Powered By Blogger

Saturday, February 28, 2015

ഈശ്വരോ നിന്നെ നീ തന്നെ രക്ഷതു




ദൈവത്തിനെ രക്ഷിക്കാൻ മനുഷ്യൻ യന്ത്രതോക്കും കുന്തവും കുറുവടിയുമായി ഇറങ്ങിയിരിക്കുന്നു. ഇതിനു ഭക്തി എന്ന് പറയാൻ പറ്റുമോ? ഭ്രാന്ത് എന്ന് പറയുന്നതാവും കൂടുതൽ ശരി എന്ന് തോന്നുന്നു.. ദൈവത്തിന്റെ തന്നെ സൃഷ്ടികളായ മനുഷ്യർ, പരസ്പരം പോരടിച്ചു ചാവുമ്പോൾ ദൈവത്തിനു സന്തോഷമാകുന്നുണ്ടാകുമോ.. ദൈവത്തിന്റെ പെരിലാകുമ്പോൾ എല്ലാം പുണ്യമാണല്ലോ അല്ലെ... തന്നെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുകയും എന്നിട്ട് ആ ദൈവത്തെ രക്ഷിക്കാൻ ചാടിപുറപ്പെടുകയും ചെയ്യുക.. സർവ്വതിന്റെയും സ്രഷ്ട്ടാവായ ദൈവത്തിനു സ്വയം രക്ഷിക്കാൻ മനുഷ്യന്റെ കാവൽ. പഷ്ട്ട് കണ്ണാ പഷ്ട്ട്...

ഇത് ദൈവ പ്രീണനം ആണെന്നാണ് എനിക്ക് തോന്നിയിരിക്കുന്നത്. തനിക് ദൈവ ഭയം ഉണ്ട് എന്ന് സ്വയം വിശ്വസിക്കാനും, സമൂഹത്തിലെ മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ഉള്ള ഒരു തത്രപ്പാട്. അതാണ് ഇത്. ദൈവത്തിനു തന്നെ പുച്ഛം തോന്നുന്നുണ്ടാകും. ഇതെല്ലാം കണ്ടിട്ട്

പേടി ആണ് ആരെങ്കിലും കുറ്റം പറഞ്ഞാൽ അല്ലെങ്കിൽ പരിഹസിച്ചാൽ ഉടനെ ദൈവം മനം നൊന്ത് ആത്മഹത്യ ചെയ്തുകളയുമോ എന്ന പേടി. ദൈവം അങ്ങിനെ ചെയ്‌താൽ പിന്നെ നമുക്ക് രക്ഷിക്കണേ എന്ന് വിളിച്ചു കരയാനും, ദൈവത്തിന്റെ പേരില് മത്സരം കാണിക്കാനും, യന്ത്രത്തോക്ക്‌ ഉപയോഗിച്ച് ചട പടാന്ന് വെടിവെച് രക്തം ചൊരിയാനും പറ്റില്ലല്ലോ. ഇങ്ങനെ ഒക്കെ ചെയ്‌താൽ ദൈവത്തിന്റെ അനുഗ്രഹം എമ്പാടും കിട്ടും എന്ന് വിശ്വസിക്കുന്ന മണ്ടന്മാരോടു സഹതാപം തോന്നുന്നു...മ്യാരക സഹതാപം

ദൈവത്തിനു വരെ ഇപ്പൊ മനുഷ്യരെ പേടിയാണത്രേ. ഏത് രീതീലാ ഈ സാധനം പ്രതികരിക്കാ എന്ന് തമ്പുരാനുപോലും വല്യ പിടി ഇല്ലത്രെ...

