയിലറക്കുള്ളിൽ മരണം കാത്തുകിടക്കുമ്പോൾ അവൻ ഓർക്കുകയായിരുന്നു‌, അന്ന് രാത്രി താൻ പുറത്തു പോയത്..
ഭാര്യയും മക്കളും കാത്തിരിക്കുന്നു എന്ന ഓർമ്മ അവനെ തിരിച്ചു നടത്തിച്ചു..
ആ വരവിൽ ആയിരുന്നു ആ കാഴ്ച കണ്ടത്.. രക്തത്തിൽ കുളിച്ച ഒരു ശരീരം..
അതിനടുത്തായി ഒരു കത്തിയും...ഏതോ ദേഹി ദേഹം വിട്ടൊഴിയാൻ കാരണക്കാരനായ ഒരു ആയുധം...
ജീവനില്ലായിരുന്നു.. എന്നിട്ടും അവൻ അയാളെ എടുത്തു മടിയിൽ വെച്ച് കുലുക്കി വിളിച്ചു...
തന്റെ മടിയിൽ നിര്ജ്ജീവമായി കിടക്കുന്ന ആ ശരീരം നോക്കി ഒന്ന് നെടുവീർപ്പിടാൻ പോലും കഴിയാതെ ഇരിക്കുമ്പോളാണ് തന്റെ തോളിൽ വന്നു വീണ ഒരു കൈത്തലം കണ്ടത്.. നിയമപാലകർ..
അവർക്ക് വേണ്ടത് ഒരു പ്രതിയെ ആയിരുന്നു..
തോണ്ടിമുതലും അവനെയും അവർ കോടതിയിൽ ഹാജരാക്കി..
ചെയ്യാത്ത കുറ്റത്തിന് ഒന്ന് വാദിക്കാൻ പോലും ആളില്ലാതെ വിധിയുടെ മുന്നിൽ അവൻ അലമുറയിട്ടു കരഞ്ഞു
ഒടുവിൽ ഈ ഇരുട്ടറയിൽ എല്ലാ ആഗ്രഹവും വെടിയേണ്ടി വന്ന ഒരു ആത്മാവ് മാത്രമായി അവൻ....
ഇല്ല. ഇനി സമയം ഇല്ല. ചിന്തിക്കാനോ ഓർക്കാനോ..നേരം പുലർന്നു വരുന്നു അവൻറെ യാത്ര ഈ പുലരിയിൽ ആണ്... ഒരിക്കലും തീരാത്ത യാത്ര...പഥേയങ്ങൾ ഇല്ലാത്ത യാത്ര
മരണത്തിന്റെ താല്കാലിക വാതിൽ തുറക്കപെട്ടു. ഒരു പോലീസുകാരൻ അവനെ കുളിക്കാൻ പറഞ്ഞയച്ചു...
അവസാനത്തെ കുളി. കുളി കഴിഞ്ഞു ഭക്ഷണം. ഇത്രയും നേരത്തെ അവൻ ആഹാരം കഴിക്കാറില്ല.എങ്ങോട്ടെങ്കിലും യാത്രയാവുമ്പോൾ ഒരു ചായ മാത്രം കുടിച്ചാണ് ഇറങ്ങാറു.
ചായ ചൂടാറ്റി സ്നേഹത്തോടെ കൊണ്ട് തരുന്ന ഭാര്യയെ ഓർത്തപ്പോൾ അത്രയും നേരം ഇല്ലാത്ത ദുഃഖം പൊങ്ങി വന്നു. കണ്ണ് നിറഞ്ഞു തുളുമ്പി..
കഴിക്കാൻ കഴിയാത്ത ആഹാരത്തെ മുന്നില് വെച്ച് അവൻ എഴുന്നേറ്റു. കൈ കഴുകി.
ഇനി നിമിഷങ്ങൾ മാത്രം. ജയിൽ സൂപ്രണ്ട് വന്നു തോളത്തു തട്ടി. എല്ലാ കടമകളും തീർന്നിരിക്കുന്നു.
കഴുമരത്തെക്കുള്ള യാത്ര. പുറകിലെ വാതിലിൽ ചേർന്ന് നില്ക്കുന്ന തന്റെ പ്രിയതമയെ അവൻ സങ്കല്പ്പിച്ചു.
നേരിയ വിരഹം പോലും താങ്ങാനാവാത്ത അവളുടെ വിധിയിൽ അവന്റെ കണ്ണുനീർ ഒഴുകി..
വൈദ്യ പരിശോധനയും മറ്റു ചടങ്ങുകളും കഴിഞ്ഞു.. മരിക്കുമ്പോഴും വേണമല്ലോ ആരോഗ്യം.
ആരാച്ചാർ വന്നു. അവന്റെ മുന്നില് തല കുനിച്ചു നിന്ന് എന്തോ പ്രാർതഥിച്ചു.
അവൻറെ കൈകൾ പുറകിലേക്ക് ബന്ധിച്ചു, മുഖം കറുത്ത തുണിയാൽ ആവരണം ചെയ്തു...മരണത്തിന്റെ മുഖം കാണാതിരിക്കാനുള്ള ഒരു മറ.
തൂക്കുകയർ കഴുത്തിൽ അണിയിച്ചു. അവൻ കണ്ണടച്ചു പ്രാർത്ഥിച്ചു. ആരാച്ചാർ ആ കർമ്മം നിർവഹിച്ചു..
മരണത്തിലേക്കുള്ള വാതിലായ ആ മരക്കഷ്ണം അയാള് വലിച്ചു...
പ്രാണൻ വിട്ടു പോക്കുന്ന ആ വേദനയിൽ അവൻ പിടയുമ്പോൾ ജയിലിലെ ഓഫീസ് മുറിയിലേക്ക് ആ സന്ദേശം ഫാക്സ് ആയി വന്നു..
അവന്റെ മരണം നീട്ടി വെക്കാനുള്ള സന്ദേശം...പുനരന്വേഷനതിനുള്ള സന്ദേശം..
അത് കടലാസ്സിലായി പുറത്തേക്കു നിരങ്ങി നീങ്ങുമ്പോൾ അവന്റെ ആത്മാവ് ശരീരം വിട്ടു പറക്കുകയായിരുന്നു...ആര്ക്കും വേണ്ടി കാത്തു നിലക്കാത്ത വിധിയുടെ ചിറകിലേറി..

-----------------------------------------------രഞ്ജിത്ത് മണ്ണാർക്കാട്

No comments: