----------------------------------------------------
എറണാകുളത്തു മെട്രോ റെയിൽ ഇല്ലാത്ത, ലുലുമാൾ ഇല്ലാത്ത കലൂർ ഇത്രേം ഇടുങ്ങിയതല്ലാത്ത ഒരു കാലം. അന്നവിടെ കാക്കനാട് എന്ന മനോഹര സ്ഥലത്ത് ഈച്ചമുക്ക് എന്ന പട്ടണത്തിൽ ഞാൻ സസുഖം വാഴുന്നു കിരീടോം ചെങ്കോലും പണയത്തിൽ ആയതുകൊണ്ട് തല്കാലം അതില്ല....ജോലി ഒരു സ്വകാര്യ കമ്പനിയിൽ ഡാറ്റ എൻട്രി ഒപ്പെറെട്ടർ. ഒരുപാട് സാലറിയും മറ്റു ആനുകൂല്യങ്ങളും ഉണ്ടായിരുന്ന മനോഹരമായ ജോലി.
കമ്പനി സ്വകാര്യമായതുകൊണ്ട് താമസവും സ്വകാര്യമാക്കണം എന്നാണ് കമ്പനി നിയമം. എന്താ ചെയ്യാ. മ്മക്ക് ഈ കൂതറ ഫ്ലാറ്റുകളൊന്നും പറ്റൂല്ല. അതുകൊണ്ട് തന്നെ ഭീമമായ വാടക കൊടുത്ത് ഒരു ടെറസ്സിന്റെ മുകളിൽ ആറടി സ്ഥലത്തിന് അവകാശി ആയി. രാജാവായി ചക്രവർത്തി ആയി എന്തിനു ഭടൻ പോലും ആയി ജീവിക്കുകയായിരുന്നു. കറന്റ് ബിൽ അടച്ചാൽ കൊതുക് കടി ഫ്രീ എന്ന ഓഫറിൽ . അഭയാർഥി കൂട്ടത്തിലെ മറ്റു മെംബേർസ്കമ്പനിയിൽ തന്നെ ഉള്ളവർ ആയിരുന്നു.
അങ്ങിനെ ഇരിക്കുമ്പോഴാണ് പതിവില്ലാതെ ന്യൂ ഇയർ വരുന്നത്. സാധാരണ പുതുവത്സര സമയത്താ വരാറ്. ഈ തവണ ആണെങ്കി ഡിസംബർ 31 വന്നിരികുന്നു. കണ്ട്രി ന്യൂ ഇയർ..
ന്യൂ ഇയർ ന്നൊക്കെ പറഞ്ഞാ മ്മള് ബാച്ചികൾക്ക് ആഘോഷിക്കാനുള്ള ന്യൂ ഇയർ..അർമാദിക്കാനുള്ള ന്യൂ ഇയർ..അങ്ങിനെ വല്ലപ്പോഴും വരുന്ന ഒരു ന്യൂ ഇയർ..അതന്നെ ഐറ്റം.
എമ്പാടും ഐ ടി കമ്പനികൾ ഉള്ള സ്ഥലമാണല്ലോ ഈച്ചമുക്ക്. അവിടെയുള്ള പാവപ്പെട്ട ജോലിക്കാർക്ക് കാക്കനാട് ജിനോബാർ ആണ് ന്യൂ ഇയർ ബ്ലാസ്ടിനു ആകെ ഉള്ള ഒരു ആശ്രയം. പിന്നെ എതോകെയോ ബിവറേജസ് കേറി നിരങ്ങിയാലെ സാധനം കിട്ടൂ. ഉയർന്ന ശമ്പളമുള്ള ജോലിയിൽ ആയതുകൊണ്ട് പിരിവെടുത്തുള്ള ആഘോഷപരിപാടികളായിരുന്നു ഞങ്ങളുടെ ബംഗ്ലാവിൽ. ആ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു വന്നു ആഘോഷങ്ങൾ തുടങ്ങി. തകർത്ത് വാരിയ ആഘോഷം. താഴെ ഹൌസ് ഓണറുടെ വക വെടിക്കെട്ടും ഉണ്ടായിരുന്നു......പോട്ടാസോക്കെ പൊട്ടിച്ച് നല്ല ഗ്രാൻറ് വെടിക്കെട്ട് ......