സംഗതി സർവ്വ വ്യാപി ഒക്കെ ആണെങ്കിലും, ഒന്നോ രണ്ടോ അല്ലെങ്കിൽ പത്തോ നൂറോ ആളുകള് ചേർന്ന് കളിയാക്കിയാൽ പ്രതിച്ഛായ പോകുന്നത് ദൈവത്തിന്റെ ആണ്. അത് കാത്തു സൂക്ഷിക്കണ്ടേ അല്ലെ പിന്നെ.... ഇത്രേം കാലം ദൈവം നമ്മളെ കാത്തില്ലേ ഇനി നമ്മൾ തിരിച്ചു കാക്കേണ്ടി വരും എന്നാ തോന്നണത്,

ചുരുക്കത്തിൽ ദൈവം എന്നത് നമ്മളാൽ സംരക്ഷിക്കപ്പെടേണ്ട ഒരു സങ്കല്പം ആയി മാറിയോ എന്നൊരു സംശയം ഇല്ലാതില്ല ദൈവത്തിന്റെ കോടതിയിൽ ആണ് പരമമായ ശിക്ഷ എന്ന് എല്ലാ ഗ്രന്ഥത്തിലും ഉണ്ട് എന്ന് തോന്നുന്നു. എന്നാലിപ്പോ മനുഷ്യർ സ്വയം ദൈവം ആവാനുള്ള ശ്രമത്തിലാണ്. ദൈവം ചെയ്യേണ്ടത് മനുഷ്യൻ ചെയ്യുമ്പോ ദൈവത്തിന്റെ പണി കുറഞ്ഞു വരുമല്ലോ ല്ലേ...

എന്നാൽ കൂടെ, ദൈവനാമത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അല്പ്പം കടന്ന കയ്യല്ലേ...?

അല്ല അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മനുഷ്യ ദൈവങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്യ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണല്ലോ സങ്കല്പം. അങ്ങിനെ മനുഷ്യനെ സൃഷ്ടിച്ച ദൈവം ഏതെങ്കിലും ഒരു പ്രത്യേക മതത്തിൽ ആണവനെ ജനിപ്പിച്ചത് എന്ന് തോന്നുന്നില്ല. എല്ലാം മനുഷ്യനുണ്ടാക്കിയതാണ്. ഇപ്പൊ മനുഷ്യന്റെ താല്പര്യതിനനുസരിച്ചു ദൈവത്തെയും സൃഷ്ടിക്കാൻ തുടങ്ങി. അതായതു ദൈവ കർമ്മമായ സൃഷ്ടി ഇപ്പൊ മനുഷ്യൻ ചെയ്യുന്നു. അപ്പൊ പിന്നെ സംഹാരവും അവൻ തന്നെ ചെയ്യേണ്ടേ?? ഈ മണ്ടന്മാർ ആ ഒരു ലോജിക് ആണ് പിന്തുടരുന്നത് എന്നു തോന്നുന്നു. ഈ മതം മാറ്റൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയില്ല. മതത്തിൽ ആൾബലം കൂട്ടി കാണിച്ചു റേറ്റിംഗ് കൂട്ടാനുള്ള സൈക്കോളജിക്കൽ മൂവ് ആകും ല്ലേ...

ഒരു കഥ വായിച്ചത് ഓർക്കുന്നു ഞാൻ. ഒരു ആരാധനാലയത്തിന്റെ പുറത്ത് ഒരു യാചകൻ ഇരിക്കുന്നു. ഭക്തർ ഒരുപാട് പേർ അദ്ധേഹത്തെ കടന്നു പോയി. ആരും തന്നെ ആ പാവത്തിനെ ഒന്ന് നോക്കാൻ പോലും തയ്യാറായില്ലത്രേ. കുറെ നേരത്തെ ഇരിപ്പിന് ശേഷം, അദ്ദേഹം പതിയെ അവിടെ നിനും പോയി ഒരു മദ്യ വിൽപന ശാലയുടെ മുന്നിൽ ഇരുന്നു. അവിടെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് അവിടെ മദ്യം വാങ്ങാൻ വന്ന പലരിൽ നിന്നും ഭിക്ഷ കിട്ടി. അപ്പോൾ ആ യാചകൻ മനസ്സ് നിറഞ്ഞു പറഞ്ഞു, ദൈവമേ, നീ ആരാധനാലയത്തിൽ ഇരിക്കുന്നു എന്ന് പറഞ്ഞു പറ്റിച്ചതാണല്ലേ? ശരിക്കും നീ കുടികൊള്ളുന്നത് ഇവിടെയാണോ എന്ന്. ഇതിൽ നിന്നും, ഒരുവിധം എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു..

ഭക്തി ഇന്ന് മറ്റുള്ളവരെ കാണിക്കാൻ ഉള്ള പ്രഹസനം ആയി മാറിയിരിക്കുന്നു. ദൈവത്തെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത്? ദൈവം സ്നേഹമല്ലേ? ആ സ്നേഹത്തെ തിരിച്ച സ്നേഹിക്കുന്നത് സഹജീവികളെ കൊന്നോടുക്കീട്ടാണോ?? നമ്മൾ എന്തോ കള്ളത്തരം ഇപ്പോഴും ചെയ്യുന്നു എന്ന രീതിയിലാണ് ആളുകളുടെ ഭക്തി ഇന്ന്. നമുക്ക് ജീവിക്കാനായി പണം തരണേ ദൈവമേ എന്ന് ദൈവത്തോട് താണ് കേണു കരയും. എന്നിട്ട് ആ പണം കൊണ്ട് പോയി ദൈവത്തിനു കൊടുക്കും. ഈ പ്രപഞ്ചം തന്നെ സൃഷ്ടിചത് ഈശ്വരൻ ആണെങ്കിൽ , ദൈവത്തിനു എന്തിനാണ് പണം?? ആവശ്യക്കാരന്റെ കയ്യിലേക്ക് എത്തിചെരേണ്ടതല്ലേ അത്? ആവശ്യമില്ലാത്തപ്പോൾ പണം വെറും കടലാസ് മാത്രമാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഇതൊക്ക പറയുമ്പോഴും, ഞാൻ അടക്കമുള്ളവർ പാവങ്ങൾക്കു വേണ്ടി എന്ത് ചെയ്തു എന്ന് സ്വയം ചോദിക്കുകയും..ചെയ്യുന്നുണ്ട്,

ചില ചിന്തകള്, ചില സത്യങ്ങൾ അങ്ങിനെ ആണ്. പൊതുവായി വിളിച്ചു പറയാൻ പാടില്ല. ഒരു കഥ കേട്ടിട്ടില്ലേ, രാജാവിന്റെ മരണം പ്രവചിച്ച ജോത്സ്യന്റെ കഥ. 30 ദിവസം കഴിഞ്ഞാൽ രാജാവ് തട്ടിപ്പോകും ഏന്നു പറഞ്ഞ ജോത്സ്യനെ രാജാവ് സ്പോട്ടിൽ തട്ടി. വീണ്ടും ജോത്സ്യൻമാർ പലതു വന്നു. എല്ലാവർക്കും പറയാനുള്ളത് ഒരേ കാര്യം. അവിടെ ഒക്കെ സത്യം സത്യമായി പറഞ്ഞ ആളുകളുടെ മരണമാണ് ഉണ്ടായത്. എന്നാൽ ബുദ്ധിപരമായി വേറെ ഒരു ജോത്സ്യൻ വന്നു പറഞ്ഞത്രേ, രാജകുമാരൻ 30 നാളുകൾ കഴിഞ്ഞാൽ രാജാവാകും എന്ന്.

ഇവിടെ രണ്ടു പേരും പറഞ്ഞത് ഒന്ന് തന്നെ ആണ്. രാജാവ് തട്ടിപ്പോകും എന്ന്. പക്ഷെ പറയേണ്ട രീതി ഒരാളുടെ ജീവന രക്ഷിച്ചു സമ്മാനങ്ങളും കിട്ടി.

നമുക്ക് ജാതിയോ മതമോ രാഷ്ട്രീയമോ പറഞ്ഞാൽ നഷ്ടമാകുന്ന ബന്ധങ്ങളെ ഉള്ളു കൂട്ടിനു എന്നുള്ളത് വേദനിപ്പിക്കുന്ന ഒരു സത്യമാണ്. അത് പറഞ്ഞാൽ അപ്പൊ തീരും ഈ മച്ചാ മച്ചാ വിളികളൊക്കെ.

മ്യാരകം തന്നെ മ്യാരകം

~~~~~~~~~~~~~~~~~~ രഞ്ജിത്ത് മണ്ണാർക്കാട്

No comments: