Powered By Blogger

Monday, January 19, 2015

ഓർമ്മയിലെ കലോത്സവം




കലോത്സവ നാളിൽ ഓർമ്മ വരുന്നത്, എന്റെ ഒരു മാസ്മരിക, മാരക, പ്രകടനം ആണ്. അതും ഒന്നാം ക്ലാസ്സിൽ. കൃത്യമായ ഓർമ്മ അല്ലെങ്കിലും, ഒന്ന് ശ്രമിച്ചു നോക്കട്ടെ...

ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ മഹാ സംഭവം അരങ്ങേറിയത്.

സ്കൂളിലെ എന്തോ ഒരു പരിപാടിക്ക് എന്നെ ഒരു പാട്ടിനു ചേർത്തു.

ചേർത്തു എന്ന് പറഞ്ഞാൽപോര, ചേർക്കപ്പെട്ടു എന്ന് പറയുന്നതാവും ശരി.

ശാരദ ടീച്ചർ ആയിരുന്നു എന്റെ ഒന്നാം ക്ലാസ് ടീച്ചർ. ടീച്ചറെ കണ്ടാൽ തന്നെ അറിയാം വാത്സല്യം നിറഞ്ഞൊഴുകുന്ന മുഖം. അത്രയും വാത്സല്യം ഒരു ടീച്ചർടെ മുഖത്തും ഞാൻ പിന്നീട് കണ്ടിട്ടില്ല.

ബഹുമാനപൂർവ്വം, സ്നേഹപൂർവ്വം സ്മരിക്കുന്നു മണ്ണാർക്കാട് എ എൽപി സ്കൂളിലെ ഒന്ന്. എ ക്ലാസിലെ ക്ലാസ് ടീച്ചർ ആയിരുന്ന ശാരദ ടീച്ചറെ...

കലാപരിപ്പടികൾ നടക്കുന്നത് സ്കൂളിലെ തന്നെ ഒരു ഹാളിൽ ആണ്. സ്കൂളിലെ ഹാൾ എന്ന് പറഞ്ഞാൽ, ക്ലാസ് മുറികൾ മറക്കുന്ന തട്ടികകൾ (ഒരു സ്റ്റാന്റ്. മരത്തിന്റെ ഒരു ഫ്രൈമും പനമ്പായ കൊണ്ട് ബാകി മറയും ഉണ്ടാക്കിയ സാധനം) എടുത്തു മാറ്റിയാൽ വലിയ ഒരു ഹാൾ ആയി. അതിൽ ബെഞ്ചുകൾ ചേർത്ത് വെച്ചതാണ് സ്റ്റെജു. ലളിതം, മനോഹരം.

സ്കൂളിലെ പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു. കുരുന്നു കുറുമൂസുകൾ സംഗതി തെറ്റാതെ,പാടുന്നു, ആടുന്നു വേഷം കെട്ടുന്നു.. കേമം...ബഹു കേമം.

ആൾക്കൂട്ടത്തിൽ ഒരാളായി, ഞാനും ഇരുന്നു. കൂട്ടുകാരുടെ ഇടയിൽ.

പെരുംജാതി ധൈര്യം ആയിരുന്നു എനിക്ക് . ന്നെ സ്റ്റെജിലെക്കു വിളിക്ക് ടീച്ചറെ..ഇപ്പൊ ശര്യാക്കിത്തരാം എന്ന ഭാവം മുഖത്ത്.

അമ്മ അപ്പുറത്ത് ഇരിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട്. എന്റെ മുഖത്താണെങ്കിൽ ടെൻഷൻ എന്ന സാധനമേ ഇല്ല. കൂൾ.....

അമ്മയ്ക്കും ആശ്വാസം. ചെക്കൻ ഇന്ന് തകർക്കും. അങ്ങിനെ ആ ധന്യ മുഹൂർത്തം വന്നു. കാവ്യാത്മകമായി പറഞ്ഞാൽ, ആ സന്ദർഭം സംജാതമായി.

പേര് വിളിച്ചു. രഞ്ജിത്ത്. എൻ. ഒന്ന്. എ. ഞാൻ അഭിമാനത്തോടെ എഴുന്നേറ്റു നിന്ന്. ട്രൌസർ ഒന്ന് ശരിയാക്കി. ഷർട്ട്‌ പിടിച്ച് നേരെ ഇട്ടു.....കുട്ടികളുടെ ഇടയിലൂടെ ഭാവിയിലെ ഗന്ധർവ്വനായ സർവ്വ ശ്രീ ഞാൻ സ്റ്റെജിൽ കയറി.

കയറുന്നതിനു മുൻപ് പ്രാർത്ഥിക്കണം എന്ന് അമ്മ പറഞ്ഞിരുന്നു. പാടാനുള്ള ആക്രാന്തത്തിൽ അത് മറന്നു പോയി. സ്റ്റെജിൽ കയറിയപ്പോഴാണ് ശരിക്കും എന്റെ ഗ്യാസ് പോയത്...

നമ്മളീ ആൾകൂട്ടത്തിൽ താഴെ ഇരുന്നു നോക്കുമ്പോ, സ്റ്റെജിൽ ഒരാൾ അല്ലെ ഉള്ളു പേടിക്കേണ്ട ഒരു കാര്യോം ഇല്ല. ഇത് സ്റ്റെജിൽ കേറി നോക്കിയാലോ... ദേവ്യേ എമ്പാടും ആളുകൾ.

എന്റെ അറിവിൽ അന്ന് ഏറ്റവും കൂടുതൽ ആളുകളെ കാണുക മണ്ണാർക്കാട് ഗോവിന്ദപുരം എകാദശിവിളക്കിനാ. എനിക്ക് ഇത് ഏതാണ്ട് അത്രേം ഒക്കെ തോന്നി.

മ്മള് ഉയരത്തിൽ നിൽക്കുകയല്ലേ..ഞാൻ നോക്കുമ്പോ, ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരായ കൂട്ടുകാരായ സബിൻ, ശ്രീരാമൻ, ഷിബിൻ (അകാലത്തിൽ പൊലിഞ്ഞുപോയ താരകം. സ്മരണ, സ്നേഹപൂർവ്വം) ഇവരൊക്കെ എന്നെ തന്നെ നോക്കുന്നു. ഇപ്പൊ പാടും മ്മടെ ചെക്കൻ എന്ന ഭാവത്തിൽ. ഇവർ മാത്രല്ല, ആ സ്കൂളിലെ എല്ലാരും.

ന്റെ പോന്നോ...ഇതാണോ സ്റ്റെജു. ഇവിടെ ആണോ ഞാൻ പാടെണ്ടേ.. ഞാൻ കൊണ്ട് വന്ന ഷഡ്ജം ഒന്നും തികയാതെ വരുമല്ലോ ദൈവമേ.....

ഞാൻ ദയനീയമായി ഒന്ന് അമ്മയെ നോക്കി. പാടാതെ ഇറങ്ങ്യാ വീട്ടിൽ കേറ്റില്ല എന്ന ഭാവം അമ്മയുടെ മുഖത്ത്...

പടച്ചോനെ..പണി പാളി. ഞാൻ നിന്ന് ആടാൻ തുടങ്ങി. പാടാൻ പോയ ചെക്കൻ ആടുന്നത് കണ്ടിട്ട് അന്തമുള്ളവരെല്ലാം അത് വിട്ടു. ബാകി ഉള്ളവർ വെറുതെ ചിരിച്ചു.

സഹൃദയരെ....സത്യത്തിൽ ഞാൻ ആടുകയല്ലായിരുന്നു..പേടികൊണ്ട് ആലിലപോലെ വിറക്കുകയായിരുന്നു. പണ്ടേ സിക്സ് പാക് ആയതുകൊണ്ട് വിറച്ചാലും ആടുന്നതായി തോന്നും. സില്ലി പീപ്പിൾസ്...

അപ്പൊ മുന്നിൽ ഇരുന്നു രവീന്ദ്രൻ മാഷ്‌പറഞ്ഞു, "രഞ്ജിത്തെ പാടൂ. സമയം കളയാതെ" എന്ന് , പൊതുവെ ആ മാഷിനെ കണ്ടാ തന്നെ എനിക്ക് നല്ല പേടിയാ..."ഓടാൻ മുട്ടും".