രാത്രിയിലെ ആഘോഷങ്ങൾ കഴിഞ്ഞു ഞാൻ അതിരാവിലെ എഴുന്നേറ്റ് അഞ്ചു മണിക്കുള്ള കാക്കനാട് എറണാകുളം ബസിൽ ഓടിക്കയറി നോർത്തിൽ ഇറങ്ങി ആറു മണിയുടെ ഗുരുവായൂർ പാസ്സെഞ്ചർ പിടിച്ച് സ്ഥലം കാലിയാക്കി. തിങ്കളാഴ്ച നൈറ്റ് ഷിഫ്റ്റ് ആയതുകൊണ്ട് അന്ന് വൈകുന്നേമായി തിരിച്ച് കൊച്ചിയിൽ എത്തിയപ്പോൾ. പതിവുപോലെ നേരെ ബംഗ്ലാവിൽ കയറി. താക്കോൽ സ്ഥിരമായി വെക്കുന്ന രഹസ്യ സ്ഥലമായ ബാത്രൂമിലെ രഹസ്യ അറയിൽ തപ്പി. സംഗതി കാണാനില്ല. ദേവ്യേയ്.. ഞങ്ങളുടെ സമ്പാദ്യം ഞങ്ങളുടെ ബ്ലങ്കാവ് ഛെ ബംഗ്ലാവ് ...ചോരന്മാർ ചോരീ കർക്കെ ഗയാ ക്യാ.... ഒരു രൂപോം കിട്ടണില്ലല്ലോ എന്റെ വ്യാകുല മാതാവേ... ഇത്യാദി പ്രാർത്ഥനകളാൽ മുറിവേറ്റ മനസ്സുമായി ആ കുളിമുറീം പരിസരോം ഞാൻ അരിച്ചു പിന്നെ പെറുക്കി. കണ്ടില്ല....മാത്രമല്ല...സ്ഥിരമായി പുറത്തു തൂങ്ങി കിടക്കുന്ന ഏഴു ഓട്ടകൾ ഉള്ള എന്റെ റോഡ് സൈഡ് ബ്രാൻഡ് ബനിയനും വീരാളിപ്പട്ടും കാണുന്നില്ല. മൂ.... അല്ലെങ്കിൽ വേണ്ട പണി പാള്യോ? എല്ലാം നിഷ്ടടൂരർ കൊണ്ടുപോയോ?? അങ്ങിനെ ചിന്തയിലാണ്ടു കീഴ്ചുണ്ടിൽ ചൂണ്ടു വിരൽ വിലങ്ങനെ വെച്ച് മേപ്പോട്ടും നോക്കി മുംബൈ സച്ചിൻ നിൽക്കണ പോലെ നിൽക്കുമ്പോ ഒരു ചൂളം വിളി... പതിഞ്ഞ ശബ്ദത്തിൽ... ഹേ.. അവളാവില്ല ഈ സമയത്ത് ...ഛെ ഛെ...ഒന്നൂടെ ശ്രദ്ധിച്ചപ്പോ സംപൂജ്യനായ ൻറെ സഹമുറിയൻ സാക്ഷാൽ ശ്രീമാൻ ശിവേട്ടൻ ഒരു പ്ലിങ്ങിയ മുഖഭാവത്തോടെ തൊട്ടടുത്ത വീടിൻറെ ടെറസ്സിൽ നിൽക്കുന്നു. അയലിൽ വിരിച്ചിട്ടിരിക്കുന്ന ചുവന്ന പൂക്കളുള്ള പച്ച ലുങ്കിയുടെ മറവിൽ പാതി ഒളിച്ചിട്ടാണ് നിൽപ്പ്. ഇല്ലത്തെ തമ്പ്രാട്ട്യെപ്പൊലെ. ഞാൻ നവമുദ്രകളിൽ പെടാത്ത ഒരു മുദ്രകാണിച്ചു. "എന്താ?" പുള്ളി ചുപ് രഹോ എന്ന രീതിയിൽ മൂക്കിൽ ചൂണ്ടുവിരലാൽ ഒരു വര വരച്ചു മിണ്ടാതെ ഉരിയാടാതെ വരാൻ പറഞ്ഞു. തമ്പുരാനെ...ഇനി വല്ല ബോംബോ മറ്റോ..കൊച്ചി അധോലോകങ്ങളുടെ നഗരം ആണെന്ന് പണ്ട് ഏതോ വാരികയിലെ ബാറ്റൻബോസിന്റെ കഥാപാത്രമായ ഹനുമന്തയ്യ പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ....അതെങ്ങാനും......ഹേയ് അതുണ്ടാവില്ല.....പേടികൊണ്ടല്ല, എനിക്കീ ഗുണ്ടകളെ കാണരുത്.. ഇഷ്ടമല്ല..അതന്നെ.. പിന്നെ ഒന്നും നോക്കീല്ല ഞാനോടി. ശബ്ദമില്ലാതെ ടോം ആൻഡ് ജെറീലെ എലിയെപ്പോലെ. ഒരു വിരൽ മാത്രം നിലത്തു കുത്തി പറന്നു..അവിടെത്തീതും ശിവേട്ടൻ എന്നേം വലിച്ചു ആ റൂമിനുള്ളിൽ ചാടിക്കയറി.
"ഞാൻ ചോദിച്ചു മ്മളെന്താ ഇവിടെ??" ശിവേട്ടൻ വാതിലൊക്കെ അടച്ചു ശബ്ദം താഴ്ത്തി കാര്യം പറഞ്ഞു.രണ്ടൂസം മുന്നത്തെ ഫ്ലാഷ് ബാക്ക്...
ശിവേട്ടൻ കഥിച്ച പ്രകാരം......
ന്യൂ ഇയർ പാർടി കഴിഞ്ഞപ്പോ ഏകദേശം നേരം പുലർന്നു. എല്ലാവരും സൈഡ് ആവാറായപ്പോഴേക്കും ഞാൻ എഴുന്നേറ്റു പോന്നിരുന്നു. റൂമിലുള്ള ബാക്കി കൂട്ടുകാർ എഴുന്നേൽക്കാൻ വൈകി. കെട്ടു ഇറങ്ങണ്ടെ?? ഒരു ഉച്ച ഉച്ചര ഉച്ചേമുക്കാൽ ആയപ്പോ ഒരുവിധം എഴുന്നേറ്റു നോക്കുമ്പോ ഹൌസ് ഓണർ കാത്തു നിൽക്കാ വാതിലിന് മുന്നിൽ. കുറെ നേരമായി കാത്തു നിൽക്കണ പോലെ തോന്നി എന്നാണു ശിവവാക്യം.....എഴുന്നെറ്റു വന്നതും ഓണർ ചേട്ടൻ കൂടുതലൊന്നും ചോദിക്കാതെ മുഖം നോക്കാതെ കമ്മീഷനറിലെ സുരേഷ് ഗോപിയെ പോലെ പറഞ്ഞു. "അനിയന്മാർ വേറെ റൂം നോക്കിക്കോ. നാളെ ഉച്ചക്ക് മുൻപ് ഇറങ്ങീല്ലേൽ ഞാൻ ഇറക്കി വിടും..." കാര്യം ചോദിച്ചപ്പോൾ നീ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട എന്ന് മാത്രം പറഞ്ഞു ആള് ഇറങ്ങി പോയി. എത്ര കൂലംകുശമായി ചിന്തിച്ചിട്ടും ശിവേട്ടന് ഒരു രൂപോം കിട്ടണില്ല. റൂമിലെ ബാക്കിയുള്ള മൂന്നു പേരും ആറുരീതിയിൽ ചിന്തിച്ചിട്ടും ഒന്നും മനസ്സിലാവണില്ല. എന്തായാലും ഇനി നിൽക്കാൻ പറ്റില്ല. അടി മേടിച്ചു പോണ്ടല്ലോ. തൊട്ടപ്പുറത്ത് പണി കഴിഞ്ഞ പുതിയ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ റൂം കിട്ടീത് തന്നെ വലിയ ഭാഗ്യം. പുതിയ റൂം ആയതുകൊണ്ടും. ആ റൂമിന് വേണ്ടി ആരും അഡ്വാൻസ് കൊടുക്കാത്തത് കൊണ്ടും കാര്യങ്ങൾ ശടപടാ താളത്തിൽ ശരിയായി. പക്ഷെ എന്താ സംഭവം എന്ന് അറിയാഞ്ഞിട്ടു ഒരു സുഖമില്ല എന്നാണ് ശിവേട്ടൻ പറയുന്നത്. നല്ല ചേട്ടനാർന്നു. ഇറക്കി വിടണേന് തൊട്ടു തലേന്ന് ഹാപ്പി ന്യൂഇയർ ഒക്കെ പറഞ്ഞതാ.. ഇപ്പൊ ഇങ്ങനെ ആയി.. ഞാൻ ഒന്ന് ആലോചിച്ചിട്ട് ഈവിധം കഥിച്ചു.."സംഭവം നടന്ന സമയത്ത് ഞാനില്ലാഞ്ഞതുകൊണ്ടും, ഞാൻ ഒരു ശുദ്ധൻ ആണെന്ന തെറ്റിദ്ധാരണ അവർക്ക് ഉള്ളതുകൊണ്ടും ഞാൻ ഒന്ന് മുട്ടി നോക്കാം" ശിവേട്ടൻ പറഞ്ഞു.."പോയി മുട്ട്.....തട്ട് കിട്ടാതെ നോക്കണേ ഡാ.." ആത്മവിശ്വാസം തകർക്കല്ലേ ഡോ തന്തേ ന്നും പറഞ്ഞു ഞാനിറങ്ങി.
ഞാൻ ഒന്നും അറിയാത്ത സിമ്പിൾ ഞാനായി കയറി ചെന്നു...തലേന്നത്തെ മനോരമ പത്രം വായിച്ചോണ്ടിരുന്ന ചേട്ടനെ നോക്കി ഒരു ഹാപ്പി ന്യൂ ഇയർ ഒക്കെ വിഷ് ചെയ്തു. പത്രം പതുക്കെ മടക്കി വെച്ച്, പുള്ളി എന്നോട് "എവിടാരുന്നു മുകളിൽ കണ്ടില്ലലോ ആഘോഷത്തിനോന്നും" എന്ന് ചോദിച്ചു. ഞാനൊന്ന് ഞെട്ടി.. അത് ശരി.. അപ്പൊ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന സത്യം പുള്ളിക്ക് അറിയില്ലായിരുന്നു. അടിപൊളി.. അത് കലക്കി.
ഞാൻ പറഞ്ഞു, "വീട്ടിൽ പോയിരുന്നു. ദേ ഇപ്പൊ വന്നെ ഉള്ളു.. വന്നപ്പോ ആരേം കണ്ടില്ല. താക്കോലും കണ്ടില്ല. ആക്ച്വലി എന്താ ഉണ്ടായത്". അതോടെ ശാന്ത സ്വരൂപനായ ആ പാവം മനുഷ്യൻ ചാടി എഴുന്നേറ്റു. "ആ കാര്യം ഇവിടെ മിണ്ടിപ്പോകരുത്."
ഞാൻ എഴുന്നേറ്റു രണ്ടു അടി പിന്നോട്ട് വെച്ചു . ആഹ. അത്രേം ധൈര്യോ? എന്നാ ഓടീട്ട് തന്നെ ബാക്കി കാര്യം. ഓടുന്നെനു മുൻപേ ഒരു ലാസ്റ്റ് ചോദ്യം പോലെ ഞാൻ ചോദിച്ചു.. "അല്ല ന്തെലും വൃത്തികെട് കാണിച്ചോ അവർ?" (ഞാൻ അന്ന് ഇല്ലലോ ഹി ഹി). ഒടനെ ചേട്ടൻസ് "വൃത്തികെടോ...ഹും, അന്ന് രാത്രി ഇവിടെ പടക്കൊകെ പോട്ടിച്ച് ആഘോഷിക്കുമ്പോ മുകളിൽ നിങ്ങളുടെ കൂട്ടുകാർ പാട്ടും കൂത്തും ആയിരുന്നു ഒരുമാതിരി വൃത്തികെട്ട ശബ്ദത്തിൽ. (ആ വാഴ്ത്തപ്പെട്ട ശബ്ദം എന്റെതായിരുന്നു) അതോക്കെ ഞങ്ങൾ സഹിച്ചു. വീട് (വീടെയ്..ഒരു മുറി. അതിനാണ്) തരുമ്പൊഴെ പറഞ്ഞിട്ടുണ്ട് മദ്യപാനം പാടില്ലെന്നു. അതും പുതുവർഷം അല്ലെന്നു കരുതി പോട്ടെന്നു വെച്ചു. പക്ഷെ, രാവിലെ ഒരുത്തൻ ടെറസിൽ നിന്ന് താഴെ മുറ്റമടിച്ചോണ്ടിരുന്ന എന്റെ ഭാര്യയുടെ മുതുകത്തു വാള് വെച്ചേക്കുന്നു. ആ *₹*#&₹#*^#&₹^*&(#^$#(^$... ഞാൻ വരെ വെച്ചിട്ടില്ല ഇന്നെ വരെ ഒരു വാൾ" അദ്ദേഹം വൈബ്രേഷൻ മോഡിൽ ആയിരുന്നു.... ഇടയ്ക്കു ജമ്പിംഗ് മോഡിലേക്ക് ഷിഫ്റ്റ് ആയി...
ന്റമ്മോ....ദിസ് ന്യൂ ഇയർ ഹാസ് ബികം സൊ ബൂട്ടിഫുൾ..!! ഇയാള് ബയോളജി ശരിക്കും പഠിച്ചിട്ടുണ്ട്...ഞാൻ പിന്നെ കൂടുതൽ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. വെളുക്കനെ ഒരു ചിരീം ചിരിച്ചു ഒരു സൊറീം പറഞ്ഞു പതുക്കെ ഇറങ്ങി നടന്നു.ആ മാന്യൻ അതിനു "കു"ൽ തുടങ്ങുന്ന എന്തോ ഒരു വാക്ക് പറഞ്ഞു. ഞാൻ ശ്രദ്ധിക്കാൻ പോയില്ല.. നമുക്കെന്ത് കാര്യം.
നിർവികാരനായി.. നിർചോരനായി (ഇവിടെ ചോര ഇല്ലാത്തവൻ എന്നർത്ഥം) പുതിയ റൂമിൽ എത്തിയ എന്റെയടുത്തു പാപ പങ്കിലശിഞ്ചിത മനസ്സോടെ ശിവേട്ടൻ വന്നിരുന്നു. "എന്താഡാ ? അങ്ങേരു വല്ലതും പറഞ്ഞോ??" ഞാൻ കേട്ട വിവരം അവിടെ പറയാൻ പറ്റില്ലലോ. കുരുത്തക്കെട് കിട്ടില്ലേ. ശിവേട്ടന്റെ പ്രായം ഞാൻ നോക്കണ്ടേ? "നിങ്ങളാരെങ്കിലും അന്ന് രാവിലെ വാള് വെച്ചിരുന്നോ???" പിന്നേം നിർവികാരനായി ഞാൻ ചോദിച്ചു.
ശിവേട്ടൻ തല ചെരിച്ചു മേൽപ്പോട്ടു നോക്കീട്ടു പറഞ്ഞു "ഡാ അതേയ്.. രാത്രിത്തെ പരിപാടി കഴിഞ്ഞു രാവിലെ വല്ലാത്തൊരു വിമ്മിഷ്ട്ടം ആയിരുന്നു.. ഒന്ന് വാളു വെച്ചപ്പോഴാ ഒരാശ്വാസം കിട്ടിയത്. അല്ല, അതിനിപ്പോ എന്താ??" ഞാൻ പറഞ്ഞു.. "ഹാ.. നിങ്ങൾ ആ ആശ്വാസ വാൾ കൊണ്ട് വെച്ചത് ലങ്ങേരുടെ ഫാര്യയുടെ മുതുകത്ത് ആയിരുന്നു..അത്രേ ഉള്ളൂ പ്രശ്നം." ഇത്രയും പറഞ്ഞിട്ട് ഞാൻ എന്റെ സ്ഥാവര ജംഗമങ്ങൽ അന്വേഷിച്ചു അകത്തേക്ക് കേറി... താമസം തുടങ്ങാൻ..!!
വാലിൻറെ ചെറ്യേ ഒരു കഷ്ണം : ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പ്പികം മാത്രം.. ൻറെ എഫ്ബി ഫ്രെണ്ട് ലിസ്റ്റിൽ ഇല്ല. സത്യം.
------------------------------------------------------------------
രഞ്ജിത്ത് മണ്ണാർക്കാട്