മാഷ്‌ എന്നോട് പാടൂ എന്ന് പറയുന്നത് കേട്ടപ്പോ..മര്യാദക്കു പാട്രാ ന്നു പറയണപോലെ തോന്നി...പോരെ പൂരം. എന്നാപ്പിന്നെ പാടിക്കളയാം എന്ന് വിചാരിച്ച് ഒരു വിധം ധൈര്യം സംഭരിച് ഷർട്ടിന്റെ അടിയിൽ പിടിച്ചു വെറുതെ വലിച്ചു ഇപ്പൊ ഓടും എന്ന ഭാവത്തിൽ ഞാൻ പാടാൻ തയ്യാറായപ്പോ ആണ് ശാരദടീച്ചർടെ സ്നേഹമുള്ള, വാത്സല്യമുള്ള, ഞാൻ കേൾക്കാൻ ഏറെ ആഗ്രഹിക്കുന്ന ആ ശബ്ദം കേട്ടത്.. "അറിയില്ലെങ്കിൽ ഇറങ്ങിപ്പോന്നോളൂ മോനെ... കരയണ്ട"".

ഇത് കേട്ടപ്പോ കരയേ ഞാനോ?? ച്ചായ് മ്ലേച്ചം..കൊന്നാലും കരയൂല്ല എന്ന ഭാവത്തിൽ കണ്ണ് വെറുതെ ഒന്ന് തുടച്ചു നോക്കി...

അപ്പോഴാണ്‌ ഞാൻ ആ ദാരുണ സത്യം മനസ്സിലാക്കിയത്. ദൈവമേ ഞാൻ നല്ല അസ്സൽ കരച്ചിൽ ആയിരുന്നു...പൊളപ്പൻ കരച്ചിൽ..പേടി മൂത്ത് പ്രാന്തായ ഞാൻ അത് അറിഞ്ഞില്ല.

എന്നാലും ടീച്ചർ പറഞ്ഞാൽ കേൾക്കണ്ടേ ?? ഗുരുത്വദോഷം കിട്ടും..ഞാൻ സ്റ്റെജിൽ നിന്നും ചാടി ഇറങ്ങി. അമ്മയെ ഒന്ന് ചെരിഞ്ഞു നോക്കി.

അമ്മേടെ മുഖം കണ്ടപ്പോ അടുത്ത ബസിനു കൈതച്ചിറ പോയാലോ എന്ന് തോന്നി. അന്ന് ആകെ അറിയാവുന്ന ഒരേ ഒരു ബസ്‌ ആണ് കൈതച്ചിറ ബസ്.

ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ലാത്തതുകൊണ്ടും ബസിന്റെ സ്റ്റെപിലെക്കു കാലെടുത്തു വെക്കാനുള്ള ഉയരം എനിക്ക് ഇല്ലാത്തതു കൊണ്ടും, "ഹാഫ്" ടികെറ്റ് എടുക്കാൻ അമ്മ കൂടെ വേണം എന്ന വലിയ അറിവ് കൂടെ ഉള്ളത് കൊണ്ടും. ഞാൻ മിണ്ടാതെ പോയി കൂട്ടത്തിൽ ഇരുന്നു. അന്തസ്സുള്ള ഇളിഭ്യൻ ആയിട്ട്.

എല്ലാവരും എന്നെ സഹതാപ പൂർവ്വം നോക്കി. ഞാൻ ഒരു വലിയ ആപത്തിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽ താഴേക്കും നോക്കി ഇരുന്നു.

ആരൊക്കെയോ അടക്കി ചിരിക്കുന്നതു കേട്ടു. മ്മള് നോക്കൂല്ല. അല്ലെങ്കിലെ അവാർഡ് കിട്ടാത്ത കലാഭവൻ മണീടെ അവസ്ഥയിലാ ഞാൻ. ഹല്ല പിന്നെ.

അപ്പോഴാണ്‌ തോളിൽ ഒരു തോണ്ടൽ. ഞാൻ ദയനീയമായി തന്നെ തിരിഞ്ഞു നോക്കി.

അമ്മ.....ആ മുഖത്ത് ദേഷ്യം, നാണക്കേട് സങ്കടം എല്ലാം ഉണ്ട്. മ്മക്ക് അന്നും ഇല്ലല്ലോ മാനവും മാനക്കേടും. ആകെ ഉള്ളത് പേടി ആണ്. അത് വേണ്ടതിലധികം പ്രകടിപ്പിച്ചിട്ടാ ഇറങ്ങി പൊന്നെ.

അമ്മ എന്റെ കൈ പിടിച്ചു വലിച്ചു പറഞ്ഞു.. എണീക്ക് ബാ വീട്ടിൽ പോകാം. രക്ഷപ്പെട്ട ഭാവത്തിൽ ഞാൻ കൂടെ നടന്നു. എല്ലാരും എന്നെ നോക്കുന്നുണ്ട എന്നാ ഒരു സംശയം ഉണ്ടായിരുന്നു. എനിക്ക് നോക്കാൻ ധൈര്യം ഇല്ലാത്തതുകൊണ്ട് നോക്കീല്ല.

പുറത്തിറങ്ങുമ്പോ "അതായത് അമ്മെ.". എന്ന് പറയാൻ തുടങ്ങിയ എന്നെ.. അമ്മ ഒരു നോട്ടം കൊണ്ട് അകറ്റി നിർത്തി.

എന്നിട്ട് പറഞ്ഞു. "എന്റെ ഒപ്പം നടക്കണ്ട. എന്നെ നാണം കെടുത്തിട്ട്. അവന്റെ പോക്ക് കണ്ടപ്പോ ഞാൻ വിചാരിച്ചു ഇപ്പൊ വരും സമ്മാനം കൊണ്ട് എന്ന്. ന്നോട് മിണ്ടണ്ട".

ഞാൻ ആകെ ചാണകത്തിൽ ചവിട്ടിയ അവസ്ഥയിലായി. ഒരു പാട്ട് പാടാഞ്ഞാൽ ഇത്രേം വലിയ പ്രശ്നാണോ?? ന്റെ കുഞ്ഞു മനസ്സ് നൊന്തു.

"വേണേൽ ഞാൻ വീട്ടിൽ പോയിട്ട് പാടി തരാം അമ്മെ"... കരച്ചിലിന്റെ വക്കോളം എത്തിയ എന്റെ സ്റ്റെറ്റ്മെന്റ്.

അത് കേട്ടപ്പോ ആ പാവം അമ്മക്ക് വിഷമായി തോന്നുന്നു, അമ്മെ വേഗം അടുത്ത് വന്നു.. എന്നിട്ട്, "നന്നായി പാടിയതാണല്ലോ നീ വീട്ടില് വെച്ച്. എന്താ പറ്റിയെ അമ്മയോട് പറ"

എന്ന് സ്നേഹത്തോടെ ചോദിച്ചപ്പോ.. അത്രേം നേരം കെട്ടി നിർത്തിയ എന്റെ എല്ലാ സങ്കടോം പേടിയും എല്ലാംകൂടെ അണപൊട്ടിഒഴുകി

"എനിക്ക് പേടി ആയി അമ്മെ എല്ലാവരേം കണ്ടപ്പോ. അതോണ്ട ഞാൻ...."" എന്ന് പറഞ്ഞു അമ്മയെ കെട്ടിപ്പിടിച് കരഞ്ഞു.

""പോട്ടെ പോട്ടെ കരയണ്ട "എന്നും പറഞ്ഞു അമ്മ എന്നെ വാരി എടുത്ത് വീട്ടിലേക്കു നടന്നു...

അന്ന് കിട്ടിയ ആ സാന്ത്വനം....അമ്മ എന്ന ആ സാന്ത്വനം.....ഇത് എഴുതുമ്പോഴും കണ്ണ് നിറയുന്നു...

പിന്നീട് സ്റ്റെജിന്റെ പരിപാടിക്ക് മ്മളെ കിട്ടീട്ടില്ല. ഇപ്പോഴും സ്റ്റെജു കാണുമ്പോ എനിക്ക് ഒരു ആട്ടം വരും. സില്ലി ഗയ്സ് അതിനെ പേടി എന്നോ മറ്റോ വിളിക്കും. ഞാൻ കര്യാക്കില്ല. ഹല്ല പിന്നെ..

---------------------------------------------------------------

വാൽക്കഷ്ണം: - ശിവദാസൻ മാഷിന്റെ ശിക്ഷണത്തിൽ മസ്കറ്റിൽ വെച്ച് ആണ് പിന്നീട് സ്റ്റെജിൽ കേറുന്നത്. (മ്മക്ക് ഇന്റർനാഷണൽ സ്റ്റെജെ പറ്റൂ). അതും പുറത്തേക്കു നോക്കില്ല എന്ന ഉറപ്പിൽ മാഷുടെ മുഖത്ത് നോക്കിയാ ഇരുന്നെ....

------------------------------------------------------------ രഞ്ജിത്ത് മണ്ണാർക്കാട്

No comments: